തട്ടിക്കൊണ്ട് പോയി ഷൂട്ടിങ് : ഉദയനും ബേബിക്കുട്ടനും കഠിനതടവ്

0
288

Ashhar Jabbar

തട്ടിക്കൊണ്ട് പോയി ഷൂട്ടിങ് : ഉദയനും ബേബിക്കുട്ടനും കഠിനതടവ്.

എറണാകുളം : സൂപ്പര്‍താരം സരോജ് കുമാറിനെ തട്ടിക്കൊണ്ട് പോയി, ദൃശ്യങ്ങള്‍ പകര്‍ത്തി സിനിമയില്‍ ഉള്‍പ്പെടുത്തിയ കേസില്‍ സംവിധായകന്‍ ഉദയന്‍, നിര്‍മാതാവ് ബേബിക്കുട്ടന്‍ എന്നിവര്‍ക്ക് എട്ട് വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. സരോജ് കുമാറിനെ മര്‍ദ്ദിച്ച കേസില്‍ നടന്‍ റഫീഖിനും ആറ് മാസം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ ലഭിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധികതടവ് അനുഭവിക്കണം.

2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദയന്‍റെ ആദ്യ ചിത്രമായ ‘അന്ന് പെയ്ത മഴയിലി’ന്‍റെ ചിത്രീകരണവുമായി സഹകരിക്കാതിരുന്ന സരോജ് കുമാറിനെ തട്ടിക്കൊണ്ട് പോയി മാനസികമായി പീഢിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നുമായിരുന്നു പരാതി.

സിനിമയുടെ റിലീസിന് ശേഷം തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചതിനെതിരെയും തട്ടിക്കൊണ്ട് പോയി മാനസികമായും ശാരീരികമായും പീഢിപ്പിച്ചതിനെതിരെയും സരോജ്കുമാര്‍ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത് മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. വിശദമായ അന്വേഷണത്തില്‍ സരോജ് കുമാറിന്‍റെ പരാതി ശരിയാണെന്ന് കണ്ടെത്തിയ പോലീസ് സംവിധായകന്‍ ഉദയന്‍, നിര്‍മാതാവ് ബേബിക്കുട്ടന്‍, അഭിനേതാക്കളായ ഗായത്രി, റഫീഖ് തുടങ്ങി ഇരുപതോളം സാങ്കേതിക പ്രവര്‍ത്തകരെയും ഗൂഢാലോചനയ്‌ക്കും തട്ടിക്കൊണ്ട് പോകലിനും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ സംവിധായകന്‍റെയും നിര്‍മാതാവിന്‍റെയും ആവശ്യപ്രകാരം ഫ്ളാറ്റിലേക്ക് സരോജിനെ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നും തട്ടിക്കൊണ്ട് പോയതില്‍ പങ്കില്ലെന്നും കണ്ടെത്തിയ നടി ഗായത്രിയെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ആത്മഹത്യ ഷൂട്ട് ചെയ്തത് താനറിയാതെ ആയിരുന്നുവെന്നും ഇത് തനിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയെന്നുമുള്ള സരോജിന്‍റെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ ഇതില്‍ സംവിധായകനും നിര്‍മാതാവിനുമാണ് പൂര്‍ണ്ണ ഉത്തരവാദിത്തം എന്ന് കോടതി നിരീക്ഷിച്ചു.

ഫ്ളാറ്റിനു മുമ്പില്‍ വെച്ച് നടന്‍ റഫീഖ് തന്നെ അകാരണമായി മര്‍ദ്ദിച്ചതായുള്ള സരോജിന്‍റെ പരാതിയും സിനിമയിലെ ദൃശ്യങ്ങള്‍ ഉദ്ധരിച്ച് കോടതി ശരിവെച്ചു. ഷൂട്ടിങ് ആണെന്ന് സരോജ് കുമാറിന് അറിയില്ലായിരുന്നുവെന്ന കാര്യം റഫീഖിന് ബോധ്യമുണ്ടായിരുന്നുവെന്നും ആ സാഹചര്യത്തില്‍ ക്രിമിനല്‍ കുറ്റം നിലനില്‍ക്കുമെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയില്‍ തെളിവില്ലെങ്കിലും തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഛായാഗ്രാഹകന്‍ അന്‍പഴകന്‍ ഉള്‍പ്പടെ പത്തോളം സാങ്കേതിക പ്രവര്‍ത്തകരുടെ കുറ്റം നിലനില്‍ക്കുന്നതാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ പിന്നീട് വിധി പറയും.
സിനിമയിലെ തര്‍ക്കങ്ങള്‍ സമാധാനമായി പരിഹരിക്കാനാവുന്നില്ലെങ്കില്‍ നിയമത്തിന്‍റെ പരിരക്ഷയും സഹായവും തേടുകയാണ് വേണ്ടതെന്നും തെരുവിലേക്ക് വലിച്ചിഴയ്ക്കുകയല്ല സിനിമാക്കാര്‍ ചെയ്യേണ്ടതെന്നും കോടതി വിമര്‍ശിച്ചു. മാനസിക നില തകരാറിലായ സരോജ് കുമാര്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയിരുന്നുവെങ്കില്‍ ആരാണ് ഉത്തരവാദിത്തം ഏല്‍ക്കുക എന്നും കോടതി ചോദിച്ചു. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി സരോജിനെതിരെയുള്ള അക്രമത്തെ നിരീക്ഷിച്ച കോടതി സിനിമ മേഖലയിലെ തര്‍ക്കങ്ങളും കരാര്‍ ലംഘനങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമുണ്ടെന്നും പറഞ്ഞു.

സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സുരക്ഷ ഇല്ലാത്ത ഒരു അധോലോകമായി മലയാള സിനിമ മാറിയെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കോടതി വിധിക്കെതിരെ പരസ്യ പ്രതികരണത്തിനില്ലെന്നും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉദയന്‍ ലണ്ടനിലാണെന്നും ഉദയന്‍റെ ഭാര്യയും നടിയുമായ മധുമതി അറിയിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബേബിക്കുട്ടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.