നിങ്ങൾക്ക് മലയാളത്തിലെ എണ്ണം പറഞ്ഞ നടികളാകാം, പക്ഷേ പാർവ്വതിയാകുക എന്നാൽ അത്ര എളുപ്പമല്ല

46

Ashiq Nisam

ആദ്യ നായിക റോസിയെ നാടുകടത്തിയ പാരമ്പര്യമുള്ള മലയാള സിനിമയിൽ ഇപ്പോൾ സ്ത്രീ വിരുദ്ധതയുണ്ടോ, ജാതിയുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല, തോന്നിയിട്ടില്ല എന്നൊക്കെ മറുപടി പറഞ്ഞത് നാണൂറോളം അഭിനേതാക്കൾ അംഗമായ സംഘടനയുടെ നേതൃത്വം അലങ്കരിക്കുന്നവരായിരുന്നു.ആണധികാരവും, തങ്ങൾ നോർമലൈസ് ചെയ്യപ്പെടുകയാണ് എന്ന ബോധമുദിക്കാത്ത സ്ത്രീ സമൂഹവും കാലാകാലങ്ങളായി അമർന്നിരുന്ന അത്തരമൊരിടത്തു നിന്നാണ് പാർവ്വതി ഇറങ്ങി നടന്നത്.

കൂടെയുള്ളവർ തനിക്കു മുന്നെ പോയപ്പോഴും, സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ നോക്കിയിട്ടുണ്ടെന്ന് പാർവ്വതി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ വീണ്ടും വിക്ടിം ബ്ലേമിങ്ങ് തുടർന്നുകൊണ്ടിരിക്കുന്നിടത്ത് ഇറങ്ങി പോക്ക് തന്നെയായിരുന്നു പരിഹാരം.
മറുവശത്ത് wcc എന്ന സംഘടന നിലനിൽക്കുക എന്നത് തന്നെ ഒരു രാഷ്ട്രീയമായി കാണേണ്ടതുണ്ട്. പലർക്കും പലഘട്ടങ്ങളിലും വീണുപോകുമ്പോൾ ഒരു താങ്ങായി, ചേർത്ത് നിർത്തൽ നടത്താൻ അത്തരമൊന്ന് ഉണ്ടാകുക തന്നെ വേണം. എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്ക് ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ഒരു ഉത്തരമായിരിക്കും.

Parvathy wins the internet with her apology for using 'bipolar disorder'  casually | Hindustan Timesസംഘടന മാത്രമല്ല, അതിനു വെളിയിൽ മലയാള സിനിമയുടെ രാഷ്ട്രീയത്തെ സിനിമയ്ക്കുള്ളിലും വെളിയിലും മനോഹരമായി സംസാരിക്കുന്ന വ്യക്തിത്വമാണ് പാർവ്വതി.സ്വന്തം നിലയിൽ പാർവ്വതിക്കും നടന്നു നീങ്ങാമായിരുന്നു. മറ്റെല്ലാവരും ആണധികാരത്തെ വഴിപ്പെടും പോലെ, സ്വന്തം സിനിമകൾ ചെയ്ത് മറിച്ചൊന്നും മിണ്ടാതെ, സിനിമയിലെ ജൻഡർ ചർച്ചകളെ വിമർശിക്കാതെ, വുമൺ റപ്രെസെന്റേഷന് വേണ്ടിയും ഈക്വൽ റെമ്യുണറേഷനു വേണ്ടിയുമൊക്കെ വാദിക്കാതെ, പൊളിറ്റിക്കൽ കറക്ടനെസ്സിനെ പറ്റി ബോദേഡ് ആകാതെ സ്വന്തം ജീവിതത്തിൽ നിലയുറപ്പിക്കാമായിരുന്നു.

പക്ഷേ അർജുൻ റെഡ്ഢി ടോക്സിക് ആണെന്ന് അതിലഭിനയിച്ച നടന്റെ മുഖത്ത് നോക്കി പറയുമ്പോഴാണ് പാർവ്വതി മലയാളത്തിന്റെ പാർവ്വതിയാകുന്നത്. താരപരിവേഷം നോക്കാതെ മലയാള സിനിമയെ വിമർശിക്കുമ്പോഴും, ഇസ്ലാമോഫോബിയ ഉള്ള സിനിമകളിൽ അഭിനയിക്കില്ല എന്ന് പറയുമ്പോഴും, പൊളിറ്റിക്കൽ കറക്ടനെസ്സ് നോക്കിയേ സിനിമ ചെയ്യുള്ളൂ എന്ന് പറയുമ്പോഴുമൊക്കെയാണ് പാർവ്വതി കൂടുതൽ മനോഹരമാകുന്നത്. മലയാളത്തിന്റെ രണ്ട് തൂണുകൾ നിലകൊള്ളുന്ന സംഘടനയെ നോക്കി “ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല” എന്ന് പറയുന്ന, വിക്ടിം ബ്ലേമിംഗ് നടത്തുന്നവരെ മനസ്സറിഞ്ഞു പുച്ഛിക്കുന്ന പാർവ്വതി മാറുന്ന മലയാള സിനിമയുടെ അമരക്കാരിൽ പ്രധാനിയാണ്.

നിങ്ങൾക്ക് മലയാളത്തിലെ എണ്ണം പറഞ്ഞ നടികളാകാം. പക്ഷേ പാർവ്വതിയാകുക എന്നാൽ അത്ര എളുപ്പമല്ല. ബുള്ളിയിങ്ങും, വെർബൽ റേപ്പിങ്ങും ഒക്കെ നേരിട്ട്, സിനിമകൾ തന്നെ പൂർണ്ണമായി തഴഞ്ഞേക്കാവുന്ന നിലപാടുകളെടുത്ത്, തെറ്റുകളെ തുറന്നു സമ്മതിച്ച് മലയാള സിനിമയിൽ തന്നെ നിലയുറച്ചു മുന്നോട്ട് നീങ്ങുക എന്നാൽ പ്രയാസമാണ്.മലയാളത്തിലെ ആൺ മേൽക്കൊയ്മയുടെയും, പെൺ അടിമത്വത്തിന്റെയും വരുതിക്ക് നിൽക്കാതെ ഇന്ന് പാർവ്വതി എന്ന നടി മലയാള സിനിമയിലെ ഒരു ബാങ്കബിൾ ആക്ട്രസ് ആയിട്ടുണ്ടെങ്കിൽ, അവരുടെ സിനിമകൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിൽ, അതൊരു മാറ്റമാണ് പാർവ്വതിയിലൂടെ ഉണ്ടായ മാറ്റം.❤️
ജന്മദിനാശംസകൾ പാർവ്വതി.💙