സിപിഎം നെ സംബന്ധിച്ച് സ്വന്തം ശവക്കുഴി തോണ്ടുന്ന തീരുമാനം ആണ് സവർണ്ണ സംവരണം.

56

“നിങ്ങൾ അദ്ധ്യാപകരായി നൂറു പേരെ തെരഞ്ഞെടുക്കുമ്പോൾ അതിലൊരാൾ പോലും പട്ടികജാതിക്കാരനാകാതെയിരിക്കുകയും, എന്നാൽ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോൾ നൂറിൽ തൊണ്ണൂറ്റി അഞ്ചു പേരും പട്ടികജാതിക്കാരാവുന്നതും എടുത്തു കാണിക്കുന്നത് സമൂഹത്തിൽ നീതി നടപ്പിലാക്കിയിട്ടില്ല എന്നാണ്. ഈ നീതി നടപ്പിലാക്കുക എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്, അല്ലാതെ സംവരണം എന്നതൊരു ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയല്ല”.
– സണ്ണി എം. കപിക്കാട്

 

Asharani Lakshmikutty എഴുതുന്നു 

സിപിഎം നെ സംബന്ധിച്ച് സ്വന്തം ശവക്കുഴി തോണ്ടുന്ന തീരുമാനം ആണ് സവർണ്ണ സംവരണം.

സിപിഎം ന്റെ നേതൃനിര സവർണ്ണ ഭൂരിപക്ഷം ആണെങ്കിലും വോട്ടർമാരും അണികളും ഭൂരിപക്ഷം ദലിത്-പിന്നാക്ക ജനതയാണ്. നായന്മാരും സവർണ്ണ കൃസ്ത്യാനികളും വളരെ ചെറിയ ശതമാനമാണ് സിപിഎം ന്റെ വോട്ട് വിഹിതത്തിൽ ഉളളത്. ഫേസ്ബുക്കിൽ ഉൾപ്പടെ ഇടത് നാവുകളാകുന്ന സവർണ്ണരുടെ പലരുടേയും കുടുംബങ്ങൾ പോലും ഇടതുപക്ഷത്ത് വോട്ട് ചെയ്യാറില്ല എന്നതാണ് യാഥാർത്ഥ്യം.

പ്രത്യക്ഷത്തിൽ സാമ്പത്തിക സംവരണം ഒരു ഇടതുപക്ഷ നിലപാട്- വർഗ്ഗബോധ നിലപാട് ആണെന്ന് തോന്നുമെങ്കിലും അത് അങ്ങനെയല്ല. ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ ജാതിയേയും അത് ഉത്പാദിപ്പിക്കുന്ന ശ്രേണിബദ്ധമായ അധികാരങ്ങളേയും കണക്കിലെടുക്കാതെ കേവലം സാമ്പത്തിക അവസ്ഥ മാത്രം മാനദണ്ഡമായി എടുക്കുന്നത് അസംബന്ധമാണ്. ഒരു നമ്പൂതിരിക്ക് ഒരിക്കലും മനസ്സിലാകാത്ത എന്നാൽ അയാൾ അനുഭവിക്കുന്ന ഒന്നിനെ പറ്റി ബോധം ഉണ്ടാകണമെങ്കിൽ ഉയർന്ന ചിന്താ മണ്ഡലം വേണം അത് ഭൂരിപക്ഷം സവർണ്ണ മനസ്സുകളിലും ഇല്ല. അതുകൊണ്ട് സാമ്പത്തിക സംവരണത്തിന് ഒരുപാട് ന്യായങ്ങൾ അവരുടെ പക്കൽ ഉണ്ടാകും.

സംവരണം എന്നത് സാമൂഹ്യ നീതി ഉറപ്പാക്കുനുളള ഭരണ ഘടന വ്യവസ്ഥയാണ് . പ്രാതിനിധ്യം എന്നതാണ് പ്രധാനം. . നിലവിൽ തന്നെ സവർണ ഭൂരിപക്ഷ ഇടങ്ങളിലേക്ക് വീണ്ടും അവരെ തന്നെ തിരുകി കയറ്റുന്ന പരിപാടിയാണ് സവർണ്ണ സംവരണം . അത് യഥാർത്ഥത്തിൽ കുറക്കുക ദലിത്- പിന്നാക്ക- ആദിവാസി ജനങ്ങളുടെ പ്രാതിനിധ്യം തന്നയാകും. ദലിത് പിന്നാക്ക ഇടങ്ങളിൽ നിന്ന് വളരെ കുറച്ച് ശതമാനം ആണെങ്കിലും ജനറൽ മെറ്റിറ്റിൽ മത്സരിക്കാൻ എത്തുന്നതിന്റെ വേവലാതികളാണ് കൊണ്ടുപിടിച്ച സവർണ്ണ സംവരണ തീരുമാനത്തിന് പിന്നിൽ. ഇന്ത്യയാകമാനം ഇത് സംഘ്പരിവാറിന്റെ അജണ്ടകളിലൊന്നാണ്..

ജനറൽ മെറിറ്റ് എന്നത് സവർണ്ണ ഇടമല്ല. അവിടെ നിന്ന് എടുക്കുന്ന പത്ത് ശതമാനം സവർണ്ണരുടെ സ്വന്തം റിസർവേഷനല്ല. പകരം എല്ലാ വിഭാഗക്കാരും ഒരുമിച്ച് മത്സരിക്കാൻ എത്തുന്ന ഇടമാണ് ജനറൽ. ദലിതരും, പിന്നാക്കകാരും, ക്രീമിലെയർ ഒബിസികളും ഉൾപ്പടുന്ന മത്സര ഇടം. അവിടെ നിന്ന് എടുക്കുന്ന പത്ത് ശതമാനം ബാധിക്കുന്നത് ഈ സമുദായങ്ങളെ കൂടിയാണ്. അതായത് ഇപ്പോൾ തന്നെ കൂടുതൽ ജനറൽ സീറ്റുകൾ ഉപയോഗിക്കുന്ന പുരുഷന്മാർക്കായി ബസ്സിലെ ജനറൽ സീറ്റിൽ പത്ത് ശതമാനം പുരുഷന്മാർക്ക് വീണ്ടും സംവരണം ചെയ്താൽ എങ്ങനെ ഉണ്ടാകും? അതുപോലെ ഒരു പരിപാടിയാണ് ഈ സവർണ്ണ സംവരണം.
സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തി നടത്തുന്ന സവർണ്ണസംവരണ ചതി ജനങ്ങൾ മനസ്സിലാക്കുന്ന കാലം തീർച്ചയായും വരും. പ്രത്യേകമായി കേരളത്തിലെ നവോത്ഥാനനന്തര ജനത. ബ്രാഹ്മണിക്കൽ ഫാസിസത്തിനും ജാതിവ്യവസ്ഥക്കും എതിരെ നൂറ്റാണ്ട് മുമ്പെ പ്രക്ഷോഭം തുടങ്ങിയ ജനങ്ങളാണ് കേരളത്തിൽ ഉളളത്. അപ്പോൾ അത് നടപ്പിലാക്കിയവർ എന്ന നിലക്ക് സിപിഎം എന്ന പാർട്ടിയെ തളളികളയുക എന്ന ദുര്യോഗം ആകും അതിനെ കാത്തിരിക്കുക. ആയിരകണക്കിന് പേരറിയുന്നതും അറിയാത്തതുമായ രക്തസാക്ഷികൾ, കുടുംബവും ജീവനും ജീവിതവും പ്രസ്ഥാനത്തിന് സമർപ്പിച്ച ഒരുപാട് മനുഷ്യർ ഇവരുടെയൊക്കെ അധ്വാനത്തിന്റെ ശക്തിയിൽ പണിതിട്ട അടിത്തറയിലേക്കാണ് കോടാലി കെെകൾ നീളുന്നത് .
ഏത് രാമനെ വേണം എന്ന ചോദ്യം ഒന്നും ഒട്ടും നിഷ്കളങ്കമായി പണ്ടെ തോന്നിയിരുന്നില്ല. ഇപ്പോൾ ഒാരോ ഉത്തരം കിട്ടുന്നുണ്ട്.
ഞങ്ങൾക്ക് രാമനെയല്ല അയ്യങ്കാളിയേയും ഗുരുവിനേയും അംബേദകറേയും മാർക്സിനേയുമാണ് വേണ്ടത്. ഫാസിസത്തിനെതിരെ അവശേഷിക്കുന്ന പ്രതിഷേധങ്ങളേയും ദുർബ്ബലപ്പെടുത്താതിരിക്കുക.