Ashish J
രണ്ടായിരങ്ങൾക്ക് ശേഷം മലയാളത്തിലെ സീനിയർ സൂപ്പർ സ്റ്റാറുകൾ ഏറ്റവുമധികം കേട്ട വിമർശനങ്ങളിൽ ഒന്നാണ് അവർ പ്രായത്തിനു യോജിക്കാത്ത കഥാപാത്രങ്ങൾ ചെയ്യുന്നു എന്നത്. ഇന്ന് മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്ന കൂട്ടത്തിൽ തന്നെ സൂപ്പർ സ്റ്റാറുകളുടെ ആ പഴയ ആറ്റിറ്റ്യൂഡിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് പ്രായത്തിനു യോജിക്കുന്ന വേഷങ്ങൾ തന്നെയാണ് അവർ കൂടുതലും തിരഞ്ഞെടുക്കുന്നത്. എന്നാൽ മലയാള സിനിമയിലെ ഈ മാറ്റത്തിനൊപ്പം രണ്ടാം വരവ് നടത്തിയ മഞ്ജു വാരിയർ ആണ് ഇന്നത്തെ കാലത്ത് ആ പഴയ വിമർശനത്തിന് ഏറ്റവും അനുയോജ്യ. പ്രായത്തിനു ചേരാത്ത കുട്ടിത്തമെന്നോ ക്യൂട്ട്നെസ്സെന്നോ ഒക്കെ പറയാവുന്ന വെറുപ്പീരുകൾ മുതൽ ഇപ്പോഴും വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നതും ജോലിയിൽ ഒന്ന് സെറ്റാവാൻ ശ്രമിക്കുന്നതുമായ ഇരുപതുകളിൽ പ്രായമുണ്ടാവാൻ സാധ്യതയുള്ള കഥാപാത്രങ്ങൾ വരെ ഈ ലിസ്റ്റിൽ ഇഷ്ടംപോലെ.
മഞ്ജു വാരിയരുടെ രണ്ടാം വരവിലെ ആദ്യ സിനിമയിൽ തന്നെ ഇത്തരമൊരു വെറുപ്പീരിന്റെ സാധ്യതകൾ നന്നായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് ആ പടം തൊട്ടേ അറിഞ്ഞൊ അറിയാതെയോ മഞ്ജുവിന്റെ രണ്ടാം വരവിൽ ഭൂരിപക്ഷവും അങ്ങനത്തെ റോളുകൾ കൂടുതലായി വന്നു എന്നതാണ് മറ്റൊരു വസ്തുത. എന്നിരുന്നാലും ഇത്തരം റോളുകൾക്കൊപ്പം പ്രായത്തിനും സ്വന്തം കഴിവിനും യോജിക്കുന്ന വേഷങ്ങളും മഞ്ജു തിരഞ്ഞെടുത്തിട്ടുണ്ട്. സൈറ ബാനുവും, സുജാതയും, അസുരനിലെ വേഷവും, ലൂസിഫറും എല്ലാം അത്തരത്തിൽ ഉള്ളത് തന്നെയാണ്. എന്നാൽ ഇവയ്ക്കു മേലെ മഞ്ജുവിനെ അടയാളപ്പെടുത്താൻ വെറുപ്പിച്ച കഥാപാത്രങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് എന്നതാണ് സത്യം. (ഭാവിയിൽ അത് കൂടാൻ തന്നെയാണ് സാധ്യത).
വെറും രണ്ടോ മൂന്നോ വർഷം കൊണ്ട് നേടിയെടുത്ത ഐഡന്റിറ്റി ആണ് മഞ്ജു വാരിയർക്ക് രണ്ടാം വരവിൽ ഇത്രയും സ്വീകാര്യത നേടിക്കൊടുത്തത് എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ഇവിടെ കുറച്ചുകൂടി മേധാവിത്വം പുലർത്തി നിൽക്കുന്ന പുരുഷ താരങ്ങൾക്ക് പോലും സാധിക്കാത്ത അപൂർവ നേട്ടം. എന്നാൽ അന്ന് രണ്ടല്ലെങ്കിൽ മൂന്നു വർഷം കൊണ്ട് നേടിയതിന്റെ പകുതി പോലും പ്രേക്ഷക അംഗീകാരം തിരിച്ചുവരവിലെ പത്തു വർഷങ്ങൾ കൊണ്ട് മഞ്ജു നേടിയോ എന്ന് സംശയമാണ്. പോരാത്തതിന് വെറുപ്പിക്കൽ കൂടിയാകുമ്പോൾ പൂർത്തിയായി എന്ന്തന്നെ പറയാം. അന്ന് മഞ്ജു വാരിയർ അഭിനയം നിർത്തിയത് ചിലരെ എങ്കിലും വേദനിപ്പിച്ചെങ്കിൽ ഇന്ന് അഭിനയം ഒന്ന് നിർത്തിത്തരാമോ എന്ന് പ്രേക്ഷകർ തന്നെ ചോദിക്കുന്ന കാലം വിദൂരമല്ല ഇങ്ങനൊക്കെയാണ് പോക്കെങ്കിൽ.
( മഞ്ജു വാരിയരുടെ തിരിച്ചുവരവിലെ മജോറിറ്റി സിനിമകൾ പ്രത്യേകിച്ച് ലേറ്റസ്റ്റ് സിനിമകൾ, ഇനി വരാൻ പോകുന്ന സിനിമകളുടേതായി കണ്ട പ്രോമോ മെറ്റീരിയൽസ് എന്നിവയുടെ അടിസ്ഥാനത്തിൽ തോന്നിയ കാര്യങ്ങൾ.)