തനിച്ചായിപ്പോയ അമ്മയ്ക്കൊരു കൂട്ടുകാരൻ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് ദഹിക്കും?

363

Asha Susan

അമ്മയുടെ ലൈഫ്

“അമ്മ” എന്ന വാക്കിന് ഒറ്റയ്ക്കു നിൽക്കാൻ കഴിയാത്തപ്പോ മക്കളുടെ ലൈഫിനപ്പുറം അമ്മയ്ക്കൊരു ലൈഫുണ്ടോ, സന്തോഷമുണ്ടോ? ഒരു നല്ല അമ്മയ്ക്ക് അങ്ങനെയൊരു ജീവിതം കണ്ടെത്താനാവുമോ?

പതിനെട്ടുകാരിയായ ഒരു പെൺകുട്ടി ഡിവോഴ്സ്ഡ് ആയ അവളുടെ അമ്മയ്ക്കൊരു പാർട്ണർ വേണമെന്ന് അമ്മ പറഞ്ഞപ്പോൾ ഞെട്ടിത്തെറിച്ച് എന്‍റെയടുത്തു സംസാരിക്കാൻ വന്നപ്പോ എന്നോട് ചോദിച്ച ചോദ്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇതേ ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയ സ്ഥലത്താണ് കുഞ്ഞേ നീ വന്നതെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനതിനെ കേട്ടിരുന്നു.

അവളുടെയും അനിയന്‍റെയും കല്യാണം കഴിയുന്നത് വരെയെങ്കിലും അമ്മ ഞങ്ങളുടെ അമ്മ മാത്രമാവണം. അതുവരെ വേറെ വിവാഹം കഴിക്കരുത്. അച്ഛനുമായി പിരിഞ്ഞാലും അമ്മ ഞങ്ങളുടെ വീട്ടില്‍ (അവളുടെ അച്ഛന്‍റെ വീട്ടില്‍) തന്നെ നില്‍ക്കണം. ഇതാണ് എന്‍റെ ആവശ്യം. ഇതിനപ്പുറം താണ്ടി സ്വന്തം ലൈഫ് തേടി പോവുന്ന അമ്മയൊക്കെ മോശം സ്ത്രീയാണ്. നാട്ടിൽ എത്രയോ അമ്മമാർ കുട്ടികൾക്കു വേണ്ടി മാത്രമായി ജീവിക്കുന്നു. അവർ മറ്റൊരാളോടൊപ്പം ജീവിച്ചാൽ പിന്നെ ഞങ്ങളുടെ ഭാവി, ഞങ്ങൾ എങ്ങനെ നാട്ടിൽ ജീവിക്കും? ഞങ്ങളെ എങ്ങനെയാവും മറ്റുള്ളവർ നോക്കുക? ഞാനും നാളെ അമ്മയെ പോലെയാവുമെന്നു പറഞ്ഞു, കൊള്ളാവുന്ന വീട്ടിൽ നിന്നും എനിക്ക് കല്യാണം വരുമോ എന്നു തുടങ്ങി ഒരു പിടി ചോദ്യങ്ങൾ എനിക്ക് മുന്നിൽ ആ പെണ്‍കുട്ടി കുടഞ്ഞിട്ടു.

ഡിവോഴ്സ് എന്നു ഞാൻ ഉറപ്പിച്ചു പറയാൻ തുടങ്ങിയപ്പോൾ മുതൽ എന്‍റെ ചുറ്റിലുമായി രാവുംപകലുമില്ലാതെ പലരായി ചോദിച്ച അതേ കാര്യങ്ങൾ.

അവളുടെ പരാതിക്കെട്ടുകൾ കാലിയായപ്പോൾ ഞാനൊന്നു ശ്വാസം വലിച്ചു, എന്നിട്ടു സാവകാശത്തിൽ കേൾക്കാൻ പറഞ്ഞു കൊണ്ടു തുടങ്ങി.

എന്‍റെ അമ്മയാണ് എനിക്കു ലോകമെന്നു പറയുന്ന, എന്നെ അങ്ങനെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് പോറ്റിവളർത്തി എന്നൊക്കെ അവകാശപ്പെടുന്ന, അമ്മസ്‌നേഹം വാരിവിതറുന്ന എത്ര മക്കൾ അമ്മയുടെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടാവും?

അമ്മ ചെയ്യുന്ന “അമ്മജോലികൾ” കൃത്യമായി ചെയ്യാതായാൽ ഇതിൽ എത്രപേർക്ക് ആ സ്നേഹം കുറയാതെ നിൽക്കും? തനിച്ചായിപ്പോയ അമ്മയ്ക്കൊരു കൂട്ടുകാരൻ ഉണ്ടെന്നു പറഞ്ഞാൽ എത്രപേർക്ക് ദഹിക്കും? ആരെയും കൂട്ടാതെ ആരോടും പറയാതെ അമ്മയൊരു സിനിമയ്ക്ക് പോയാൽ നോർമലായി എടുക്കുന്ന എത്രമക്കളുണ്ടാവും?

എനിക്കു വേണ്ടി അമ്മ ജീവിക്കണമെന്നല്ലാതെ അമ്മയ്ക്ക് വേണ്ടിയും കൂടി ‘അമ്മ ജീവിക്കണമെന്ന് ചിന്തിക്കാൻ എത്ര മക്കൾക്ക് സാധിക്കും?

നാട്ടിൽ എത്രയോ അമ്മമാർ ഒറ്റയ്ക്കു മക്കൾക്ക് വേണ്ടി ജീവിക്കുന്നൂന്നു കൊച്ചു പറഞ്ഞു, പലരും ജീവിക്കുന്നു എന്നല്ല, അവരെ അങ്ങനെ തന്നെ ജീവിക്കാൻ സമൂഹം പ്രേരിപ്പിക്കുന്നു എന്നു വേണം പറയാൻ. ഭർത്താവ് മരിക്കുമ്പോഴേ കൂട്ടിനൊരാളെ തപ്പി ഇറങ്ങുന്നവൾ എന്നൊരു ചാപ്പ താങ്ങാൻ പറ്റാത്തതു കൊണ്ട്, അങ്ങനെയുള്ളവൾ പിഴയാണെന്നു കേട്ടു വളർന്ന പൊതുബോധത്തെ മറികടക്കാനുള്ള ബുദ്ധിമുട്ട്, മരിച്ചു പോയ ഭർത്താവിനോടുള്ള അനശ്വര പ്രണയം സമൂഹത്തെ ബോധിപ്പിക്കേണ്ട ഗതികേട്, നാട്ടുനടപ്പിനെ ധിക്കരിച്ചാൽ സ്വന്തം വീട്ടുകാര്‍ പോലും വെറുക്കുമെന്നുള്ള ഭയം, ഇങ്ങനെ നീണ്ടുനിവർന്നു കിടക്കുന്ന നൂറായിരം കടമ്പകൾ താണ്ടാൻ കഴിയാത്ത അമ്മമാരെ നോക്കി നമ്മുടെ സമൂഹവും മക്കളും പറയും, “മക്കൾക്കു വേണ്ടി ജീവിക്കുന്ന അമ്മ, ഞങ്ങൾ മക്കളാണ് അമ്മയുടെ ലോകം, അമ്മയെപ്പോലെ ഒരമ്മയെ കിട്ടിയതാണ് ഞങ്ങടെ പുണ്യം”!!!

അമ്മ മഹത്വം പാടിപ്പുകഴ്ത്തുന്ന മക്കൾ മനസ്സിലാക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യം അമ്മയും ഒരു മനുഷ്യജീവിയാണ് എന്നതാണ്. അമ്മയാവുന്നതോടെ അവരില്‍ നിന്നും അവരുടെയെല്ലാ ഇഷ്ടങ്ങളും സ്വപ്നങ്ങളും ചോർന്നു പോവില്ല, അവരൊരു നിർവികാര ജീവിയായി പരിണമിക്കുന്നില്ല. ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും അവർക്കും തോന്നും.

സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും അത് പങ്കിടാനും തളരുമ്പോ തനിച്ചല്ലെന്നു പറഞ്ഞു കൈയ്യിൽ മുറുക്കി പിടിക്കാൻ ഒരു കൂട്ടു വേണമെന്ന് ആഗ്രഹിക്കുന്നതും ഈ വികാരങ്ങളെല്ലാമുള്ള ഒരു മനുഷ്യജീവി തന്നെയാണ്; അമ്മ എന്ന ലേബൽ ഒട്ടിച്ച ജീവി. ആ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം അവളുടെയും അനിയന്‍റെയും വിവാഹം കഴിയുന്നത് വരെ ആ അമ്മ വിവാഹം കഴിക്കാതെ ഇരിക്കുന്നത് അവരുടെ ജീവിതത്തെ ഹോമാഗ്നിയില്‍ അര്‍പ്പിക്കുന്നതിനു തുല്യമാണ്. കുട്ടികളുടെ വിവാഹം കഴിയുന്ന സമയം അവര്‍ക്ക് ഏകദേശം 50-55 പ്രായം എങ്കിലും ആകും. അമ്മയുടെ സോ-കാള്‍ഡ് ചാരിത്ര്യശുദ്ധിയില്‍ ആണ് സമൂഹത്തിന്‍റെയും കുട്ടികളുടെയും കണ്ണുകള്‍ ഫോക്കസ് ചെയ്യപ്പെടുന്നത്! ആ കുട്ടിയുടെ അമ്മ ഡിവോഴ്സ് ചെയ്യാനുള്ള കാരണം തന്നെ അവളുടെ അച്ഛന്‍റെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനം മൂലം ആണെന്നും അവളും അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും കൂടി അവള്‍ പറയുന്നുണ്ട്! എന്നിട്ടാണ് അത്രയും പീഡനം പതിറ്റാണ്ടുകള്‍ ഏറ്റു വാങ്ങിയ അമ്മയെ ആ വീട്ടില്‍ തന്നെ നില്‍ക്കുവാനും മറ്റൊരു വിവാഹം കഴിക്കരുതെന്ന് പറയുവാനും ആ കുട്ടി പ്രേരിപ്പിക്കുന്നത്!

അമ്മയുടെ ആരോഗ്യമുള്ള കാലങ്ങളെല്ലാം മക്കൾക്കു വേണ്ടി ഒറ്റയ്ക്ക് ചിലവാക്കി ഒടുവിൽ മക്കളൊക്കെ അവരവരുടെ യൗവ്വനത്തിൽ സന്തോഷിക്കുമ്പോ പൊയ്പോയ കാലങ്ങളെ ഓർത്തു നെടുവീർപ്പിട്ട് ഒരു മൂലയിൽ ഒതുങ്ങേണ്ടുന്നതാണ് അമ്മ, അല്ലേൽ അതാണ് നല്ല അമ്മ എന്ന ധാരണ ഉണ്ടേൽ അതൊരു സ്വാർത്ഥത മാത്രമാണ്. സമൂഹത്തോടുള്ള പേടികൊണ്ട് അമ്മയെക്കുറിച്ച് ഒരുപക്ഷെ അമ്മ ഓർക്കാൻ ശ്രമിച്ചില്ലേലും അമ്മയെ ഓർക്കുന്ന ചുരുക്കം ചില മക്കളെങ്കിലും ഉണ്ടാവണം. സ്വാര്‍ത്ഥതയില്ലാത്ത യഥാർത്ഥ സ്നേഹം അതാണ്.

മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നതിനല്ല അമ്മ. അമ്മ ജീവിക്കുന്നതോടൊപ്പം മക്കളെ കരുതുന്നവളായിരിക്കണം എന്നേയുള്ളൂ. ഈ ലോകം അമ്മയ്ക്കും കൂടിയുള്ളതാണ്, മക്കൾക്ക് അവരുടെ ജീവിതം പോലെ പ്രധാനമാണ് അമ്മയ്ക്കും അമ്മയുടെ ജീവിതം.

ആ കുട്ടി അമ്മയുടെ ഭാഗത്ത് നിന്നും ചിന്തിക്കുമോ അല്ലെങ്കില്‍ അമ്മയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ വിലങ്ങുതടി ആകാതിരിക്കുമോ അതോ പഴയതുപോലെ ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ നടത്തി അമ്മയെ പിന്തിരിപ്പിക്കുമോ എന്നറിയില്ല, അന്ന് ഞങ്ങള്‍ സംസാരിച്ച ശേഷം ഇതുവരെ ആ കുട്ടി എന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. ആ അമ്മക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ സ്വന്തം ജീവിതത്തില്‍ ഇനിയെങ്കിലും നടപ്പാക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.