പ്രത്യൂല്പപാദന പ്രക്രിയിൽ സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഭൂരിപക്ഷം സ്ത്രീകൾക്കും ഇതുവരെ ലഭിച്ചിട്ടില്ല

138

Asharani Lakshmikutty

ആറു പ്രസവിച്ചതിന് ആ അമ്മയ്‌ക്കെതിരെ സ്ത്രീകൾ ഉൾപ്പടെ പലരും സംസാരിക്കുന്നത് കണ്ടു. ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവർ എന്തിന് പ്രസവിക്കുന്നു എന്ന മട്ടിൽ.

ഒന്നാമതായി പ്രത്യൂല്പപാദന പ്രക്രിയിൽ സ്വന്തമായി തീരുമാനം എടുക്കാനോ, അല്ലെങ്കിൽ അത്തരം തീരുമാനങ്ങളിൽ പങ്കാളിത്തതിനോ ഉളള അവകാശം ഭൂരിപക്ഷം സ്ത്രീകൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഗർഭം പ്രസവം കുഞ്ഞിനെ പരിപാലിക്കൽ എന്നിവയിൽ പൂർണ്ണസമയവും, അധ്വാനവും ചിലവഴിക്കുന്നത് സ്ത്രീകൾ ആയിരുന്നിട്ടും.. ഗർഭം, ഗർഭനിരോധനം, ഗർഭഛിദ്രം ഇത്തരം കാര്യങ്ങളിൽ സ്ത്രീകളിൽ എത്ര ശതമാനത്തിന് സ്വതന്ത്ര തീരുമാനം എടുക്കാനുളള അവകാശമുണ്ട് എന്ന സാമൂഹ്യ യാഥാർത്ഥ്യം ചർച്ചചെയ്യാത ഒരിടത്ത് പോറ്റാൻ കഴിവില്ലായ്മയെ കുറ്റപ്പെടുത്തി പ്രസവിച്ചവളെ കുറ്റപ്പെടുത്തുമ്പോൾ മറുവശത്ത് കുടുംബത്തിന് പോറ്റാൻ കഴിവുണ്ട് എന്നപേരിൽ സ്ത്രീകളെ പ്രസവിക്കാൻ നിർബന്ധിക്കുന്ന സമൂഹവും മത സ്ഥാപനങ്ങളും..

മതമേലധ്യക്ഷൻമാരുടേയും പുരോഹിതരുടേയും വാക്കുകേട്ട് പ്രസവത്തിന്റെ നമ്പർ കൂട്ടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ച് വരുന്നുണ്ട്. പണം ഉണ്ടെങ്കിൽ കുട്ടികളെ പ്രസവിക്കുന്നത് തെറ്റില്ല എന്നാണ് ഇത്തരം പല സ്ത്രീകളും അവരുടെ പുരുഷന്മാരും പറഞ്ഞ് കേട്ടിട്ടുളളത്.
യഥാർത്ഥത്തിൽ അതിൽ വല്ല ന്യായവും ഉണ്ടോ? ജനസംഖ്യ കൂടിയ വിഭവങ്ങൾ കുറവായ ഒരു രാജ്യത്ത് ഇത്തരം രീതികൾ എത്രമാത്രം ശരിയാണ്. കൂടാതെ പണക്കാരന്റെ മക്കൾ വിഭവങ്ങൾ ധൂർത്തടിക്കുമ്പോൾ പാവപ്പെട്ടവന്റെ കുഞ്ഞുങ്ങൾ മണ്ണു വാരി തിന്നേണ്ടി വരും.

ആറുമക്കളെ ശിശുക്ഷേമ സമിതിക്ക് കെെമാറേണ്ടിവന്ന അമ്മയോട് നിങ്ങൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാമായിരുന്നില്ലെ, ഭർത്താവിനെ വിട്ട് ഒാടിപ്പോകാമായിരുന്നില്ലെ എന്നൊക്കെ ചോദിക്കുന്നവർ മറുവശത്ത് ഇത്തരം നിരോധന മാർഗ്ഗളെ പാപമായി കരുതുന്ന മതങ്ങളേയും ഡൊമസ്റ്റ്ക്ക് വയലൻസുകൾ സ്ത്രീകൾ ക്ഷമകൊണ്ട് മറികടക്കണം എന്ന് പറയുന്ന നിലനിൽക്കുന്ന സാമൂഹ്യ മൂല്യബോധങ്ങളേയും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?

പ്രസവങ്ങളുടെ എണ്ണം കുറച്ചത്, സൗകര്യപ്രദവും വിശ്വാസയോഗ്യവുമായ ഗർഭ നിരോധന മാർഗ്ഗങ്ങളുടെ കണ്ടുപിടുത്തവും ഉപയോഗവും, നിയമപരമായ ഗർഭഛിദ്രത്തിനുളള അവകാശം ഇവ സ്ത്രീ ജീവിതത്തിലെ പുരോഗതിയുടെ നാഴികകല്ലുകളായി അടയാളപ്പെടുത്തേണ്ടവയാണ്. വീടിനു പുറത്തേക്ക് ഇറങ്ങാനും വിദ്യാഭ്യാസം ജോലി പൊതുപ്രവർത്തനം ഇവയിൽ മുഴുകാനും, സ്വന്തം ആയുസ്സ് നീട്ടി കിട്ടാനും പ്രസവങ്ങളുടെ എണ്ണം കുറഞ്ഞത് സ്ത്രീയെ സഹായിച്ചിട്ടുണ്ട്.

അതിനപ്പുറം ഒരു വശത്ത് കൂടുതൽ പ്രസവിച്ച സ്ത്രീയെ കൊണ്ട് സൂപ്പർ വുമൺ കളിപ്പിക്കുന്ന, വടിവൊത്ത ശരീരത്തിനും എത്രപെറ്റാലും ‘പയറുപോലെ നടക്കാൻ’ ഉളള സമ്മർദ്ദ പരിപാടിയും മറുവശത്ത് മക്കൾ പട്ടിണികിടക്കുന്നതിന് അമ്മയെ തെറിവിളിക്കുന്ന പരിപാടിയും വെറും ആണത്ത ആഘോഷമല്ലാതെ അല്ലാതെ മറ്റെന്താണ്.