ശബരിമല, അയോദ്ധ്യ വിഷയങ്ങളിൽ മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.

267

Asha Susan

അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ, ശബരിമലയിൽ യുവതിപ്രവേശനം വേണോ എന്നൊക്കെയുള്ള കാര്യത്തിൽ ‘മതമേ വേണ്ടെന്നു പറയുന്ന യുക്തിവാദികൾ (ചിലർ)’ എന്തിനു തലപുകയ്ക്കുന്നു എന്ന് ചിന്തിക്കുന്നവരോടും, അവിടെ ഉയരേണ്ടതു ലൈബ്രറിയാണെന്നു പറഞ്ഞു നിക്ഷ്പക്ഷതയുടെ മുഖംമൂടിയിട്ട് അരാഷ്ട്രീയം പറയുന്നവരോടും വളരെ ലളിതമായി പറഞ്ഞാൽ

മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.

1) ശബരിമല കേസിൽ
മദ്യം വാങ്ങാനും കഴിക്കാനും അനുവാദമുള്ള നാട്ടിൽ പുരുഷന് മാത്രം മദ്യം കഴിക്കാം, സ്ത്രീ കഴിക്കരുത് എന്നൊരു തിട്ടൂരം ഉണ്ടേൽ അവിടെ തെറ്റുന്നത് ഭരണഘടനയിലെ ലിംഗസമത്വവും ലിംഗനീതിയുമാണ്. മദ്യം വിൽക്കുന്നുണ്ടേൽ അത് കഴിക്കാൻ എല്ലാവർക്കും അനുവാദം കിട്ടണം, അതല്ല അതിനുള്ളിൽ പ്രായത്തിന്‍റെ വേലി കെട്ടുന്നുണ്ടേൽ അവിടെയും ഏതു ജെണ്ടറിനും ഒരുപോലെയാവണം. നിങ്ങളൊരു മദ്യവിരോധിയും മദ്യവർജ്ജന സമിതിയിൽ ഉണ്ടെങ്കിലും നിങ്ങളൊരു ജനാധിപത്യവാദിയാണേൽ നിങ്ങൾക്കതിൽ കൃത്യമായ നിലപാട് പറയാനുണ്ടാവും.
ലിംഗസമത്വം നടപ്പിലാക്കാൻ നാളെമുതൽ എല്ലാ സ്ത്രീകളും മദ്യപിക്കാനല്ല പറയുന്നത്, മദ്യപിക്കുന്ന അല്ലേൽ അതിനു താല്പര്യമുള്ള സ്ത്രീകൾക്ക് അതിനുള്ള അവകാശവും അവസരവും ഉണ്ടാവണം എന്നാണു. അപ്പോഴും നിങ്ങൾ മദ്യത്തിന്‍റെ ദൂഷ്യത പറഞ്ഞുകൊണ്ടേയിരിക്കണം കാരണം അതൊരു വിഷമായത് കൊണ്ട് തന്നെ.

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നു പറഞ്ഞു അടിച്ചമർത്തപ്പെട്ട ഒരു ജനതയിൽ നിന്നും വീണ്ടും അവരുടെ അവകാശങ്ങൾ അവഗണിച്ചു അവരോട് നീതിനിഷേധം കാണിക്കുകയല്ല വേണ്ടത്. മദ്യം വിൽക്കുന്നുണ്ടേൽ ‘താല്പര്യമുള്ളവർക്ക്’ വാങ്ങാനാവണം. ഇല്ലേല്‍ രാജ്യത്തതു നിർത്തലാക്കണം. മദ്യത്തിന്‍റെ ദൂഷ്യത തിരിച്ചറിഞ്ഞു സ്വയം ഉപേക്ഷിക്കുന്നതും തടഞ്ഞു വെയ്ക്കുന്നതും രണ്ടും രണ്ടാണ്. ജനാധിപത്യവും ഫാസിസവും പോലെ വ്യത്യസ്തം.

2) നാല് സുഹൃത്തുക്കൾ ചേർന്ന് ബാർ നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ ഒന്നിച്ചു വന്നു അതെല്ലാം നശിപ്പിച്ചു ഇനി മുതൽ ആ ഇടം അവരുടേതായണെന്നു പറയുന്നൂന്നു വെയ്ക്കുക. തർക്കത്തിന്‍റെ മൂലഹേതു മദ്യമായതിനാൽ അതിൽ നീതിയ്ക്ക് സ്ഥാനമില്ലെന്ന് ‘മദ്യം വിൽക്കുന്ന’ രാജ്യത്തു നിന്ന് ചിന്തിക്കുന്നത് അരാഷ്ട്രീയമാണ്. ന്യൂനപക്ഷമായ ആ നാലുപേരുടെ കൂടെയാണ് നിലവിലുള്ള തെളിവിന്‍റെ അടിസ്ഥാനത്തിൽ ന്യായമെന്നിരിക്കെ, അത് കിട്ടാതിരിക്കുന്നതു അനീതിയാണ്. ഒന്നുകിൽ അത് ഭൂരിപക്ഷത്തിന്‍റെ കൈയ്യിൽ ഇരിക്കട്ടെ അല്ലെങ്കിൽ രണ്ടുപേർക്കും വേണ്ട അവിടെ മറ്റെന്തെങ്കിലും പണിയാമെന്നു പറഞ്ഞാലും തുല്യനീതിയാവില്ല.
ബാറിന്‍റെ പേരിലുള്ള തർക്കത്തിന്‍റെ പരിഹാരവും അത് കൊടുത്തു തന്നെയാവണം അതില്ലെങ്കിൽ ഇനിമുതൽ രാജ്യത്തു ബാർ ഉണ്ടാവരുത്. ആ സ്ഥലം കിട്ടുന്നവർ അവർക്കിഷ്ടമുള്ളതു പോലെ അത് ഉപയോഗിക്കുന്നതും മറ്റുള്ളവർ നടപ്പാക്കുന്നതും രണ്ടും രണ്ടാണ്.
മദ്യനിരോധനത്തിലൂടെ മദ്യപാനം ഇല്ലാതാവില്ല അത് സ്വയം ഉപേക്ഷിക്കേണ്ട ഒന്നാണ്.

ഉദാഹരണം മാറ്റി വിഷയത്തിലേക്ക് തിരിച്ചു വന്നാൽ
മതമുള്ള മതം അനുഷ്ഠിക്കാൻ അവകാശമുള്ള
ഒരു ജനാധിപത്യ രാജ്യത്തു മതത്തിന്‍റെ ആചാരത്തെക്കാളും വിശ്വാസത്തെക്കാളും പ്രധാനം രാജ്യത്തിന്‍റെ നിയമവും നിയമം അനുശാസിക്കുന്ന ലിംഗനീതിയുമാണ്. മതത്തിൽ യുക്തിയില്ലെങ്കിലും മതത്തെ ചൊല്ലിയുള്ള തർക്കത്തിൽ എടുക്കുന്ന തീരുമാനത്തിൽ വിശ്വാസത്തിനല്ല യുക്തിയ്ക്കാണ് മുൻ‌തൂക്കം നല്‍കേണ്ടത്
വിശ്വാസമല്ലേ എല്ലാം എന്നാണേലും നിയമത്തിൽ വിശ്വാസം മാത്രമാവരുത് എല്ലാം .