കുട്ടികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വമല്ല, അവർ സമൂഹത്തിന്റെ കൂടി സ്വത്താണ്

419

Asharani Lakshmikutty

ജോലിക്ക് പോകുന്ന അച്ഛനമ്മമാരുളള കുട്ടികളുടെ സുരക്ഷയെ കരുതി പല വികസിത രാജ്യങ്ങളിലും സ്കൂൾ അവേഴ്സിനു മുമ്പും പിമ്പും (രാവിലെയും വെെക്കീട്ടും) കുട്ടികളെ നോക്കുന്ന കെയർ സെന്ററുകളുണ്ട്. ഏത് പ്രായത്തിലുളള സ്കൂൾ കുട്ടികളേയും അവിടെ പ്രവേശിപ്പിക്കും.മിക്കവാറും സ്കൂളിനോട് ചേർന്ന് തന്നെ ഒരു അധിക ക്ളാസ്മുറിയാണ് ഇത്.

അച്ഛനമ്മമാർ ജോലി കഴിഞ്ഞ് വരുന്ന സമയമോ , ഇനി സ്കൂൾ സമയത്തിന് മുമ്പ് ജോലിക്ക് പോകണമെങ്കിലോ ഇവിടെ ആക്കിയാൽ മതി. കുട്ടികളുടെ പഠനം ഫിസിക്കൽ ആക്റ്റിവിറ്റീസ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്ന എഡ്യൂക്കേറ്റഴ്സ് /കെയറർ ഉണ്ട്. കുട്ടികൾ സുരക്ഷിതരും സന്തോഷമുളളവരുമായി അവിടെ ഉണ്ടാകും. കൂടാതെ അവധി ദിവസങ്ങളിലും ഈ സൗകര്യം ലഭ്യമാണ്‌. പ്രത്യേകമായി ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് ഇത്. കുട്ടികൾ ഉണ്ടെന്ന് കരുതി ജോലി രാജിവയ്ക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ ഇത്തരം കെയർ ഫെസിലിറ്റി ഉപയോഗിക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ ഗ്രാന്റും നൽകും. എന്തൊരു ആശ്വാസമാണത്.

വാളായാർ ഉൾപ്പടെ പലയിടത്തും ലെെംഗീക ചൂഷണത്തിന് ഇരയായ കുട്ടികൾ സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കുട്ടികളാണ്. ഒരുദിവസം പണി മുടങ്ങിയാൽ പട്ടിണിയാകുന്ന വീടുകൾ. മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തിലാണ് ധെെര്യമായി ഇവിടേക്ക് abusers കടന്ന് വരുന്നത്. കൂടാതെ പലതരത്തിലുള്ള marginalisation കാരണം ഇത്തരം പീഡനങ്ങൾ അറിഞ്ഞാലും തടയാനോ പരാതിപ്പെടാനോ പോലും പറ്റാത്ത അവസ്ഥയാകും പല കുടുംബങ്ങൾക്കും. നിയമവും പോലീസും ഇവിടെ ആർക്കുവേണ്ടിയാണന്നത് പകൽ പോലെ വ്യക്തമായ സ്ഥിതിക്ക് അതിനെ പറ്റി എന്തെങ്കിലും പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

കുട്ടികൾ അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വമല്ല . അവർ സമൂഹത്തിന്റെ കൂടി സ്വത്താണ് അതുകൊണ്ട് തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും, ലെെംഗീക ആക്രമണങ്ങൾ ഉൾപ്പടെ എല്ലാത്തിൽ നിന്നുളള സുരക്ഷയും ഉറപ്പാക്കാൻ സ്റ്റേറ്റിന് ഉത്തരവാദിത്വം ഉണ്ട്.

മറ്റ് നാടുകളിൽ പിന്തുടരുന്ന ഈ രീതി -കെയർ സെന്ററുകൾ- എന്തുകൊണ്ട് നമ്മുടെ നാട്ടിലും തുടങ്ങി കൂട? . സ്കൂളിനോട് ചേർന്ന് തന്നെ അല്ലെങ്കിൽ സ്കൂളിന്റെ ഒരു ഭാഗം ഇത്തരം സെന്ററുകളായി ഉപയോഗിക്കാമല്ലോ. കുടുംബ ശ്രീ പോലെയുള്ള ഏതെങ്കിലും സംഘടനകൾക്കും ഇത്തരം സൗകര്യം ഏറ്റെടുക്കാമല്ലോ.

സുരക്ഷിതവും അടച്ചുറപ്പും ഇല്ലാത്ത വീടുകളിൽ ഒറ്റക്കാവുന്ന കുട്ടികൾ കൂടുതൽ അപകടകരമായ അവസ്ഥയിലാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അവരെ സുരക്ഷിതരാക്കുക എന്നതും കൂടി വാളയാർ കുട്ടികളുടെ നീതിയിൽ ഉൾപ്പെടും എന്ന് തോന്നുന്നു.