Ashiq Nisam
സിനിമകൾ ഖദറിട്ടവനെ കഞ്ഞിക്കുഴിയായും, ചുവന്ന കൊടിപിടിച്ചവനെ സുകുവായിട്ടും ചിത്രീകരിച്ചു ശീലിച്ച ചുറ്റുപാടിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്.സത്ഗുണ സമ്പന്നനും, ആശയ സമ്പുഷ്ട്ടനുമായ നായകനെ ചുവന്ന കോടിക്ക് കീഴിലും സകല കൊള്ളരുതായ്മകയുടെയും ഈറ്റില്ലമായവനെ ഖദറിലും അവതരിപ്പിക്കുക എന്നതിലൂടെ സിനിമകൾ ഇവിടെ ഒരു പൊതുബോധം തന്നെ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. മെക്സിക്കൻ അപാരത പോലൊരു സിനിമ ആദ്യമദ്യാന്ത വൈരുധ്യവുമായി അവതരിപ്പിക്കപ്പെട്ട പ്രബുദ്ധ സമൂഹമാണ് നമ്മുടേത്. മറുവശത്തെ രാഷ്ട്രീയങ്ങൾ പറഞ്ഞു ശീലമില്ലാത്ത മേഖലകളിൽ വൈരുധ്യങ്ങൾ സംഭവിക്കുക തന്നെ ചെയ്യും..!
മെയിൻ തീമിൽ കമ്മ്യൂണിസവും, പാർട്ടി ആശയങ്ങളും പറയുന്ന സിനിമകൾക്ക് വെളിയിൽ നിർമ്മിക്കപ്പെടുന്ന സിനിമകളിൽ പോലും കയ്യടി നേടണമെങ്കിൽ നായകൻ ചുവന്ന കൊടി തന്നെ പിടിക്കണം എന്നൊരു ധാരണയുള്ള സമൂഹമാണ് നമ്മുടേത്. അത്തരമൊരിടത്ത് നിർബന്ധപൂർവ്വമെങ്കിലും സംവിധായകനോ രചയിതാവോ അങ്ങനൊരു കർത്തവ്യത്തിന് പലപ്പോഴും നിർബന്ധിതമാകാറുണ്ട്.
കോൺഗ്രെസ്സുകാരൻ എന്നാൽ അയ്മനം സിദ്ധാർഥ്നും, സതീശൻ കഞ്ഞിക്കുഴിയുമാണ് എന്ന പൊതുബോധ നിർമ്മിതികൾ സിനിമകൾ തന്നെ മുന്നോട്ട് വെച്ചതുമാണ്.
അവിടെ നിന്നും കുറേക്കൂടി മുന്നിലോട്ട് പോകുമ്പോൾ ചാനൽ ചർച്ചകളിൽ നിലപാടുകളിൽ ഉറച്ചു നിന്ന് സംസാരിക്കുന്നവരെയും, പൊതുസ്വീകാര്യതയും വ്യക്തമായ രാഷ്ട്രീയവുമുള്ള മനുഷ്യരെ പോലും ഖദറിട്ടതിന്റെ പേരിൽ കഞ്ഞിക്കുഴികളായി ചിത്രീകരിച്ച് ക്രെഡിബിലിറ്റി തകർക്കുവാനും അവർ പറയുന്നതൊക്കെയും റദ് ചെയ്‌തുകളയാനും മറുവശത്തുള്ളവർക്ക് നിഷ്പ്രയാസം സാധിക്കുന്ന രീതിയിൽ സിനിമകൾ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഐഡന്റിറ്റി സഹായകമാകാറുണ്ട് എന്നത് കാണാം.
കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമകൾ ഇവിടെ ഇറങ്ങുന്നില്ല എന്നല്ല മറിച്ച് അതിലുപരി സിനിമകളിലൊക്കെയും നായകനോ ബന്ധപ്പെട്ടവരോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്നെ പറയണം എന്നൊരു അനിവാര്യത പൊതുബോധ നിർമ്മിതിയായി ഇവിടെ നിലനിൽക്കുന്നതിനെയാണ് അഡ്രസ് ചെയ്യുന്നത്. മറ്റ് രാഷ്ട്രീയം പറയുന്നവരെയൊക്കെയും താറടിച്ചു കാണിക്കുന്നതും തിരുത്തപ്പെടേണ്ടതാണ്.
ഇതിന്റെ ആഫ്റ്റർ എഫക്ട് എന്നോണം അത്തരം സിനിമകൾ, സിനിമ ടോട്ടാലിറ്റിയിൽ വരുന്ന സ്വാധീനത്തിന് പുറമെ ഒരു മിനിമം എജ് ഗ്രൂപ്പിൽ എത്തിനിൽക്കുന്നവരെ അവരുടെ ചിന്തകളെ ഒക്കെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതിന്റെ വലിയ ഉദാഹരണങ്ങളാണ് നമ്മുടെ കലാലയങ്ങൾ. പാർട്ടി അനുഭാവികൾക്ക് വെളിയിൽ അതിൽ അംഗത്വം ഉള്ളവർക്ക് പോലും ആശയ അടിത്തറയെ പറ്റി വലിയ ധാരണ കാണില്ല. അവിടെ പൊതുബോധത്തെ ഭയന്ന് കൊടിക്ക് കീഴിൽ അണിനിരക്കുന്നവരെ കാണാം. മറുവശത്ത് ചേരുന്നത് നാണക്കേടായി കാണുന്ന സിനിമകളിൽ ഇൻഫ്ലുവൻസ്ഡ് ആയവരും നിരവധിയുണ്ടാകും.
ഒരുവശത്ത് നെട്ടൂരാനെയും, ക്യൂബ മുകുന്ദനെയും കൊണ്ടാടുമ്പോഴും, മൊയ്തീനും, അലോഷിയും, അജിപാനുമൊക്കെ മനോഹരമാക്കുമ്പോഴും മറുവശത്തെ രാഷ്ട്രീയങ്ങളോ മനോഹര കഥാപാത്രങ്ങളോ സംഭവിക്കപ്പെടാത്ത നാടാണ് ഇവിടം.ഒരുകാലത്ത് നാടകങ്ങളായിരുന്നു കമ്മ്യൂണിസത്തെ ആളുകളിലേക്ക് എത്തിച്ചിരുന്നതെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് സിനിമകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്..!