പെൺകുട്ടികളുടെ പ്രണയത്തിനോട് മാത്രമെന്താ ഇത്ര പേടി ?

123
Asha Susan
പെൺകുട്ടികളുടെ പ്രണയത്തിനോട് മാത്രമെന്താ ഇത്ര പേടി ?
ചോദ്യം മോന്റെയാണ് . ക്ലാസ്സൊക്കെ തീരാനായി കുട്ടികൾ സ്കൂളിനോട് വിടപറയുന്ന സമയമായപ്പോ മൂപ്പർക്കെന്തോ ഒരു വൈക്ലപ്പ്യം . ഇനി അവരെയൊക്കെ വല്ലാതെ മിസ്സാവില്ലേ എന്നുള്ള ആകുലത വീണ്ടും വീണ്ടും കേട്ടപ്പോ പരിഹാരമായി എല്ലാവരുടെയും വാട്സാപ്പ് നമ്പർ വാങ്ങി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂന്ന് ഞാനും പറഞ്ഞു .
“ഓ ഇതിപ്പോ അമ്മ പറഞ്ഞിട്ട് വേണാലോ എനിക്കറിയാൻ , എന്റമ്മേ ഞങ്ങൾ ബോയ്സിന് മാത്രമേ ഫോൺ ഉള്ളൂ പെൺകുട്ടികൾ എല്ലാവരും അവരുടെ അമ്മയുടെ ഫോണാണ് യൂസ് ചെയ്യുന്നത് , ചോദിച്ചപ്പോ പറഞ്ഞത് അവര് വല്ല പ്രണയത്തിലും ചെന്ന് ചാടുമൊന്നുള്ള വീട്ടുകാരുടെ സംശയം കൊണ്ടാണെന്നു.
അത് പറയുന്നതിനിടയിൽ ചോദിച്ച ചോദ്യമാണ് മുകളിൽ പറഞ്ഞത്
ആൺകുട്ടികളുടെ പ്രണയത്തോട് തോന്നാത്ത എന്ത് പേടിയാണ് പെൺകുട്ടികളുടെ പ്രണയത്തോടെന്ന്‌?
ഉത്തരം വളരെ സിമ്പിളാണ് .കാലാകാലങ്ങളായി പെൺകൊച്ചിന്റെ പ്രണയം അവളുടെ ശരീരവും കന്യകാത്വവുമായി ബന്ധപ്പെടുത്തി വെച്ചേക്കുന്നതാണ് . ആരും തൊടാത്ത ശരീരത്തെ വേണം കന്യാദാനമെന്ന കല്യാണച്ചടങ്ങിലൂടെ ഒരു ആണിന് ഹാൻഡ് ഓവർ ചെയ്യാൻ . അതുവരെ പെണ്ണിനെ ആരും തൊടാതെ പൊതിഞ്ഞു പിടിച്ചു സൂക്ഷിക്കേണ്ടത് വീട്ടുകാരുടെ ചുമതലയാണ് അതിന്റെ ഭാഗമാണ് ഇതൊക്കെ. അവർ കൊടുക്കുന്ന അത്യാവശ്യം സ്വാതന്ത്ര്യത്തിൽ അടങ്ങി ഒതുങ്ങി കല്യാണം വരെ പഠിക്കുക എന്നതു മാത്രമാണ് ‘കുടുംബത്തിൽ പിറന്ന’ പെൺകുട്ടികളുടെ ജീവിതത്തിന്റെ ആദ്യഘട്ടം .
മറ്റൊന്ന് ഒന്നിൽ കൂടുതൽ പ്രണയങ്ങളും ബ്രേക്കപ്പും ആണിന് ‘ആണത്വം’ തെളിയിക്കാനുള്ള ഉപാധിയാവുമ്പോ
പെണ്ണിനത് ‘പോക്ക് കേസ്’ എന്ന ബഹുമതി ചാർത്തി കൊടുക്കലാവും .എത്ര പുരുഷന്മാർ കൈവെച്ച ശരീരമാണെന്ന ധാരണയിൽ ഒരു സെക്കന്റ് ഹാൻഡ് വസ്തുവാവും പിന്നീടവൾ (അതുകൊണ്ടാണ് ഒരിക്കൽ വിവാഹം കഴിഞ്ഞ സ്ത്രീയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലാത്തതു ).
അതുകൊണ്ട് മക്കളൊക്കെ ഒരുപോലെയാണെലും പെണ്ണിന്റെ ശരീരത്തിനും പ്രണയത്തിനും നേരെ കൊമ്പ് മാത്രമല്ല കൂർത്ത പല്ലും നഖവുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികം .
നോർമലി ഇത്തരം കാര്യങ്ങൾ എപ്പോ ചർച്ചിച്ചാലും “അതൊക്കെ അമ്മയുടെ കാലത്തു ഇപ്പൊ അങ്ങനെയൊന്നും ഇല്ലെന്നു” പറഞ്ഞു തർക്കത്തിന് വരുന്ന പുള്ള ഇക്കുറി മൗനം പാലിച്ചു