മനുഷ്യന് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലുന്നതാകണോ ജയിലുകൾ ?

673

Asha Rani എഴുതുന്നു 

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമേറ്റു ബാലൻ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും ദുഃഖത്തോടെയല്ലാതെ ആരും ഓർക്കുന്നുണ്ടാകില്ല. പ്രതിയായ അരുൺ എന്ന നരാധമനെ ജയിലടയ്ക്കുകയുണ്ടായി. ചപ്പാത്തിയും മട്ടനും കഴിച്ചു പ്രതി ജയിലിൽ സസുഖം വാഴുന്നു എന്നുള്ള മാധ്യമറിപ്പോർട്ടുകൾ വായിച്ചു ജനങ്ങൾ രോഷംകൊണ്ടു. തിന്നു ചീർത്തു ക്രിമിനലുകൾ ജയിലിൽ സുഖമായി ഉറങ്ങുമ്പോൾ സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ചു തൃപ്തരാകേണ്ടിവരുന്നു,ദരിദ്രഭവനങ്ങളിൽ കുഞ്ഞുങ്ങൾ പച്ചവെള്ളവും കുടിച്ചു പട്ടിണികിടക്കുന്നു . ഇതെന്തൊരു അസമത്വം എന്നപേരിൽ പലരും പോസ്റ്റുകൾ ഇട്ടു. അതിന്റെ പശ്ചാത്തലത്തിൽ ആണ് ആശാറാണിയുടെ ഈ പോസ്റ്റ്. കുറിപ്പ് വായിക്കാം.

=======

ജയിലിൽ ആളുകൾ മട്ടൺ കറി കഴിക്കുന്നു ചിക്കൻ കഴിക്കുന്നു ഫെെവ് സ്റ്റാർ ഭക്ഷണം കഴിക്കുന്നു എന്നൊക്കെയുളള നിലിവിളി പല ഭാഗത്ത് നിന്ന് അനുദിനമെന്നോണം കേൾക്കാറുണ്ട്. മനുഷ്യരെ എന്താണ് നിങ്ങളുടെ സങ്കല്പത്തിലെ ജയിൽ?

Asha Rani
Asha Rani

മനുഷ്യന് ഭക്ഷണം കൊടുക്കാതെ നിരന്തരം പീഡിപ്പിച്ച് പട്ടിണികിട്ട് മതഗ്രന്ഥങ്ങളിലൊക്കെ എഴുതിയിട്ടുളളത് പോലെ ശുദ്ധീകരണം നടത്തുന്ന ഇടമാകണം ജയിൽ എന്നാണോ? അതോ രാജ ഭരണകാലത്തെ പോലെ ചങ്ങലക്ക് ഇട്ട് പക്ഷികളെ കൊണ്ട് കൊത്തിപ്പിച്ചും, വിശക്കുമ്പോൾ തീ കുന്തം വായിൽ ഇട്ടും പീഡിപ്പിക്കണം എന്നാണോ?

നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ജലം, ഷെൽട്ടർ, രോഗാവസ്ഥയിൽ ചികിത്സ തുടങ്ങിയ മാനുഷീക പരിഗണനകൾ ജയിലിൽ അടയ്ക്കപ്പെട്ടവർക്കും അർഹതപ്പെട്ടതാണ്..

സമൂഹത്തിൽ കുറ്റവാളികളുണ്ടാകുന്നതിന്റെ ഒരു പ്രധാനകാരണം ഇവിടെ കാലങ്ങളായി ഉളളതും ഊട്ടി വളർത്തപ്പെട്ടതുമായ ഒരുപാട് ജീർണ്ണതകൾ കാരണമാണെന്നതിൽ ആർക്കും സംശയമില്ലല്ലോ. ഒരു ബലാത്സംഗി ഉണ്ടാകുന്നത് പോലും അയാളുടെ മാത്രം കുറ്റം കൊണ്ടല്ല മറിച്ച് സ്ത്രീ ലെെംഗീക ശരീരമാണന്ന് പറഞ്ഞ് പഠിപ്പിച്ച മൂല്യബോധം കൂടിയാണ് . അതുപോലെ എല്ലാ ക്രെെമിനു പിന്നിലും സാമൂഹ്യ അസമത്വം, സവർണ്ണരുടേയും അധികാരമുളളവരുടേയും ചൂഷണം, ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും സ്വജന പക്ഷപാതം, അഴിമതി, അനീതികൾ എല്ലാം കാരണമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര സംഹിതകൾ ജാതിയത ഇവയെല്ലാം കുറ്റവാളികളെ നിർമ്മിക്കുന്നതിൽ ഭാഗഭാക്കാണ്. ഇവയുടെ എല്ലാം ഭാഗമായ മനുഷ്യരെ പുറത്ത് എല്ലാ ലക്ഷ്വറികളോടെയും ജീവിക്കാൻ അനുവദിച്ചിട്ട് പ്രത്യക്ഷത്തിൽ കുറ്റവാളിയായ ആളുകളെ മാത്രം തൂക്കികൊല്ലാനോ പട്ടിണിക്ക് ഇടാനോ പറയുന്നത് എന്ത് നീതിയാണ്..അല്ലെങ്കിൽ അത്തരം ആളുകളെ ഉന്മൂലനം ചെയ്താൽ ഇവിടെ കുറ്റവാളികളില്ലാത്ത സമൂഹം ഉണ്ടാകുമോ?

കൂടാതെ ജയിലിൽ അടക്കപ്പെട്ട ഒരു വിഭാഗം ആളുകൾ അക്ഷരാർത്ഥത്തിൽ തന്നെ നിരപരാധികളായ മനുഷ്യരാണ്, നിയമമോ പോലീസോ അവരുടെ അധികാരം ഉപയോഗിച്ച് കുറ്റവാളികളാക്കിയ മനുഷ്യർ, നിയമ വ്യവസ്ഥയുടെ നൂലാമാലകളിൽ പെട്ട് അനന്തമായി നീളുന്ന വിചാരണ തടവുകാർ, അങ്ങനെ കുറച്ച് പേരും കൂടി ഉള്ള ഇടമാണ് ജയിൽ.

ജയിൽ മാനസിക പരിവർത്തനത്തിനുളള ഇടമാണ്, സമൂഹത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള കുറ്റവാളികളെ തുറന്ന് പുറത്തേക്ക് വിടാതെ അവരെ ശിക്ഷിക്കേണ്ടത് നിയമമാണ്. ജയിൽ ഭക്ഷണത്തിന്റെ മികവുകൊണ്ടല്ല ആളുകൾ ജയിലിൽ എത്തുന്നത് , എല്ലാവരും അടിസ്ഥാനപരമായി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യരാണ് . സമൂഹത്തിന് ഭീഷണിയാകുന്ന ക്രമിനിലുകളെ ദീർഘകാലം ജയിലിൽ തന്നെ ഇടാനുളള നിയമങ്ങളാണ് വേണ്ടത്. അല്ലാതെ ആരോഗ്യവാന്മാരായി പുറത്തിറങ്ങി വീണ്ടും ക്രെെം നടത്തും അതുകൊണ്ട് പട്ടിണി കിടത്തണം എന്നല്ല.

ശിക്ഷാ കാലാവധി കഴിഞ്ഞ മനുഷ്യർക്ക് സമൂഹത്തിൽ ഇറങ്ങി ജോലിചെയ്തു ജീവിക്കാൻ ഉളള ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവും ഉറപ്പാക്കേണ്ടതും ആവശ്യമാണ്.
ഒരു മനുഷ്യന് ജീവിക്കാൻ ആവശ്യമായ എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ഭക്ഷണം ജയിലിൽ നൽകണം എന്നത് തന്നെയാണ് ശരി.

നോൺവെജ് ഭക്ഷണം കൊടുക്കുന്നത് കൊണ്ടുളള മുറുമുറുപ്പ് കാലങ്ങളായി കാണുന്നു. ജയിൽ മെനുവിൽ നിന്ന് നോൺ മാറ്റി വെജ് മാത്രം ആക്കിയാൽ എന്ത് ഗുണം കിട്ടും എന്നാണ് വിചാരിക്കുന്നത്. നോൺ കഴിക്കുക ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ കൂടി ഭാഗമാണ്. വെജിറ്റബിൾ ഭക്ഷണം കുറ്റവാസന കുറക്കും എന്നൊക്കെ വല്ല തെറ്റിദ്ധാരണയും ഉണ്ടെങ്കിൽ ഗുജറാത്ത് കൂട്ടക്കൊല ഉൾപ്പടെ ആസൂത്രണം ചെയ്ത തലകൾ ശുദ്ധ വെജിറ്റേറിയൻ പൂണുൽ എെഡിയോളജി ആയിരുന്നു എന്നോർത്താൽ മതി. വെജിറ്റേറിയൻ ബ്രാഹ്മിൺ ആയ സ്വാധി പ്രഖ്യയെ പോലുളള കൊടും ക്രിമിനലുകളൊന്നും ജയിലിൽ പോലും കാണില്ല.

മതബോധവും ഫ്യൂഡൽ തഴമ്പുകളും മാറ്റി വച്ച് ജനാതിപത്യ കാലത്തെ ജയിലുകളെ പറ്റി ചിന്തിക്കണം. ഗോവിന്ദചാമിമാരേയും, അരുൺ ആനന്ദുമാരേയും സമൂഹത്തിലേക്ക് ഇറക്കിവിടാതിരിക്കാനുളള നിയമങ്ങളാണ് വേണ്ടത്. അല്ലാതെ അവരെ ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചേക്കാം എന്നൊക്കെ പറയുന്നത് മനുഷ്യത്വ വിരുദ്ധമാണ്. ഗോവിന്ദചാമിയേയും അരുൺ ആനന്ദിനേയുമൊക്കെ വളർത്തിയ സമൂഹത്തിന്റെ ഭാഗമാണ് നമ്മളും . ഒരു പെൺകുട്ടി വീഴുന്നത് കണ്ട് ചങ്ങല വലിച്ച് ട്രെയിൻ നിർത്താത്ത , ഒരു ഏഴു വയസ്സുകാരന്റെ പീഡന മുറിവുകൾ കാണാതിരുന്ന നമ്മളും കൂടിയാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്.