ഹിന്ദുത്വ തീവ്രവാദികളെ വിമർശിക്കുന്നതിന്റെ അർത്ഥം മുസ്ലിംതീവ്രവാദികളെ ഒരുകാലത്തും ഒന്നിനും വിമർശിക്കരുത്‌ എന്നല്ല വിമർശിക്കേണ്ടപ്പോൾ വിമർശിക്കും

116
Ashely NP 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്ന് TV9 ഒരു സ്റ്റിങ് ഓപ്പറേഷൻ ചെയ്തു. കോഴിക്കോട് എം പി എം കെ രാഘവൻ 5 കോടി കൈക്കൂലി ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പുറത്തിറങ്ങിയ ആ ദൃശ്യങ്ങൾ ഇറങ്ങിയത് ഒരു പാട് “ഫ്രെമിങ്” ഓടെയാണ്. വീഡിയോ ഒറ്റപ്രാവശ്യം ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും വീഡിയോ അവതാരകർ കൊട്ടും പാട്ടുമായി അവതരിപ്പിക്കുന്ന “അഞ്ചു കോടി കൈക്കൂലി ചോദിച്ചു”, “കള്ളും കാശും കൊടുത്താണ് ജാഥയ്ക്ക് ആളെ ഉണ്ടാക്കുന്നത്”, “അപരന്മാരെ വലിയ കാശ് കൊടുത്താണ് നിർത്താറു” എന്നീ ആരോപണങ്ങളിൽ ഒന്ന് പോലും രാഘവൻ പറയുന്നതായി ഇല്ലെന്നു. വീഡിയോ കാണാൻ കഴിയാത്ത വിധം ആങ്കർമാരുടെ അന്നൗൺസ്‌മെന്റും റണ്ണിങ് ക്യാപ്‌ഷനും വെച്ചുണ്ടാക്കിയ വീഡിയോയിൽ പക്ഷെ രാഘവന്റെ വാക്കുകൾ മാത്രം കേട്ട് നോക്കണമെന്ന് ആർക്കും തോന്നാത്ത എഡിറ്റിംഗ് ആണ് നടന്നിട്ടുള്ളത്. ഒരു കള്ളൻ പറഞ്ഞത് എന്തിനു കേൾക്കണം എന്നാണ് ചോദ്യം. “കൈക്കൂലി രാഘവൻ” എന്ന് ഈ കള്ളം പറഞ്ഞുണ്ടാക്കിയ വീഡിയോയുടെ പേരിൽ ഇഷ്ടം പോലെ ട്രോളുകൾ ഇറങ്ങി. കാഴ്ചയെ, വായനയെ ഇങ്ങനെ mediate ചെയ്യാം.
ഇതിപ്പോൾ ഓർക്കാൻ കാരണം ഇത് പോലെ ഒരു അനുഭവം എനിക്കും വന്നു പെട്ടതുകൊണ്ടാണ്.
ഫെബ്രുവരി 24 ഇന് വൈകീട്ട് നാല് മണിക്ക് ഞാൻ ഇംഗ്ലീഷിൽ ഒരു fb പോസ്റ്റിട്ടു ( സ്‌ക്രീൻ ഷോട്ട് ഇതിനൊപ്പം). പോസ്റ്റിലെ വാചകങ്ങൾ താഴെപ്പറയുന്നതാണ്:
———————————————-
“സ്ത്രീകളുടെ കുത്തിയിരിപ്പു സത്യാഗ്രഹം പോലെയോ അടിയാളസ്ത്രീകളും വിദ്യാർത്ഥിനികളും തമ്മിലുള്ള സാഹോദര്യം പോലെയോ ഒന്നും തന്നെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയാഖ്യാനങ്ങളെ തള്ളിക്കളഞ്ഞിട്ടില്ല. ഇത് (ഈ വെല്ലുവിളി) അവസാനിപ്പിക്കുവാൻ മേൽജാതിക്കാരും സമ്പന്നരും പിടിപാടുള്ളവരുമായ ആണുങ്ങൾ എന്തും ചെയ്യും.
ഇതിന് അവർക്കു മുമ്പിൽ രണ്ടു വഴികളുണ്ട്: ഒന്നുകിൽ ആക്രമണം അഴിച്ചുവിട്ടു ഈ മൊത്തം സംഗതിയെ രക്തരൂഷിതവും ഭയാനകവും ആയ ഒരു രംഗമാക്കി
മാറ്റുക. ഹിംസ വന്നു കഴിഞ്ഞാൽപ്പിന്നെ ഇത് ആണുങ്ങൾതമ്മിലുള്ള ഒരു ഏർപ്പാടാവും; അതോടെ ആണുങ്ങൾക്ക് ഈ ഇടങ്ങളുടെ നിയന്ത്രണം കിട്ടും. അല്ലെങ്കിൽ, വർഗ്ഗമോ, പ്രദേശമോ മതമോ അങ്ങിനെ എന്തെങ്കിലും ഉപയോഗിച്ച് സ്ത്രീകളെത്തന്നെ സ്ത്രീകൾക്കെതിരെ നിർത്തുക. അങ്ങിനെ അവരെ ദുര്ബലരാക്കുക.
തുല്യതക്കും കൂട്ടുജീവിതത്തിനും വേണ്ടിയുള്ള തങ്ങളുടെ വീരോചിതമായ യാത്രയിൽ ഈ നശീകരണാത്മക, പുരുഷ, ഭൂരിപക്ഷതാവാദപദ്ധതിയെ അതിജീവിക്കാൻ സ്ത്രീകൾക്കും വിദ്യാര്ഥിനികൾക്കും കഴിയുമെന്നു പ്രതീക്ഷിക്കുന്നു”.
————————————
ഈ പോസ്റ്റ് വെച്ച് പറയുകയാണ് “ആഷ്‌ലി ഡൽഹി ഹിംസകൾക്കു മുസ്ലിം ആണുങ്ങളെ കുറ്റം പറയുന്നു”. ആ കമന്റിനോട് ഇഷ്ടം എക്സ്പ്രസ്സ് ചെയ്തതു കൊണ്ട് സുനിൽ മാഷ് (പി ഇളയിടം) ഇസ്ലാമോഫോബും ആയി.
വടക്കു കിഴക്കൻ ഡൽഹിയിൽ ആക്രമണം അഴിച്ചു വിടാൻ ആഹ്വാനം കൊടുത്തത് ആരാണ്? എന്റെ അറിവിൽ കപിൽ മിശ്ര എന്ന ബി ജെ പി നേതാവാണ്. ഇത് രക്തരൂഷിതവും ഭയാനകവും ആക്കിയിട്ടു ഗുണം കിട്ടിയ ഭൂരിപക്ഷതാ വാദികളായ ആണുങ്ങൾ ആരാണ്? എന്റെ അറിവിൽ ഹിന്ദുത്വവാദികളാണ്.
ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ എന്ന് പറഞ്ഞത് ഏറ്റവും ശക്തമായത് മുസ്ലിംകളുടെയാണോ?
ഇനി സ്ത്രീകളെ പരസ്പരം അടിപ്പിക്കുക എന്നത് ചെയ്തതിൽ ബി ജെ പി ക്കു ഒരു പങ്കുണ്ട്: ജഫ്‌റാബാദിൽ അവർ ഹിന്ദു സ്ത്രീകളെ ഇറക്കി ഒരു കൌണ്ടർ കുത്തിയിരിപ്പു തുടങ്ങുകയും “ദേശദ്രോഹികളെ വെടിവെക്കണം” എന്നൊക്കെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഡൽഹി യൂണിവേഴ്‌സിറ്റി-ജാമിഅ-ജെ എൻ യു എന്നിവിടങ്ങളിലെ സ്ത്രീവാദി വിദ്യാർത്ഥിനികളെ “പ്രശ്നത്തിനൊക്കെ കാരണമായവർ” എന്ന് അധിക്ഷേപിച്ചു ടാർഗറ്റ് ചെയ്തു ലേഖനം എഴുതിയത് ഹിന്ദു വലതുപക്ഷ വെബ്സൈറ്റ് ആണെങ്കിലും അതിൽ ആരോപണം ഉന്നയിച്ചവർ മുസ്ലിം ആണുങ്ങൾ ആണ്. ഇത് പ്രസിദ്ധീകരിച്ചത് പിന്നീടാണെങ്കിലും ഇങ്ങനെയൊന്നു വരുമെന്ന് ലക്ഷണം കൊണ്ട് അറിയാമായിരുന്നു.
മാത്രമല്ല, സാമ്പത്തിക-സാമൂഹിക ഘടന അനുസരിച്ചു ജനങ്ങളെ പാർപ്പിക്കുന്ന ഡൽഹിയിൽ സീലംപൂരിൽ മേൽജാതി മുസ്ലിംകൾ നിൽക്കുകയില്ലെന്നതും എല്ലാവര്ക്കും അറിയാം. സീലംപൂരോ ജഫ്‌റാബാദിലോ ഉള്ള മുസ്ലിംകൾ കീഴ്ജാതി, അടിസ്ഥാനവർഗ ആണുങ്ങളാണ്.
ഇതൊക്കെ അറിഞ്ഞിട്ടും പറയുന്നു മേൽജാതി, ഭൂരിപക്ഷതാവാദി ആണുങ്ങൾ എന്ന് പറയുന്നത് ഹിംസാബാധിത പ്രദേശത്തെ മുസ്ലിം ആണുങ്ങളെപ്പറ്റിയാണെന്നാണ് തീർപ്പ്.
ഏതോ സിനിമയിൽ ജഗതി പറഞ്ഞപോലെ, “ഇതെന്നെപ്പറ്റിയാണ്, എന്നെപ്പറ്റിത്തന്നെയാണ്, എന്നെപ്പറ്റി മാത്രമാണ്” എന്നാണോ?
സംഗതി വൈറൽ ആക്കിയിട്ടുണ്ട്. ഞാൻ എന്ന മൃദുസംഘിയെ എല്ലാവര്ക്കും മനസ്സിലാവണമല്ലോ. ചതിയൻ, ഒറ്റുകാരൻ എന്നൊക്കെയാണ് നേറ്റീവ് ഇൻഫൊർമേർ എന്ന് ഇതുവരെ പേരുണ്ടായിരുന്ന എനിക്ക് ഇപ്പോൾ കിട്ടിയ പേര് . ഇനി എന്നെക്കുറിച്ചുള്ള എല്ലാ ചർച്ചയും ആ ഇമ്പ്രെഷന്റെ മുകളിൽ ആയിരിക്കും ആ സർക്കിളുകളിൽ നടക്കുക. നടക്കട്ടെ. ഫ്യൂഡലിസത്തിനും സ്റ്റാലിനിസത്തിനും ഹിന്ദുത്വത്തിനും ഇസ്ലാമിസത്തിനും ആഭ്യന്തര ശത്രുക്കളെ ഇല്ലാതിരിക്കാനോ അവരെ വെച്ച് പൊറുപ്പിക്കാൻ കഴിയില്ല. ഇനി “മുർതദ്ദ്” എന്ന വിളി കൂടി ബാക്കിയുണ്ട്. അതിന്റെ ശിക്ഷ Islamist കിതാബിലുള്ളത് കൊണ്ട് ആശയക്കുഴപ്പമുണ്ടാവില്ല.
ഹിംസ വന്നാൽ അത് പെണ്ണുങ്ങളുടെ സ്‌പേസുകളെ നഷ്ടമാകും എന്ന വാദം സ്ത്രീത്വത്തിനു അപമാനമാണത്രെ. ഹിംസ അനിവാര്യമോ ഗംഭീരമോ ആണെന്ന് വിചാരിക്കുന്നവർക്കു ആയിരിക്കാം. എനിക്ക് ഹിംസ ആണത്വത്തിന്റെ ജുഗുപ്സാവഹമായ ആവിഷ്കാരം മാത്രമാണ്- വർഗീയകലാപത്തിൽ പോലും ഈ ഒരു വശം ഉണ്ടെന്നു വിഭജനം മുതൽ 2002 വരെയുള്ള എല്ലാ കലാപങ്ങളിൽ നിന്നും മനസ്സിലാക്കാം. അതിൽ ചെന്ന് ചേർന്നു അക്രമിക്കപ്പെടുന്നിടത്തു നിന്ന് ആക്രമിക്കാൻ തുടങ്ങിയാലും ഉണ്ടാവുന്ന ലോകം ആണത്തത്തിന്റേതാവും. ഇനി വർഗീയകലാപങ്ങളെ “പോരാട്ടഭൂമി”യാക്കുന്ന രാഷ്ട്രീയ ഭാവുകത്വത്തിനും അതിലൂടെ കിട്ടാവുന്ന മെച്ചങ്ങൾക്കും അത് ചേരുമായിരിക്കും. അതിനു ഞാൻ ഇല്ല.
ഇതെന്റെയൊന്നും അർത്ഥം മുസ്ലിം ആണുങ്ങളെ ഒരുകാലത്തും ഒന്നിനും വിമർശിക്കില്ലെന്നല്ല. വിമര്ശിക്കേണ്ടപ്പോൾ വിമർശിക്കും.അവർ എല്ലാ അർത്ഥത്തിലും വിമര്ശനാതീതരാണ് എന്നൊരു തെറ്റിധാരണ എന്തായാലും ഇല്ല. ഈ പോസ്റ്റ് അതല്ല എന്ന വസ്തുത ഇവിടെ രേഖപ്പെടുത്തുന്നു എന്ന് മാത്രം.
പറഞ്ഞു നടക്കുന്നവരുടെതു തെറ്റിധാരണ ആണെങ്കിൽ തിരുത്താൻ അവർക്ക് തോന്നട്ടെ. അറിഞ്ഞു കൊണ്ട് കളവു പറയുകയാണെങ്കിൽ പടച്ചവൻ പൊറുത്തുകൊടുക്കുകയും അവരുടെ മനസ്സിനെ നന്മയുടെ വഴിയിൽ കൊണ്ട് വരികയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.