ദേശീയ പൗരത്വ ബിൽ; ഉന്മത്തമായ ദേശീയതയുടെ അക്രമോൽസുകമായ പ്രയോഗം

  196

  ആഷിക് മുഹമ്മദ്

  ദിമിത്രോവ് നിരീക്ഷിച്ചത് പോലെ ഉന്മത്തമായ ദേശീയതയുടെ അക്രമോൽസുകമായ പ്രയോഗമാണ്‌ ദേശീയ പൗരത്വ ബില്ലിലൂടെ സംഘപരിവാര ഫാസിസ്റ്റ് തീവ്രവാദികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നത്. ദേശീയതയുടെ നിഗൂഢമായ രണ്ട്‌ പ്രയോഗങ്ങളിൽ പ്രധാനപ്പെട്ടത്‌ ഏകത്വവും മറ്റൊന്ന് അപരത്വവുമാണ്. ഏകത്വത്തിൻറെ ദേശീയത ആവശ്യപ്പെടുന്നത് കൃത്യമായ അപരത്വത്തെ സൃഷ്ടിച്ച് കൊണ്ട് ഭാഷയുടെയോ സംസ്കാരത്തിന്റെയോ മതത്തിന്റേയോ ചരിത്രത്തിന്റേയോ പേരിൽ രാജ്യത്തെ ഒന്നിച്ച്‌ നിർത്തുക എന്നുള്ളതാണ്. ഭൂരിപക്ഷത്തിൽ നിന്നും വിഭിന്നമായ ഭാഷ സംസാരിക്കുന്നവരും മതത്തെ പിന്തുടരുന്നവരും വ്യത്യസ്തമായ സംസ്കാരത്തേയും ചരിത്രത്തേയും മുറുകെപ്പിടിക്കുന്നവരും ദേശീയതയെ സംബന്ധിച്ചടത്തോളം അപരവൽക്കരിക്കപ്പെടേണ്ടവരാണ്‌.

  തീവ്രദേശീയതയുടെ മറപിടിച്ച് ഭരണകൂടം സൃഷ്ടിക്കുന്ന അപരവൽക്കരണമേറ്റ് വാങ്ങുന്ന ജനതയെന്നും കൊടിയ പീഢനങ്ങൾക്കും അവഗണനകൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ഇരയായിട്ടുണ്ടെന്നാണ് ചരിത്രം എക്കാലത്തും രേഖപ്പെടുത്തിയുട്ടുള്ളത്. നാസിക്കാലത്തെ ജർമ്മനിയിലെ കമ്മ്യുണിസ്റ്റുകളേയും ജൂതന്മാരെയും പോലെ അല്ലെങ്കിൽ മ്യാൻമറിലെ ക്രൂരബുദ്ധിസ്റ്റുകളുടെ തീവ്രദേശീയതയിലൂടെ അപരിവൽക്കരിക്കപ്പെട്ട റോഹിൻഗ്യൻ മുസ്ലീങ്ങളെപ്പോലെ സമകാലീന തുർക്കിയിലെ കുർദ്ദുകളപ്പോലെ ഇന്ത്യയിലെ മുസ്ലീങ്ങളേയും അപരത്വമെന്ന വരക്കപ്പുറത്ത് നിർത്തിക്കൊണ്ട് വംശീയ ഉന്മൂലനം സാധ്യമാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നീക്കങ്ങളെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിന്ന് എതിർത്ത് തോൽപ്പിക്കണം.

  ഫാസിസത്തിനെതിരെയുള്ള സമരങ്ങളെ വിജയൻ മാഷ്‌ ഇങ്ങനെ നിരീക്ഷിച്ചിരുന്നു‌.

  “മീന്‍ പിടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു അതിര്‍ത്തിയേ ഉള്ളൂ. അത് കടലാണ്. അവര്‍ക്കൊരു ജീവിതമേയുള്ളു അത് കടലാണ്.” എന്നതുപോലെ ഇന്ത്യയിലെ സവര്‍ണ ഫാസിസം ലക്ഷ്യം വെക്കുന്ന ഇരകളുടെ മുന്നിൽ ഒരു വഴിയേ ഉള്ളൂ. അത് ദുരിതത്തിന്റേതു മാത്രമാണ്. അവരുടെ ജീവിതവും ദുരിതത്തിന്റേതാണ്. എങ്ങനെ ഈ ദുരിതക്കടല്‍ നീന്തിക്കടക്കാം എന്നതിനെപ്പറ്റിയേ ഇപ്പോള്‍ ചിന്തിക്കേണ്ടതുള്ളൂ. അതിനുള്ള വഴി ഫാസിസത്തിനെതിരെയുള്ള ഒരു വിശാല സഖ്യത്തില്‍ ഇന്ത്യയിലെ ഫാസിസ്റ്റിതര രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച്‌ നിന്ന് പൊരുതി നോക്കുക എന്നതാണ്‌. അല്ലാത്ത പക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും സമ്പൂർണ്ണ നാശമായിരിക്കും ഫലം.