കുറച്ച് പൈസ ഒക്കെ ഉണ്ടാക്കി ഏതെങ്കിലും നല്ല അടിപൊളി വുദ്ധസദനത്തിൽ ഇപ്പോഴേ സീറ്റ് ബുക്ക് ചെയ്ത് വെക്കണം

520

എഴുതിയത്  : Ashima Musthafa

ചില വാർദ്ധക്യ ചിന്തകൾ 

കഴിഞ്ഞ കുറേ വർഷങ്ങളായി ജീറിയാട്രിക് ക്ലിനിക്കിന്റെ ഭാഗമായി മിക്കവാറും ദിവസങ്ങളിൽ പത്തമ്പതിൽ കൂടുതൽ പ്രായമായവരെ കാണാറുണ്ട്. 98 വയസ്സ് കഴിഞ്ഞ ആളെ ഒരിക്കൽ കണ്ടു.. ചില ആൾക്കാരുടെ ആരോഗ്യവും ചുറുചുറുക്ക് ഒക്കെ കാണുമ്പോൾ , ചിലപ്പോഴൊക്കെ ” വയസ് എത്രായീന്ന് ” വീണ്ടും ചോദിച്ച് പോവാറുണ്ട്. “കണ്ടാൽ അത്രേം പറയൂലാട്ടോ “,എന്ന് പറയുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന നാണം കാണാൻ നല്ല രസാണ്…

അലക്കി വെളുപ്പിച്ച വെള്ള മുണ്ടും ഷർട്ടും , പെണ്ണുങ്ങൾ ആണെങ്കിൽ കേരള സാരി പോലെത്തെ സംഭവം ഇല്ലേ? അതിനെന്താണാവോ പറയാ, അതൊക്കെ ഇട്ട്, അത് പോലെ സ്ഥിരമായിട്ട് എന്റെ അടുത്ത് വരുന്ന ഒരു ഉമ്മ (പ്രായമായ എല്ലാവരേയും ഞങ്ങൾ ഉമ്മ, ഉപ്പ അച്ഛൻ, അമ്മ എന്നൊക്കെ ആണ് വിളിക്കാറ്.. ഇടക്ക് അച്ഛനെ ‘ബാപ്പ’ എന്നോ തിരിച്ചോ ഒക്കെ അറിയാതെ മാറി വിളിച്ചാൽ നല്ല ഭംഗി ആയിട്ട് അവര് തിരുത്തി തരും..)

ഉണ്ട്. അവര് വെള്ള കാച്ചിം മുണ്ടും ഉടുത്ത് പണ്ടത്തെ സിനിമയിൽ ഒക്കെ കാണുപോലെ അരയിൽ വെള്ളി അരഞ്ഞാണം ഒക്കെ ഇട്ട് സുന്ദരിയായി വരും.. അവരെ ഒക്കെ കാണുമ്പോ എന്റെ കൂടെ ഉള്ള നഴ്സ് ചേച്ചീനോട് ഞാൻ പറയും, “ഈ പ്രായമൊക്കെ ആവുമ്പോ എന്നെ JCB കൊണ്ട് പൊക്കേണ്ടി വരുമെന്ന് “…

മക്കളുടെയോ പേരകുട്ടികളുടെയോ കൂടെ അല്ലെങ്കിൽ പ്രായമായ ഭാര്യ ഭർത്താക്കന്മാർ കയ്യും പിടിച്ച് ഇണക്കുരുവികളെ പോലെ വരുമ്പോൾ , ചിലപ്പോ നമുക്ക് കുശുമ്പ് തോന്നും . നമ്മളൊക്കെ വയസാവുമ്പോ ഇങ്ങനെ കെട്ടിയോൻമാര് കൊണ്ടു നടക്കോ എന്നാലോചിച്ച്…

ഞങ്ങൾ എപ്പോഴും പറയാറുണ്ട് ; കുറച്ച് പൈസ ഒക്കെ ഉണ്ടാക്കി ഏതെങ്കിലും നല്ല അടിപൊളി old age ഹോമിൽ ഇപ്പോഴേ സീറ്റ് ബുക്ക് ചെയ്ത് വെക്കണമെന്ന്. അല്ലാതെ എന്തായാലും ഇവരുടെ ഒക്കെ പ്രായം ആവുമ്പോ നമ്മളെ ഒന്നും ഇതേ പോലെ നോക്കാൻ ആരും ഉണ്ടാവില്ല .

ഇത് ഞാൻ കാണുന്ന ഒരു വിഭാഗം ആണ് . പക്ഷേ ഇവരെ കുറിച്ച് അല്ല ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്..

നമ്മുടെ നാട്ടിൽ വേറെ ഒരു വിഭാഗം ഉണ്ട് . ഉടുക്കാൻ നല്ല വസ്ത്രമോ കഴിക്കാൻ നല്ല ഭക്ഷണമോ എന്തിന് സ്നേഹത്തോടെ ഉള്ള ഒരു വാക്കോ നോട്ടമോ കിട്ടാത്തവർ ; പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ട് പോയവർ; വാർദ്ധക്യത്തിനെ ഒരു ഭയത്തോടെ നോക്കി കാണാൻ എന്നെ പ്രേരിപ്പിക്കുന്നവർ …

ചില മക്കൾ വയസായ അഛനമ്മമാരോട് പെരുമാറുന്നത് കാണുമ്പോൾ നമുക്ക് സങ്കടം തോന്നും . നാളെ നമ്മളും ഇതേ അവസ്ഥയിൽ എത്തുമോന്ന് പേടി തോന്നും . ഒരിക്കൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള ഒട്ടും വയ്യാത്ത ഒരു സ്ത്രീയോട് ഹോസ്പിറ്റലിൽ വെച്ച് അവരുടെ മകൾ വളരെ മോശമായി പെരുമാറുന്നത് കണ്ടു. കുറേ നേരം ഞാൻ ഒന്നും മിണ്ടാതെ നിന്നു . അവസാനം ഇരുന്ന കസേരയിൽ നിന്ന് എണീക്കാൻ കഷ്ടപ്പെടുന്ന ആ സ്ത്രീയെ മകൾ ചീത്ത വിളിച്ച് കൈ പിടിച്ച് വലിച്ചത് കണ്ട് സഹികെട്ട് ഞാൻ അവരോട് പറഞ്ഞു ; “നിങ്ങൾ ഈ ചെയ്യുന്നത് ആണ് നിങ്ങളുടെ മകൾ കാണുന്നത് , നാളെ അവൾ നിങ്ങളോട് ഇത് പോലെ ചെയ്യാതിരിക്കാൻ പ്രാർത്ഥിച്ചോളൂന്ന് ” .. സാധാരണ ഞാൻ അങ്ങനെ ഒന്നും ആരോടും പറയാറില്ല.

ഹിസ്റ്ററി എടുക്കുന്നതിന്റെ ഭാഗമായി രോഗികളോട് എനിക്ക് ഒരു പാട് സംസാരിക്കേണ്ടി വരാറുണ്ട്.. അവര് പറയുന്നത് നമ്മൾ കേൾക്കുന്നുണ്ട് തോന്നിയാൽ അവർക്ക് പലതും പറയാൻ ഉണ്ടാകും . നമ്മൾ ചോദിക്കുന്ന ചോദ്യങ്ങളേക്കാൾ അവര് പറയുന്നത് അവരുടെ സങ്കടങ്ങൾ ആവും. ഒപിയിൽ തിരക്കില്ലാത്തപ്പോൾ കഴിയുന്നതും അവർക്ക് പറയാനുള്ളത് കേൾക്കും . അത് അവർക്ക് ഒരു ആശ്വാസമാണ്.

ഒരിക്കൽ ഒരു ഉമ്മ വന്നു . അവര് ഭയങ്കരമായിട്ട് എല്ലാവരോടും കയർക്കുന്നുണ്ട് . ഷുഗറും പ്രഷറും ഒക്കെ കൂടീട്ടാണ് എന്റെ അടുത്ത് വന്നത്. എന്താ ഉമ്മ മരുന്നോന്നും കഴിക്കാറില്ലേ എന്ന് ചോദ്യത്തിന് അവര് പറഞ്ഞത് , അവരുടെ മകൻ നാടുവിട്ടു പോയി ; മകൾ ആണ് കൂടെ ഉള്ളത്. മകൾ നോക്കുന്നില്ലാന്നൊക്കെ ..എല്ലാം കേട്ട് മകൾ അടുത്ത് നിൽക്കുന്നുണ്ട് . എന്തൊക്കെയോ പറഞ്ഞ് അവര് പോയി . തൊട്ട് പിറകിൽ നിന്ന പേഷ്യന്റ് പറഞ്ഞു ; “മാഡം, ആ സ്ത്രീ പറഞ്ഞത് ഒക്കെ കള്ളം ആണ് . അവരുടെ ശല്യം സഹിക്കാൻ വയ്യാതെയാണ് മകൻ നാട് വിട്ട് പോയത് . ഭർത്താവും ഉപേക്ഷിച്ച് പോയതാണ്. ഒറ്റക്കായപ്പോ മകൾ ഇവിടെ വന്ന് നിൽക്കുവാണ് . ഇപ്പോ മകൾക്ക് അവര് സമാധാനം കൊടുക്കുന്നില്ല . മകളുടെ ഭർത്തവിനെ അവര് വീട്ടിൽ കയറ്റുന്നില്ല .മകൾ എല്ലാം സഹിച്ചു നിൽക്കാണ് , ഈ സ്ത്രീ ഒറ്റക്കായി പോവരുത് വിചാരിച്ച് …

മറ്റൊരു കഥ പറയാം .
എനിക്ക് നേരിട്ട് അറിയാവുന്ന സ്ത്രീ ആണ് . അവരുടെ ഭർത്താവിന്റെ ആദ്യ ഭാര്യ മരിച്ചു പോയിട്ട് ഇവരെ കെട്ടിയതാണ് . ആദ്യഭാര്യയിലും ഇവർക്കുമായി ധാരാളം കുട്ടികൾ ഉണ്ട് . ഈ കുട്ടികളേം അവര് കെട്ടിയപ്പോൾ മരുമക്കളേയും എല്ലാം ഇവർ വീട്ടീന്ന് ഇറക്കി വിട്ടതാണ് . അവസാനം ഈ സ്ത്രീക്ക് കാൻസർ വന്നു . ലാസ്റ്റ് സ്റ്റേജ്.. പക്ഷേ മക്കളൊന്നും തിരിഞ്ഞ് നോക്കിയില്ല . ആരോഗ്യവും സമ്പത്തും ഉള്ളപ്പോ അത്രക്ക് ഇവർ മക്കളെ വെറുപ്പിച്ചിട്ടുണ്ടായിരുന്നു . അവസാന കാലത്ത് അവരെ നോക്കാൻ ഉണ്ടായത് അവർ ഏറ്റവും കൂടുതൽ ദ്രോഹിച്ച ഭർത്താവിന്റെ ആദ്യ ഭാരിയിലെ മകനും മരുമകളും ആയിരുന്നു .

സാധാരണ നമ്മൾ പ്രായമായിട്ട് മക്കൾ നോക്കാത്ത രക്ഷിതാക്കളെ കുറിച്ച് മാത്രമേ സംസാരിക്കാറുള്ളു.

ഞാൻ പറഞ്ഞ് വന്നത് ഏതൊരു കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട് .
ആരാണ് ശരി, ആരാണ് തെറ്റ് എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല. നല്ലതും ചീത്തയുമെല്ലാം സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറി കൊണ്ടിരിക്കും.

നമുക്ക് ചെയ്യാനുള്ളത് ഒന്നേ ഉള്ളൂ .. ആരോഗ്യമുള്ള കാലത്ത് എല്ലാവരോടും സ്നേഹമായി പെരുമാറുക . നമ്മുടെ രക്ഷിതാക്കളോട് സ്നേഹത്തോടെ പെരുമാറുന്നത് കണ്ടായിരിക്കണം നമ്മുടെ മക്കൾ വളരുന്നത് .
കർമ്മ റിട്ടേൺസ് എന്നല്ലേ പറയ?

Ashima Musthafa