Ashish J
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു “വാരിയംകുന്നൻ” എന്നൊരു സിനിമ പ്രഖ്യാപിച്ചതും അതിനുനേരെയുണ്ടായ പ്രതിഷേധങ്ങളും ആണ് “1921 പുഴ മുതൽ പുഴ വരെ” എന്ന സിനിമയുടെ പിറവിക്ക് പ്രധാന കാരണം.മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ധീര ദേശാഭിമാനിയായി ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ആഷിഖ് അബു സിനിമ ചില അജണ്ടകളുടെ ഭാഗമാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വംശഹത്യ നടത്തിയ ഒരു തീവ്രവാദി ആണെന്നും ഉള്ള വാദം പിന്തുടരുന്നവർ ആണ് പ്രധാനമായും ഈ സിനിമയെ പിന്തുണച്ചത്.
ഹിന്ദുത്വവാദിയും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവും ആയ സംവിധായകൻ അലി അക്ബർ അദ്ദേഹത്തിന്റെ ഫേസ്ബുക് ലൈവുകളിലൂടെയും പോസ്റ്റുകളിലൂടെയും ആണ് ഈ സിനിമ യഥാർഥ്യമാക്കിയത് എന്നത് മലയാള സിനിമയിലെ തന്നെ അപൂർവങ്ങളിൽ അപൂർവമായ കാര്യമാണ്. ജനങ്ങളോട് പണം ആവശ്യപ്പെട്ട് ജനകീയമായി പൂർത്തിയാക്കിയ സിനിമകൾ ഇതിനുമുമ്പും ഉണ്ടെങ്കിലും ഈ ഡിജിറ്റൽ യുഗത്തിൽ അതിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി പണപ്പിരിവ് നടത്തിയ ആദ്യ സിനിമ ഇതാവും.
സ്വാഭാവികമായും ഈ സിനിമയെ പിന്തുണയ്ക്കാൻ പ്രത്യേക മത, രാഷ്ട്രീയ വിശ്വാസികൾ കൂടുതലായി വന്നതും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ആ രാഷ്ട്രീയത്തിന് ഒട്ടും അനുകൂലമല്ലാത്തതുകൊണ്ടും തുടക്കം മുതൽ പരിഹാസങ്ങളും വിമർശനങ്ങളും നല്ല രീതിയിൽ ഏറ്റുവാങ്ങിയാണ് ഈ സിനിമ അലി അക്ബർ പൂർത്തിയാക്കിയത്.ഈ സിനിമ നടക്കില്ല എന്നും ചിലരെ പറ്റിച്ച് അലി അക്ബർ പണം സ്വന്തം കീശയിലാക്കുകയാണെന്നും അന്നും ഇന്നും പറയുന്നവർ ഉണ്ട്. പടം പൂർത്തിയായിട്ടും ഈ ആരോപണം ഉന്നയിക്കുന്നവർ ഉണ്ടെന്നുള്ളത് ശരിക്കും തമാശയാണ്.
സിനിമയുടെ ഓരോ ഘട്ടത്തിലും ട്രോളുകൾ കാരണവും സിനിമയ്ക്ക് കിട്ടിയ മൈലേജ് ചെറുതല്ല. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും ചെറിയ വീഡിയോകളുമൊക്കെ പുറത്തുവിട്ടപ്പോൾ ബജറ്റ് പരിമിതികൾ മുഴച്ചുനിൽക്കുന്നത് വലിയ പരിഹാസങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.ഒരു കോടിക്ക് മുകളിൽ തുക ജനങ്ങളിൽ നിന്ന് പിരിച്ചു കിട്ടിയിട്ടുണ്ടെന്നാണ് അലി അക്ബറിന്റെ ഫേസ്ബുക് പോസ്റ്റുകൾ നിരീക്ഷിക്കുമ്പോൾ മനസിലാക്കാൻ പറ്റുന്നത്. ഇന്നത്തെ കാലത്ത് എത്ര ചെറിയ സിനിമ ചെയ്യാൻ പോലും ഈ തുക മതിയാകുമോ എന്ന് സംശയമാണ്. അങ്ങനുള്ളപ്പോൾ ഒരു കാലഘട്ടം അടയാളപ്പെടുത്തുന്ന ചിലവേറെ വരേണ്ട ഒരു സിനിമ ഈ പരിമിതമായ ബജറ്റിൽ പോരായ്മകളോടെ ആണെങ്കിൽ പോലും തീർത്തെങ്കിൽ അത് അത്ഭുതം തന്നെയാണ്.
കൂടുതലും പുതുമുഖങ്ങൾ സഹകരിച്ച ഈ സിനിമ ചില അജണ്ടകൾ മുന്നോട്ട് വെയ്ക്കുന്നവരുടെ പൂർണ സഹകരണത്തോടെ ഒരുക്കുന്നതുകൊണ്ട് പ്രധാന താരങ്ങളും ടെക്‌നിഷ്യൻസും സഹകരിക്കാൻ മടിക്കും എന്നത് സ്വഭാവികമാണ്. എന്നിട്ടും തലൈവാസൽ വിജയ്, ജോയ് മാത്യു, ദിനേശ് പണിക്കർ, വിജയ് മേനോൻ, RLV രാമകൃഷ്ണൻ പോലുള്ള മുൻനിര താരങ്ങളും സിനിമയുടെ ഭാഗമായി.പ്രത്യേകിച്ച് ജോയ് മാത്യുവൊക്കെ മറ്റൊരു രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ വക്താവാണെന്നതും ശ്രദ്ധേയം. ഒരിക്കലും പ്രതിഫലം മോഹിച്ച് ഈ താരങ്ങൾ ആരും ഇതുപോലൊരു സിനിമയിൽ സഹകരിക്കില്ല എന്നതും ഉറപ്പാണ്. ഏതായാലും ഇതിന്റെ പേരിൽ ജോയ് മാത്യുവിനും തലൈവാസൽ വിജയ്ക്കുമൊക്കെ അത്യാവശ്യം സൈബർ അറ്റാക്കും കിട്ടി.
അതുപോലെ ഈ സിനിമയെ പിന്തുണക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പല താരങ്ങളെയും ഈ സിനിമയിൽ കണ്ടില്ല എന്നതും ശ്രദ്ധേയം. അതിൽത്തന്നെ സുരേഷ് ഗോപിയെ ഈ സിനിമയുടെ ഭാഗമാക്കാൻ ശ്രമിച്ചതും ഇത്തരം ഒരു സിനിമയുടെ ഭാഗമാകാൻ താൽപ്പര്യം ഇല്ല എന്ന് അദ്ദേഹം പറഞ്ഞതും സംവിധായകൻ അലി അക്ബർ തന്നെ പരസ്യപ്പെടുത്തിയിരുന്നു. പലപ്പോഴും പരസ്യപ്രസ്താവനയിലൂടെ ഭൂരിപക്ഷത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങൾ വിളിച്ചുപറയുമെങ്കിലും കലയെയും രാഷ്ട്രീയത്തെയും കൂട്ടികലർത്താൻ ശ്രമിക്കാത്ത, പ്രത്യേകിച്ച് ഒരു മുൻനിര നായകൻ എന്ന നിലയിൽ സുരേഷ് ഗോപിയുടെ ഈ തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്.
ഹിന്ദുത്വവാദിയായിരിക്കുമ്പോഴും ഇസ്ലാം ആയി തന്നെ തുടർന്ന അലി അക്ബർ ഇസ്ലാം മതം ഉപേക്ഷിച്ചതും ഹിന്ദു മതം സ്വീകരിച്ച് രാമസിംഹൻ എന്ന പേര് സ്വീകരിച്ചതും സെൻസർ സർട്ടിഫിക്കറ്റിനുവേണ്ടി മാസങ്ങളോളം കഷ്ടപ്പെട്ടതുമെല്ലാം സിനിമ റിലീസ് അടുത്തിരിക്കുന്ന ഈ കാലയളവിലെ പ്രധാന സംഭവങ്ങളാണ്.
……………………..
ഒരുപാട് പരിഹാസങ്ങളും ഭീഷണികളും നേരിട്ട് ഈ സിനിമ പൂർത്തിയാക്കി റിലീസ് വരെ എത്തി നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല എന്ന് തോന്നിയതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. ഒരിക്കലും ഈ സിനിമയുടെ അജണ്ടയോടോ ഇതിന്റെ സംവിധായകന്റെ രാഷ്ട്രീയത്തോടൊ യോജിച്ചുകൊണ്ടുള്ള ഒരു പോസ്റ്റല്ല ഇത്.പ്രത്യേകിച്ച് ഏത് സിനിമയ്ക്കെതിരെ ഈ സിനിമ പ്രഖ്യാപിച്ചോ ആ സിനിമ ഇനിയെന്ത് എന്ന അവസ്ഥയിൽ സംവിധായകനും നായകനും പിന്മാറി തുലാസിൽ നിൽക്കുമ്പോൾ അത്രയും വലിയ പിൻബലമൊന്നുമില്ലാതെ അതിന് മുൻപ് തന്നെ ഇത് പൂർത്തിയാക്കി എന്നത് തീർച്ചയായും വലിയ കാര്യം തന്നെയാണ്.
ആ ഒരു ടൈമിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രധാന കഥാപാത്രമാക്കി PT കുഞ്ഞുമുഹമ്മദ് അടക്കം വേറെയും ചില സംവിധായകരും സിനിമകൾ പ്രഖ്യാപിച്ചിരുന്നു. അലി അക്ബറിന്റെ ഒഴികെ ബാക്കിയെല്ലാം വാരിയംകുന്നനെ പോസിറ്റീവ് ആയി അവതരിപ്പിക്കുന്ന സിനിമകളായിട്ടും അലി അക്ബറിന് നേരിടേണ്ടി വന്ന ഭീഷണികളും പരിഹാസങ്ങളും ഇല്ലാതിരുന്നിട്ടും ഇവർക്കാർക്കും സിനിമകൾ പ്രഖ്യാപിച്ചു എന്നല്ലാതെ ഇനിയും യഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല.തീർച്ചയായും ആ ഒരു കാരണം മാത്രമാണ് ഇത്രയും എഴുതാൻ പ്രചോദനം.
( മാർച്ച് 3 നാണ് “1921 പുഴ മുതൽ പുഴ വരെ” തീയേറ്ററുകളിൽ എത്തുന്നത് )