എന്നെ തൊടാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിയമം പറഞ്ഞു കൊണ്ടുതന്നെ തനിക്ക് പറയാനുള്ളത് ഉച്ചത്തിൽ വിളിച്ചു പറയുന്ന പെൺപോരാളി

208
Asha Susan

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും പെൺകുട്ടികൾ തെരുവിൽ തീർക്കുന്ന പോരാട്ടങ്ങൾ ?

കഴിവില്ലാത്തവരെന്നും, പെൺബുദ്ധി പിൻബുദ്ധിയെന്നും പറഞ്ഞു പുരുഷന്റെ പിന്നിലൊളിപ്പിച്ചിരുന്ന അതേ പെണ്ണിന്റെ പിൻതലമുറക്കാർ മുഴുക്കുന്ന ഇങ്കുലാവുകൾ കേട്ട് പാട്രിയാർക്കിയുടെ കോട്ടകൾ ഞെട്ടിവിറയ്ക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ ? റോസാപ്പൂ കൊടുത്തു സമാധാനത്തിന്റെ വെള്ളരിപ്രാവ് ആവുന്നതു മുതൽ ആയുധധാരികൾ കൂട്ടത്തിൽ ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ വിരൽ ചൂണ്ടി ഗോ ബാക് വിളിക്കാനും വിശക്കുന്നവനു പുഞ്ചരിയോടെ ബിസ്ക്കറ്റ് കൊടുക്കുന്ന പിടിച്ചു നീക്കാൻ വരുന്ന പോലീസുകാരോട് എന്നെ തൊടാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിയമം പറഞ്ഞു കൊണ്ടുതന്നെ ഒറ്റയ്ക്ക് നിന്ന് തനിക്ക് പറയാനുള്ളത് ഉച്ചത്തിൽ വിളിച്ചു പറയുന്ന നിയമത്തിലൂടെ തന്നെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഭരണഘടനാ മൂല്യങ്ങൾ ആയുധമാക്കി ചരിത്രം രചിക്കുന്ന പെൺപോരാളികളെ നമ്മുടെ നാട് ഒരുപാട് കണ്ടു .

പക്ഷെ ഇതൊക്കെയാണേലും നാളെ സമാധാനത്തോടെയുള്ള പുലരി പിറന്നാൽ ആ ചരിത്രബുക്ക് അലമാരയിൽ വെച്ച് പൂട്ടും . തനിയാവർത്തനം പോലെ വീണ്ടും. വനിതാ സംവരണം ഉള്ളടിതു മാത്രമേ സ്ത്രീയെ മത്സരിപ്പിക്കാൻ നിർത്തൂ (ഗതികേട് കൊണ്ട് ) മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടങ്ങി ബുദ്ധിയും , കാര്യപ്രാപ്തിയും നേതൃത്വപാടവും വേണ്ടിടത്തേയ്ക്കൊക്കെ പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും നമ്മുടെ സമൂഹത്തിനു ഇനിയും പറ്റില്ല . ശാസ്ത്ര രംഗത്ത് എത്ര സ്ത്രീകളുണ്ട് ? എന്തുകൊണ്ട് കണ്ടുപിടുത്തങ്ങളൊന്നും സ്ത്രീയുടെ പേരിലില്ല എന്തുകൊണ്ട് പുരുഷനോടൊപ്പം മത്സരിക്കാൻ സ്ത്രീയ്ക്ക് ധൈര്യമില്ല തുടങ്ങിയ ബുദ്ധിജീവികളുടെ ചോദ്യം മുതൽ മതിലിൽ പേരെഴുതി മൂത്രമൊഴിക്കാൻ പെണ്ണിന് പറ്റില്ലല്ലോ എന്ന സാധാണക്കാരന്റെ ചോദ്യങ്ങളിലൂടെ പെണ്ണിനെ രണ്ടാം തരമാക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരിക്കും. കക്ഷി രാഷ്ട്രീയ മത ഭേദമന്യേ പുരുഷൂസ്‌ അടിയുറച്ചു വീണ്ടും വിശ്വസിക്കും. “സ്ത്രീയ്ക്ക് ബുദ്ധിയും ബോധവും കുറവാണെന്നും അതുകൊണ്ട് അവളെ പോറ്റിപുലർത്തേണ്ടതും സംരക്ഷണാർത്ഥം അടക്കിനിർത്തേണ്ടതും പുരുഷന്റെ ചുമതലയാണെന്ന്”

Advertisements