കാപ്പ 🙏
Spoiler Alert 🚫
Ashish J
പടം തിയേറ്ററിൽ നിന്നപ്പോൾ ഷാജി കൈലാസിന്റെ മേക്കിങ്ങിനെയും പൃഥ്വിരാജിന്റെ പെർഫോമൻസിനെപ്പറ്റിയും ഒരുപാട് പോസിറ്റീവ് കണ്ടു. ഒരുതരത്തിലും ഇത് രണ്ടിനോടും യോജിക്കാൻ പറ്റുന്നില്ല. ഷാജി വെറൈറ്റി പിടിക്കാൻ നോക്കി കുളമാക്കിയ ഫീലാണ് മൊത്തത്തിൽ തോന്നിയത്. ഒരുപക്ഷെ ഒരു പുതിയ സംവിധായകൻ ചെയ്തിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന തോന്നൽ സിനിമ കാണുമ്പോൾ തോന്നിപ്പോയാൽ സ്വാഭാവികം. പൃഥ്വിയിലേക്ക് വന്നാൽ നല്ല പെർഫോമൻസ് ഉണ്ടെങ്കിൽ പോലും കൊട്ട മധു എന്ന് കേൾക്കുമ്പോൾ വലിയ എന്തോ സംഭവം എന്ന് തോന്നിക്കുന്ന ഒരു സ്വാഗൊന്നും തോന്നിയതേയില്ല. നോവൽ വായിച്ചപ്പോഴേ പൃഥ്വി ഇതിൽ മിസ്കാസ്റ്റ് ആവും എന്ന് തോന്നിയിരുന്നു. ആ അഭിപ്രായം തന്നെയാണ് സിനിമ കണ്ടപ്പോഴും.അന്ന ബെൻ, അപർണ ബാലമുരളി പിന്നെ പറയേണ്ട കാര്യവുമില്ല. 🥴
എന്നാൽ ആസിഫ് അലി സിനിമയിൽ പക്കാ ആയിരുന്നു. പക്ഷേ നോവലിൽ നിന്ന് വ്യത്യസ്തമായി ആനന്ദ് എന്ന ആ കഥാപാത്രത്തിന്റെ പ്രാധാന്യം ഇല്ലാതാക്കിയുള്ള തിരക്കഥ കാരണമാണ് ആസിഫിന് പടത്തിൽ ഒന്നും ചെയ്യാനില്ല എന്ന അഭിപ്രായം പൊതുവെ വന്നത്. ബൈക്കിൽ വരുന്ന ഒരു ഗാങ് കൊട്ട മധുവിനെ കൊല്ലാൻ ശ്രമിക്കുന്നതും ഒരു ചേസിങ് സീനുമൊക്കെ സിനിമയിൽ ഉണ്ട്. സിനിമയിൽ ആ സീൻ എന്ത് ബാലിശമായി ആണ് എടുത്തതെന്ന് നോവൽ വായിച്ചവർക്ക് മനസിലാകും. നോവലിൽ ആ സീനിൽ കൊട്ട മധുവിനൊപ്പം വണ്ടിയിൽ ഉണ്ടായിരുന്ന ആനന്ദിനെ സിനിമയിൽ ഒഴിവാക്കി കളഞ്ഞിരിക്കുന്നു.

ആനന്ദിന്റെ കൂടി സഹായത്താൽ ആണ് കൊട്ട മധു ആ സന്ദർഭത്തിൽ രക്ഷപ്പെടുന്നത്. കൊട്ട മധുവിന് ആനന്ദിനോട് താൽപ്പര്യം തോന്നാനും വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കാനുമൊക്കെ ആ അപകടത്തിൽ ആനന്ദ് മധുവിനെ സഹായിക്കുന്നത് ഒരു ഘടകം തന്നെയാണ്. എന്തുകൊണ്ടാണ് ആ ചേസിങ് സീനിൽ ആസിഫ് അലിയെ ഒഴിവാക്കിയതെന്ന് പിടികിട്ടുന്നേയില്ല. മധുവിന് കിട്ടേണ്ട ഹീറോയിസം പങ്കുവെയ്ക്കേണ്ടി വരും എന്നതുകൊണ്ടാണോ. അതുപോലെ മധുവിനെ കൊല്ലുന്ന ആ പയ്യനും ബൈക്കിൽ ചേസ് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. അതും സിനിമയിൽ കണ്ടില്ലെന്ന് നടിച്ചിരിക്കുന്നു.
അതുപോലെ തന്നെയാണ് ക്ലൈമാക്സിൽ മരണപ്പെട്ട മധുവിന്റെ ശരീരം കാണാൻ വേണ്ടിയുള്ള ആനന്ദിന്റെ യാത്ര. സിനിമയിൽ ഓട്ടോയിൽ വന്നിറങ്ങി വീട്ടുമുറ്റത്തു നിൽക്കുന്ന രണ്ടോ മൂന്നോ ഗുണ്ടകളുടെ ഭീഷണിയും തുറിച്ചു നോട്ടവും മാത്രം കണ്ട് മധുവിനെ കണ്ടുപോകുന്ന ആനന്ദിനെ നോവലിൽ കാണാൻ പറ്റില്ല. മധുവിന്റെ വീട് വരെയെത്താൻ പല പല വാഹനങ്ങൾ മാറിക്കയറിയുള്ള ആനന്ദിന്റെ യാത്ര തന്നെ നല്ല ത്രില്ലിംഗ് ആയിരുന്നു നോവലിൽ. അതൊക്കെ ഇത്രത്തോളം സിമ്പിൾ ആക്കിക്കളഞ്ഞത് തന്നെയാണ് ആസിഫിന് സിനിമയിൽ ഒന്നും ചെയ്യാനില്ല എന്ന് അഭിപ്രായം വരാൻ പ്രധാന കാരണം.
പൃഥ്വിരാജിന് സ്ക്രീൻ സ്പേസ് കുറവുള്ള സിനിമയിൽ ആസിഫിന് ഇനി ഹീറോയിസവും ത്രില്ലിംഗ് സീനുകളും കൂടി കൊടുത്താൽ ശരിയാവില്ല എന്ന തോന്നലാണോ നോവലിസ്റ്റ് കൂടിയായ തിരക്കഥകൃത്ത് ഇത്തരം വിട്ടുവീഴ്ചകൾ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും മൊത്തത്തിൽ പാളിപ്പോയ ഒരു സിനിമ തന്നെയാണ് കാപ്പ. നോവൽ വായിച്ചവർക്ക് തീരെ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല. ഏതായാലും ഇന്ദുഗോപന്റെ നോവലുകളോടുള്ള താൽപ്പര്യം കാരണം കാപ്പ തിയേറ്ററിൽ കാണാൻ തീരുമാനിക്കുകയും പിന്നീട് അത് നടക്കാതെ പോകുകയും ചെയ്തതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു