Ashish J
സംവിധായകൻ വി.എം വിനു ഒരു സുരേഷ് ഗോപി സിനിമ പ്ലാൻ ചെയ്യുന്നു എന്ന് അദ്ദേഹം തന്നെ അടുത്തിടെ പറയുന്നത് കണ്ടു. വളരെ വൈകി കാലഘട്ടം ആവശ്യപ്പെടാത്ത ഈ സമയത്ത് ഒരു വി.എം വിനു സിനിമയിൽ സുരേഷ് ഗോപി വരുമ്പോൾ രണ്ടായിരങ്ങൾക്ക് ശേഷം അത്ര മികവില്ലാത്ത സുരേഷ് ഗോപിയുടെ ഫിലിം കരിയറിലൂടെ ഒന്ന് നോക്കുന്നത് വളരെ നന്നായിരിക്കും. 😕
രണ്ടായിരത്തിൽ തെങ്കാശിപട്ടണം പോലൊരു സേഫ് സോണിൽ അല്ലാത്ത പടം ചെയ്ത് കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം സൃഷ്ടിച്ചിട്ടും രണ്ടായിരത്തിന് ശേഷം സൂപ്പർസ്റ്റാറുകളിൽ ഏറ്റവും മോശം സിനിമകൾ സംഭവിച്ചതും വിജയശതമാനം കുറവുള്ളതുമായ നായകൻ തീർച്ചയായും സുരേഷ് ഗോപി തന്നെയാണ്. 😑
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് അദ്ദേഹത്തിന്റെ കരിയർ എടുത്തുനോക്കിയാൽ തന്നെ വ്യക്തമാവും. തൊണ്ണൂറുകളിലെ ആക്ഷൻ സിനിമ ട്രെൻഡ് അവസാനിച്ചപ്പോൾ അതിന്റെ നിഴലുമായി വന്ന ഒരുക്കൂട്ടം സംവിധായകർക്കൊപ്പവും തൊണ്ണൂറുകളിൽ സുരേഷ് ഗോപിക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകർക്കൊപ്പവും തന്നെയാണ് ഈ മാറിയ കാലയളവിലും സുരേഷ് ഗോപി കൂടുതലും സഹകരിച്ചത്. 😫
തെങ്കാശിപട്ടണം പോലൊരു പടം ചെയ്തിട്ട് പോലും അദ്ദേഹത്തെ തേടി കോമഡി സിനിമകളോ ഫാമിലി സിനിമകളോ കൂടുതലായി വന്നില്ല എന്നത് തികച്ചും അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് തൊണ്ണൂറുകളിൽ സുരേഷ് ഗോപിയേപ്പോലെ തന്നെ കോമഡി ചെയ്യാൻ വിഷമമുള്ള നടനെന്ന് പലരും പറഞ്ഞിരുന്ന പൊതുവെ സീരിയസ് വേഷങ്ങൾ കൂടുതലായി ചെയ്ത മമ്മൂട്ടിയൊക്കെ ഈ കാലയളവ് മനസിലാക്കാനും അതിനനസരിച്ചുള്ള സിനിമകൾ കൂടുതലായി ചെയ്യാനും ശ്രമിച്ചപ്പോഴും സുരേഷ് ഗോപിക്ക് അത് സാധിക്കാതെ പോയത് എന്തുകൊണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.😔
സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും അങ്ങനൊരു നീക്കം ഉണ്ടാകാത്തതോ സുരേഷ് ഗോപിക്ക് അത്തരം സിനിമകൾ നൽകാൻ ആരും ഉണ്ടാകാത്തതോ സിനിമയുടെ മറ്റു മേഖലകളിൽ അദ്ദേഹം ശ്രദ്ധ വെയ്ക്കാത്തതോ ഒക്കെയാവാം ഇതിനുള്ള കാരണങ്ങൾ.😫
രണ്ടായിരത്തിനു ശേഷം സുരേഷ് ഗോപിയുടെ നല്ല സിനിമകളും വിജയസിനിമകളും നോക്കിയാൽ അവയൊക്കെ നൽകിയത് തൊണ്ണൂറുകളിൽ അദ്ദേഹത്തിന് നല്ല സിനിമകൾ നൽകിയ ഷാജി കൈലാസും, ജോഷിയും, K മധുവും, ജയരാജുമൊക്കെ തന്നെയാണ്. അല്ലാതെ രണ്ടായിരങ്ങൾക്ക് ശേഷം ഉദിച്ചു വന്ന പ്രതിഭകൾ സുരേഷ് ഗോപിയുടെ സമകാലീകരായ മോഹൻലാലിനും മമ്മൂട്ടിക്കും മികച്ച സിനിമകൾ നൽകിയപ്പോൾ സുരേഷ് ഗോപിയുടെ സേഫ് സോണിൽ പടമെടുക്കുന്നവർ പോലും അദ്ദേഹത്തെ പരിഗണിച്ചില്ല എന്നതാണ് സത്യം. 😕
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം മായാവിയിൽ ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ മായാവിയുടെ ഡയറക്ടർ തന്നെയായ ഷാഫി അടുത്തിടെ എവിടോ പറഞ്ഞിരുന്നു ചട്ടമ്പിനാട് മമ്മൂട്ടി വേണ്ട എന്ന് പറഞ്ഞിരുന്നേൽ തന്റെ അടുത്ത ഓപ്ഷൻ സുരേഷ് ഗോപി ആവും എന്ന്. പറഞ്ഞുവരുമ്പോൾ അധികം കോമഡി വഴങ്ങാത്ത അത്യാവശ്യം ഹീറോയിസം ഇമേജുള്ള ഒരു നായകൻ ചെയ്യണ്ട കോമഡി പടങ്ങളാണ് ഇവ രണ്ടും. മമ്മൂട്ടി അത് വളരെ മികച്ചതാക്കിയിട്ടും ഉണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ ഇങ്ങനെ ചില സിനിമകൾ നഷ്ടപ്പെട്ടപ്പോൾ സുരേഷ് ഗോപിക്ക് വേണ്ടി മാത്രം ഒരു സിനിമ പ്ലാൻ ചെയ്യാൻ ഷാഫിക്ക് ഇപ്പോഴും പറ്റിയിട്ടില്ല. 😑
അതുപോലെ ആ കാലയളവിൽ ഉദിച്ചുവന്ന പുതിയ പ്രതിഭകളായ അൻവർ റഷീദ്, അമൽ നീരദ്, ജോണി ആന്റണി, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവർ മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഹിറ്റുകൾ സൃഷ്ടിച്ചപ്പോൾ സുരേഷ് ഗോപിയുടെ സേഫ് സോണിൽ സിനിമകൾ ചെയ്യുന്നവർ പോലും അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്തില്ല എന്നതും സുരേഷ് ഗോപിയുടെ ലിസ്റ്റിൽ നല്ല സിനിമകൾ കുറയാൻ ഇടയാക്കിയ ഒരു കാര്യം തന്നെയാണ്. 😶
ഇപ്പോഴും അമൽ നീരദ് സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരു സിനിമ സംഭവിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവരെ കാണാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. എന്നിട്ടും അങ്ങനൊരു സാധ്യതയുടെ റൂമർ പോലും സുരേഷ് ഗോപി തിരിച്ചുവന്ന ഈ സമയത്തുപോലും ഇല്ല
എന്നതാണ് വസ്തുത. 😑
ഒരുപക്ഷെ ആ കാലയളവിൽ ഒരു സുരേഷ് ഗോപി ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് വിലപിടിപ്പുള്ള സംവിധായകനായി മാറിയത് ജീത്തു ജോസഫ് മാത്രമാണ്. ജീത്തു ജോസഫിന്റെ രണ്ടാമത്തെ സിനിമയിലെ ഗസ്റ്റ് റോൾ മോഹൻലാൽ തിരക്കുകാരണം ഒഴിവാക്കിയപ്പോൾ അതും സുരേഷ് ഗോപി ചെയ്തുകൊടുത്തു. പക്ഷേ തിരക്കുള്ള സംവിധായകനായി മാറിക്കഴിഞ്ഞപ്പോൾ ജീത്തു ജോസഫ് തന്റെ മുൻനായകന്മാരിൽ സിനിമ ചെയ്യാനായി സമീപിക്കാത്തത് സുരേഷ് ഗോപിയെ മാത്രമാവും എന്നത് മറ്റൊരു വിരോധാഭാസം. 😑
തുടക്കം പറഞ്ഞ വി.എം വിനുവിലേക്ക് തന്നെ വന്നാൽ രണ്ടായിരം മുതൽ രണ്ടായിരത്തി പത്തു വരെയുള്ള കാലഘട്ടത്തിൽ ഫാമിലി ഡ്രാമ വിഭാഗത്തിൽ ഏറ്റവും മിനിമം ഗ്യാരന്റി ഉണ്ടായിരുന്ന സംവിധായകൻ അദ്ദേഹം തന്നെയാണെന്നതിൽ ഒരു സംശയവുമില്ല. അസിസ്റ്റന്റ് ആയിരുന്ന കാലഘട്ടത്തിൽ സുരേഷ് ഗോപിയുമായുള്ള നല്ല ബന്ധമൊക്കെ അദ്ദേഹം അടുത്തിടെ സംസാരിക്കുന്നതും കണ്ടു.👌
എന്നാൽ സുവർണ കാലഘട്ടത്തിൽ ഇദ്ദേഹവും ഒരു സുരേഷ് ഗോപി ചിത്രത്തിന് ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ആ ടൈമിൽ സിനിമകൾ ചെയ്ത നായകന്മാർ പോലും ഇദ്ദേഹത്തെ അടുപ്പിക്കാൻ സാധ്യതയില്ലാതിരിക്കെ, അവസാന സിനിമകൾ പലതും മോശമായതിനു ശേഷവും നല്ല സമയത്ത് ചെയ്ത സിനിമകൾ പോലും ഇന്നത്തെ കാലഘട്ടത്തിൽ ക്രിഞ്ച് ആയി മാറുമ്പോഴും മാത്രമാണ് വി.എം വിനു സുരേഷ് ഗോപിക്ക് വേണ്ടി ഒരു സിനിമ പ്ലാൻ ചെയ്യുന്നത്. ഇന്നത്തെ സിനിമ നിരീക്ഷകർ അടക്കമുള്ളവർ ഇങ്ങനൊരു സിനിമ അന്നൗൻസ് ചെയ്യുമ്പോഴേ എന്താണ് പറയാൻ പോകുന്നത് എന്ന് ഊഹിക്കാൻ വലിയ പാടില്ല. 😫
അതുപോലെ സുവർണ കാലഘട്ടത്തിന്റെ നിഴലുകൾ മാത്രം ഇപ്പോഴുള്ള മേജർ രവി, സിദ്ധിക്ക് പോലുള്ള സംവിധായകരും ആദ്യമായി സുരേഷ് ഗോപി സിനിമ പ്ലാൻ ചെയ്യുന്നു എന്ന റൂമറുകളും കുറച്ചുകാലമായി ഉണ്ട് ( ഇവർ രണ്ടുപേരും നേരത്തെ പ്ലാൻ ചെയ്തതും നടക്കാതെ പോയതും മറക്കുന്നില്ല ). 😌
ഇങ്ങനൊക്കെയാണേലും ഈ പറഞ്ഞ പ്രൊജക്ടുകൾ പലതും ഒഫീഷ്യലായി ഒരു പ്രഖ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നതും സുരേഷ് ഗോപിയുടെ അന്നൗൻസ് ചെയ്ത സിനിമകൾ എല്ലാം തന്നെ യുവ സംവിധായകാർക്കൊപ്പമാണെന്നുള്ളതും ഒരുപരിധി വരെ ആശ്വാസമാണ്. 😊
കരിയറിൽ വലിയ വീഴ്ചകൾ സംഭവിച്ചിട്ടുള്ള ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപി ഇനിയുള്ള സമയമെങ്കിലും വളരെ ശ്രദ്ധ വെയ്ക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ഈ സംവിധായകരെ മൊത്തത്തിൽ എഴുതി തള്ളുന്നതല്ല മറിച്ച് സുരേഷ് ഗോപി എന്ന നടന്റെ ഭാഗത്തുനിന്ന് കൂടി ചിന്തിക്കുമ്പോൾ ഇപ്പോഴത്തെ ട്രെൻഡ്, അതിനനുസരിച്ചുള്ള സംവിധായകർ അവർക്കൊപ്പം കൂടാതെ ഇത്തരം പരീക്ഷണങ്ങൾക്ക് കൂടുതലായി ശ്രമിച്ചാൽ അത് സുരേഷ് ഗോപിക്കോ ഈ സംവിധായകർക്കോ എന്തേലും പ്രയോജനം ചെയ്യുമോ എന്നുള്ള ആശങ്ക മാത്രം. 😇
അതുപോലെ രണ്ടായിരങ്ങൾക്ക് ശേഷം വന്ന പ്രതിഭാധനരായ സംവിധായകർ സുരേഷ് ഗോപി സിനിമ ചെയ്യാത്തത് തെറ്റാണ് എന്ന് ഉദ്ദേശിച്ചിട്ടില്ല. മറിച്ച് അവരിൽ ചിലർ അവരുടെ മോശം സമയത്ത് അതിന് ശ്രമിക്കുന്നതിനെ ഒന്ന് ശ്രദ്ധയിൽപെടുത്തി എന്നുമാത്രം.