നമ്മുടെ പെണ്‍കുട്ടികൾക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് …

0
763

Asha Susan

ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ പെണ്മക്കളുള്ള മാതാപിതാക്കളോട് ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് നമ്മുടെ പെണ്‍കുട്ടികൾക്കതു സംഭവിക്കരുതെന്ന ആഗ്രഹത്തിൽ നിന്ന് ചില ഓർമ്മപ്പെടുത്തൽ.

1) നീയൊരു പെണ്ണായതു കൊണ്ട് അങ്ങനെ പാടില്ല ഇങ്ങനെ പാടില്ല എന്ന അരുതുകളും പെണ്ണായതു കൊണ്ട് ഇങ്ങനെയേ പാടൂവെന്ന കല്പനയും വെയ്ക്കരുത്. ഓടാനും ചാടാനും മരം കേറാനും സൈക്കിൾ ചവിട്ടാനും നീന്താനും എന്ന് തുടങ്ങി കാലിനു ചലന സ്വാതന്ത്ര്യമുള്ള സുരക്ഷിതത്വം ഫീലാവുന്ന വസ്ത്രം ഇടീപ്പിച്ചു വളർത്തണം.

2) ശരീരത്തെ കുറിച്ചുള്ള യാതൊരു പേടിയും അപകർഷത ബോധവും അവരിൽ വളർത്തരുത്.

3) കലാവാസനകളോടൊപ്പം സ്വരക്ഷയ്ക്കും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ആത്മവിശ്വാസം കിട്ടാനും ഒരു ആയോധനകലയും നീന്തലും നിർബന്ധമായും പഠിപ്പിച്ചിരിക്കണം.

4) നല്ല സ്പർശനം, മോശം സ്പർശനം തുടങ്ങി ആർത്തവമെന്ന ജൈവിക പ്രക്രിയെകുറിച്ചും അതിന്‍റെ പേരിൽ യാതൊരു അപകർഷതയും ഉണ്ടാവാത്ത രീതിയിൽ വളരെ നോർമലായി അതിനെ എടുക്കാനും പഠിപ്പിക്കണം.

5) ടീനേജിലേക്ക് കടക്കുമ്പോ ശരിയായ ലൈംഗീക വിദ്യാഭ്യാസം മാതാപിതാക്കളുടെ വായിൽ നിന്ന് തന്നെ കിട്ടണം. അങ്ങനെയെങ്കിൽ ഭാവിയിൽ അവർക്ക് സംഭവിക്കുന്ന ഏതൊരു മോശം അനുഭവവും നമ്മളോട് തുറന്നു സംസാരിക്കാനുള്ള ധൈര്യവും അവർക്കുണ്ടാകും.

6) എല്ലാ കുട്ടികളുടെയും ബുദ്ധിശക്തിയും ഓർമ്മശക്തിയും വ്യത്യസ്തമാണെന്നും അതുകൊണ്ട് പഠനത്തിൽ പിന്നോക്കം പോയാലും പരിശ്രമം കൊണ്ട് മറികടക്കാൻ ശ്രമിക്കണമെന്നും, ഒന്നും ഒന്നിന്‍റെയും അവസാനമല്ലെന്നും മറ്റൊന്നിന്‍റെ ആരംഭമാണെന്നും ബോധ്യപ്പെടുത്തി വിജയത്തെ ആഘോഷിക്കാൻ മാത്രമല്ല തോൽവിയെ ആത്മവിശ്വാസത്തോടെ നേരിടാനും അവരെ പ്രാപ്തരാക്കണം.

7) വിവാഹം കഴിഞ്ഞു കുഞ്ഞിനേയും കുടുംബത്തെയും നോക്കിക്കൊണ്ടു ചെയ്യാൻ പറ്റുന്ന ജോലിക്കുള്ള കോഴ്സ് നോക്കി നിങ്ങൾ തിരഞ്ഞെടുക്കുന്നതാവരുത് അവർ പഠിക്കേണ്ടത്. മറിച്ചു എന്താവാനാണോ കുട്ടിക്കാലം മുതൽ അവർ ആഗ്രഹിക്കുന്നത് അത് കയ്യെത്തിപ്പിടിക്കാൻ കട്ടയ്ക്ക് കൂടെ നിൽക്കണം.

8) സ്വന്തം സെക്ഷ്വല്‍ ഒറിയന്‍റെഷന്‍ തിരിച്ചറിയുമ്പോള്‍ ഒട്ടും അപകര്‍ഷതയോ ഭയമോ കൂടാതെ അതിനു അനുസരിച്ച് സമൂഹത്തില്‍ ജീവിക്കുവാനുള്ള ധൈര്യവും വിവേകവും നേടിയെടുക്കണം.

9) വളർച്ചയുടെ ഒരു ഘട്ടത്തിലും വിവാഹമൊരു ലക്ഷ്യമായി മുന്നിലോട്ട് വയ്ക്കരുത്. അതൊരു ലക്ഷ്യമേയല്ലെന്നു മനസ്സിലാക്കിക്കണം.

10) ഇനി വിവാഹത്തോട് താല്പര്യമുള്ള കുട്ടികളോട് പറയണം പഠിച്ചു ജോലി വാങ്ങി സ്വന്തമായി അദ്ധ്വാനിച്ചു ജീവിച്ചു കാണിച്ചിട്ട് അതിനെക്കുറിച്ച് ആലോചിക്കാമെന്നു.

11) സ്വന്തം സാമ്പത്തികസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് നാടും നഗരവും കായലും കടലും എന്ന് തുടങ്ങി പറ്റാവുന്നത്ര യാത്രകളും കാഴ്ച്ചകളും സമ്മാനിക്കണം.

12) സ്ത്രീധനം എന്നത് അവളുടെ ജോലിയും അവളുടെ സ്വയംപര്യാപ്തതയും വ്യക്തിത്വവും മാത്രമാവണം.

13) സമൂഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി സ്വന്തം സന്തോഷത്തെ തല്ലിക്കെടുത്തരുത്. സ്വയം ബോധ്യപ്പെടുത്തി ശരിയും തെറ്റും തിരിച്ചറിഞ്ഞു ജീവിക്കാൻ പഠിപ്പിക്കണം.

14) സന്തോഷങ്ങൾ ആരും കൊണ്ടുവന്നു തരില്ലെന്നും അത് നമ്മൾ കണ്ടെത്തണമെന്നും, അതിനു സാമ്പത്തിക സ്വാതന്ത്ര്യം വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്നും, നമ്മുടെ സന്തോഷത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ, ശരീരത്തിന്‍റെ എന്ന് തുടങ്ങി ഒന്നിന്‍റെയും താക്കോൽ മറ്റൊരാളെ (അത് ഭർത്താവായാലും കാമുകനായാലും മാതാപിതാക്കളായാലും) ഏൽപ്പിക്കരുത്.

15) അന്ധവിശ്വാസവും അശാസ്ത്രീയതയും കുത്തിവെയ്ക്കാതെ തെളിവായി ചിന്തിക്കാനും സമൂഹത്തിന്റെ റിയാലിറ്റിയെ മനസ്സിലാക്കി കൊടുക്കാനുമാവണം.
ഒരു ചങ്ങലകിലുക്കവും ഇല്ലാതെ അവൾ അവളായി വളർന്നു പാറിപ്പറന്നു ജീവിതം ജീവിച്ചു തീർക്കാനാവണം.