നന്മമരങ്ങൾ പെൺകുട്ടികളുടെ’ കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ?

322

Asha Susan

നന്മ മരങ്ങൾ രോഗികളെ സഹായിക്കുന്നത് ഒരു ജീവൻ നിലനിർത്താണല്ലോ എന്നോർത്തെങ്കിലും സമാധിനിക്കാം. പക്ഷെ ‘പെൺകുട്ടികളുടെ’ കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ?

രണ്ടു മനുഷ്യന്മാർ ഒരുമിച്ചു താമസിക്കാൻ തീരുമാനിക്കുന്നതാണല്ലോ വിവാഹം. അപ്പന്റെ (അമ്മയ്ക്ക് റോളില്ല) മടിക്കനം അനുസരിച്ചു അത് കൊഴുപ്പിക്കുന്നതു അവരവരുടെ സ്വാതന്ത്ര്യമെന്നും വെയ്ക്കാം. പക്ഷെ നാട്ടുകാര് പിരിവിട്ട് സ്വർണ്ണവും വിവാഹവസ്ത്രങ്ങളും വാങ്ങി സദ്യ ചിലവും നടത്തേണ്ടതിന്റെ ആവശ്യം?
ഇങ്ങനെയൊക്കെ നടത്തുന്ന കല്യാണത്തിൽ ആ പെണ്ണിന് തലനിവർത്തി പിടിച്ചു നിൽക്കാനാവുമോ?
പെൺകുട്ടി ഉണ്ടായാൽ അത്യാവശ്യം സ്ത്രീധനം കൊടുത്തു അതിനെ ‘കെട്ടി’ച്ചയക്കുന്നതാണ് മാതാപിതാക്കളുടെ ലക്ഷ്യമെന്നു കരുതുന്ന നമ്മുടെ നാട്ടിൽ, മോളെ പറഞ്ഞുവിടാനായി
നാട്ടുകാര് പിരിവിട്ട് കൊടുക്കുന്ന സ്വർണ്ണം വേണ്ടാന്നു വെയ്ക്കാൻ പെണ്ണിന്റെ വീട്ടുകാർക്ക് കഴിയില്ല , പറഞ്ഞുവിടണമല്ലോ (നിവർത്തികേട്‌).

പക്ഷേ ആരുടെയൊക്കെ മുന്നിൽ കൈനീട്ടിയിട്ടാണേലും വേണ്ടില്ല ഇത്രയെങ്കിലും വേണമെന്ന് ഡിമാന്റ് വെയ്ക്കുന്ന ചെക്കന്മാരൊക്കെ ഇന്നും ഇവിടെയുണ്ടെന്നു അറിയുമ്പോ അതിശയം തോന്നുന്നു , ഇല്ലേ പിരിവ് വേണ്ടിവരില്ലല്ലോ രണ്ട് ഒപ്പിൽ തീർന്നേനെ .

ആ പിരിവ് വെച്ച് പെൺകുട്ടിയെ പഠിപ്പിച്ചൊരു ജോലിക്കുള്ള അടിത്തറ ഇട്ടുകൊടുത്തൂടെ എന്ന വിശാലമായ ചോദ്യത്തിനൊന്നും നമ്മുടെ നിലവിലെ സാമൂഹ്യചുറ്റുപാടിൽ വലിയ കഴമ്പില്ലാത്ത കൊണ്ട് ചോദിക്കുന്നില്ല.

“നിന്റെ അപ്പനല്ലേ ആള്, നിന്റെ ആങ്ങള അങ്ങനെ ചെയ്തത് എന്താ, നിന്റെ വെല്യാപ്പന്റെ അനിയന്റെ വീട്ടുകാര് ഇങ്ങനെ ചെയ്തല്ലോ എന്ന് തുടങ്ങി നിന്റെ വീട്ടിലെ പട്ടി ആരെയോ കടിച്ചല്ലോ”
എന്നതിന് വരെ ദിവസവും വീട്ടുകാരെ വെച്ച് കുത്തി പറച്ചിലുകൾ കേൾക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളും. തമാശയ്ക്കും കാര്യത്തിനും ഭാര്യയെ ചൊറിയാൻ അവളുടെ വീട്ടുകാരെ ഉപയോഗിക്കുന്ന ഈ നാട്ടിലാണ് നാട്ടുകാരുടെ സഹായത്തോടെ കിട്ടിയ സ്വർണ്ണവും ഇട്ടു ഒരുപെണ്ണു കെട്ടികേറിചെല്ലുന്നതു.

ജോലി ഇല്ലാതെ മറ്റൊരു ജീവിതത്തിലേക്ക് കയറി ചെല്ലുന്ന പെണ്ണിന്, അഭിമാനം കാണിക്കാൻ ഏക ആശ്രയം അണിഞ്ഞു വരുന്ന സ്വർണ്ണത്തിലാണെന്ന ധാരണയിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ, വീട്ടുകാരുടെ ഊരും പേരും ഫോട്ടോയുമടക്കം പ്രസിദ്ധപ്പെടുത്തി കൊണ്ട് കിട്ടുന്ന സ്വർണ്ണവും പണവും വാങ്ങി നിങ്ങൾ പറഞ്ഞു വിടുന്ന ആ പെൺകുട്ടിയുടെ മാനസികാവസ്ഥ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചു നോക്കണം. കെട്ടികേറുന്ന വീട്ടിൽ അഭിമാനം പണയപ്പെടുത്തി പിന്നീടങ്ങോട്ട് ശബ്ദം ഉയർത്താനാവാതെ എന്തും സഹിച്ചും കേട്ടില്ലെന്നു വെച്ചും ജീവിക്കേണ്ടി വരുന്ന ഗതികേടിലേക്കാണ് നിങ്ങൾ അവളെ തള്ളിയിടുന്നത്.

കെട്ടിച്ചില്ലെങ്കിൽ അവനവന്റെ വീട്ടിലെ ദാരിദ്ര്യത്തിലും ആ കുട്ടി സമാധാനമായി ജീവിച്ചോളും, എന്നേലുമൊരു കൂട്ട് വേണമെന്ന് തോന്നുന്നുമ്പോൾ അത് സ്വയം കണ്ടെത്താനുള്ള അവകാശം അവൾക്ക് ‘കൊടുത്താൽ’ മതി. ഇനി കാർന്നോമ്മാരുടെ കാലശേഷം എന്താവുമെന്ന പേടികൊണ്ടാണേൽ നിങ്ങൾക്ക് വയസാം കാലത്തു സമാധാനമായി ചാവാൻ വേണ്ടി ചെറിയപ്രായത്തിലെ മകളെ ജീവനോടെ എരിതീയിൽ ഇടരുത് .

‘പെൺകുട്ടികളുടെ’ വിവാഹവും ഒരു സാമൂഹ്യനന്മയായതിനാൽ എല്ലാ നന്മമരങ്ങളും ഉത്സാഹിച്ചു ഇനിയും ഈ നന്മ ചെയ്യുമെന്നും, നന്മ മരത്തിന്റെ തണലിൽ നിൽക്കുവാൻ യാതൊരു ഉളുപ്പും ബുദ്ധിമുട്ടുമില്ലാത്ത കല്യാണചെക്കന്മാരുമുണ്ടേലും ഇവർക്ക് തട്ടിക്കളിക്കാൻ സ്വന്തം മകളെ വിട്ടുകൊടുക്കരുതെന്നേ മാതാപിതാക്കളോട് പറയാനൊള്ളൂ.