ചോദിക്കുന്നത് വിമാനത്താവളമല്ല, അടിസ്ഥാന സൗകര്യങ്ങളാണ്,1947 ൽ അല്ല ചോദിക്കുന്നതും, 2019 ലാണ്

0
168

Asha Susan

വയനാട്ടിൽ പതിനഞ്ചു വർഷം ഉണ്ടായിരുന്നപ്പോളൊക്കെ ചിന്തിച്ച കാര്യമാണ് എന്തുകൊണ്ട് വയനാട്ടിൽ സർക്കാർ വക വിദഗ്ധ ചികിത്സയ്ക്കു സൌകര്യമുള്ള ഹോസ്പിറ്റൽ ഇല്ലായെന്ന്. ഏതു ക്രിട്ടിക്കൽ കേസ് വന്നാലും കോഴിക്കോട്ടേയ്ക്ക് വേഗം കൊണ്ടുപൊയ്ക്കൊള്ളാൻ പറയും. അതിൽ പാതി ജീവനും ചുരത്തിൽ പൊലിയും. വർഷത്തിൽ ഒരിക്കൽ അല്ലേ രണ്ടുവർഷം കൂടുമ്പോഴാണ് സ്വന്തം വീടായ കോതമംഗലത്തേയ്ക്കുള്ള പരോൾ കിട്ടുക. മൂന്നാലു ജില്ലകള്‍ താണ്ടി പോവുമ്പോഴൊക്കെ ഞാനോർക്കും, ആ കുന്നിന്‍റെ മുകളിൽ ഉള്ളവരും മനുഷ്യരല്ലേ, താഴെ നാട്ടിൽ മെച്ചപ്പെട്ട സൗകര്യങ്ങളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടവയിലേക്ക് നീങ്ങുമ്പോ ജീവൻ നിലനിർത്താനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ആ കുന്നിൻ മുകളിലുള്ളത് സർക്കാർ കാണുന്നില്ലേ എന്നൊക്കെ.

Related imageവയനാട്ടിലെ ആദിവാസി ഊരുകളിലൂടെ, അതും നടവഴി മാത്രമുള്ള കിലോമീറ്ററുകള്‍ നീളുന്ന ഉൾവഴിയിലൂടെ നടന്ന് അവരെ കാണുമ്പോ നമ്മുടെ അസൗകര്യം മറക്കും, പിന്നെ തോന്നും ഇതൊക്കെ വെച്ചു നോക്കുമ്പോ നമ്മള് സ്വർഗ്ഗത്തിലാണല്ലോ എന്ന്. അവർക്കാണേൽ അവരിതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്നുള്ള നിസ്സംഗ മനോഭാവവും. ബത്തേരിയിൽ എല്ലാ മെഡിക്കൽ കേസും എടുക്കുന്ന ഒരു ഹോസ്പിറ്റൽ വന്നാൽ ഉപയോഗപ്പെടുന്നത് വയനാടിനു മാത്രമല്ല, ചെക്പോസ്റ്റിനപ്പുറം താമസിക്കുന്ന തമിഴ്‌നാട് ബോർഡറിലെ കർണ്ണാടക ബോർഡറിലെ ഒരുപാട് മലയാളികൾക്കും ഇതരസംസ്ഥാനക്കാർക്കുമായിരിക്കും.

ദേവർശോല, നാടുകാണി, ഗൂഡല്ലൂർ ഭാഗത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികളിലുള്ളവർക്ക് അങ്ങോട്ടേയ്ക്ക് ഊട്ടിയും ഇങ്ങോട്ടേക്ക് കോഴിക്കോടും അധികദൂരമാണ്. പിന്നെയുള്ളത് മേപ്പാടി വിംസ് മാത്രമാണ് അതൊക്കെ ദിവസക്കൂലിക്കാർക്ക് ബാലികേറാമലയും . വലിയൊരു ചെക്കപ്പിന് പോവുമ്പോൾ ബസ് യാത്ര കഷ്ട്ടം, ഇനി ടാക്സി പിടിച്ചാൽ ഇത്രയും ദൂരം ചാർജ്ജും സാധാരണക്കാർക്ക് താങ്ങില്ല. എന്തിനും ഏതിനും കോഴിക്കോട്ടേയ്ക്ക് റെഫർ ചെയ്യുമ്പോ പോവാതിരിക്കാനും പറ്റില്ലല്ലോ . വല്ലപ്പോഴും ഉല്ലാസത്തിനായി താഴെ നാട്ടിൽനിന്നു വരുന്നവരെ സന്തോഷിപ്പിക്കാനും അവർക്ക് പാർക്കാൻ കുറച്ചു റിസോർട്ടുകളും ഉണ്ടെന്നൊഴിച്ചാൽ അവിടെ ജനിച്ചു വളർന്ന സാധാരണക്കാരന് ആവശ്യമുള്ള കാര്യങ്ങളുടെ വികസമൊക്കെ ഒച്ച് ഇഴയുന്ന വേഗത്തിലാണ് .

Related imageതാഴെ നാട്ടിൽ കൂടുതൽ കൂടുതൽ വികസനം നടക്കുമ്പോൾ അതിന്‍റെ നാലിൽ ഒന്നെങ്കിലും അവിടെ വന്നിരുന്നേൽ ചുരത്തിൽ അവസാനിച്ച പല ജീവനുകളും ഇന്നിവിടെ ഉണ്ടായേനെ. രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് ചുരം കേറി അങ്ങോട്ട് ചെല്ലാറുള്ളൂന്നു അറിഞ്ഞിട്ടും ഒരു പരാതിയും കൂടാതെ നിങ്ങളെ വീണ്ടും വീണ്ടും അവർ വരവേൽക്കുന്നത് അവർ മണ്ടന്മാരായതു കൊണ്ടല്ല, മഴയോടും മഞ്ഞിനോടും മണ്ണിനോടും പൊരുതി അതിജീവിച്ച മനുഷ്യർക്ക് ഇത്തരം അസൗകര്യങ്ങളൊക്കെ ശീലമായിപ്പോയത് കൊണ്ടാണ്. ചോദിക്കുന്നത് വിമാനത്താവളമല്ല, അടിസ്ഥാന സൗകര്യങ്ങളാണ്. 1947 ൽ അല്ല ചോദിക്കുന്നതും, 2019 ലാണ്.