സച്ചിദാനന്ദനും മേജർ ഉണ്ണികൃഷ്‌ണനും !
Ashish J
ചില സമാനതകൾ ഉള്ള കഥാപാത്രങ്ങളാണ് “വരനെ ആവശ്യമുണ്ട്”ലെ സുരേഷ് ഗോപി അവതരിപ്പിച്ച മേജർ ഉണ്ണികൃഷ്‌ണനും “ബിഗ് ബ്രദർ”ൽ മോഹൻലാൽ അവതരിപ്പിച്ച സച്ചിദാനന്ദനും എന്ന് തോന്നിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഈ രണ്ട് കഥാപാത്രങ്ങളുടെയും മാനസികമായ ചില ആകൂലതകൾ ഒന്ന് തന്നെയാണ്. Social anxiety എന്നോ കുറച്ച് ഉൾവലിഞ്ഞ സ്വഭാവം എന്നോ ഒക്കെ പറയാവുന്ന ഒരു പ്രശ്നം ഈ രണ്ടു കഥാപാത്രങ്ങൾക്കും ഉണ്ട്. രണ്ടുപേർക്കും അതിന് കാരണം അവരുടെ ബാല്യകാലത്തെ അനുഭവങ്ങൾ ആണെന്ന് യഥാക്രമം രണ്ട് സിനിമകളിലും പറയുന്നുമുണ്ട്.
മേജർ ഉണ്ണികൃഷ്ണന് ഊമയായ അമ്മയും മറ്റ് ബന്ധുക്കൾ ഒന്നുമില്ലാത്ത അവസ്ഥയും ആണെങ്കിൽ ചെറുപ്പത്തിൽ തന്നെ തടവറയുടെ ഏകാന്തത അനുഭവിക്കേണ്ടി വന്നതാണ് സച്ചിദാനന്ദന്റെ പ്രശ്നം. രണ്ടുപേർക്കും ഏറെക്കുറെ സമാനമായ ചില പ്രതിസന്ധികൾ ഉണ്ടെന്ന് സിനിമകളിൽ കാണിക്കുന്നതിന് ഒരുദാഹരണം ആണ് മേജർ ഉണ്ണികൃഷ്ണൻ തന്നെ കൗൺസിലിംഗ് ചെയ്യുന്ന ഡോക്ടറോട് കല്യാണം പോലുള്ള സമൂഹം ഒത്തുകൂടുന്ന ചടങ്ങുകളിൽ തനിക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന സന്ദർഭം. മേജർ ഉണ്ണികൃഷ്ണൻ വാക്കുകളിലൂടെ അത് പറഞ്ഞപ്പോൾ സ്വന്തം അനിയന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഷ്ടപ്പെടുന്ന സച്ചിദാനന്ദനെ ദൃശ്യവൽക്കരിച്ചു തന്നെ ബിഗ് ബ്രദറിൽ കാണിച്ചുതന്നു.
ഈ ഒരു പ്രശ്നമുള്ളപ്പോഴും രണ്ടുപേരും തങ്ങളുടെ ജോലിയിൽ ഒരു കുറവുകളും ഇല്ലാത്തവരാണെന്നും കാണാൻ സാധിക്കും. പട്ടാളക്കാരൻ എന്ന നിലയിൽ മേജർ ഉണ്ണികൃഷ്‌ണനും പോലീസിനുവേണ്ടി സീക്രെട്ട് ഓപ്പറേഷൻസ് നടത്തുന്ന കാര്യത്തിൽ സച്ചിദാനന്ദനും വിജയം ആണെന്ന് സിനിമകളിൽ വ്യക്തമാണ്. അതുപോലെ തങ്ങളുടേതായ സുഹൃത്ത് വലയത്തിലും രണ്ടുപേരും മറ്റ് ടെൻഷനുകളൊന്നുമില്ലാതെ ഫ്രീയായി പെരുമാറുന്നും ഉണ്ട്.സ്ത്രീകളോട് സംസാരിക്കാൻ വിഷയമില്ലാത്ത മേജർ ഉണ്ണികൃഷ്ണനും സ്ത്രീകളോട് സംസാരിക്കാതെ ഒഴിഞ്ഞുമാറുന്ന സച്ചിദാനന്ദനും വേണമെങ്കിൽ മറ്റൊരു സമാനതയായി പറയാവുന്നതാണ്.
……………………………………….
2020 ൽ ഏറെക്കുറെ ഒരേ സമയം തിയേറ്ററിൽ വന്ന ഈ രണ്ടു സിനിമകളും എന്നാൽ പ്രേക്ഷകർ സ്വീകരിച്ചത് തീർത്തും വൈരുധ്യമായ രീതിയിലാണ്. വരനെ ആവശ്യമുണ്ട് പോസിറ്റീവ് അഭിപ്രായങ്ങൾ നേടിയെടുത്ത് വിജയം നേടിയപ്പോൾ ബിഗ് ബ്രദർ മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുകയും പരാജയപ്പെടുകയും ചെയ്തു.വ്യത്യസ്തമായ വേഷങ്ങൾ കുറവുള്ള സുരേഷ് ഗോപിക്ക് മേജർ ഉണ്ണികൃഷ്ണൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ സമ്മാനിച്ചതോടൊപ്പം ഇടവേളയ്ക്ക് ശേഷം മികച്ച തിരിച്ചു വരവും കൊടുത്തു.
എന്നാൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ മറ്റാരേക്കാളും കഴിവുള്ള മോഹൻലാലിന് സച്ചിദാനന്ദൻ ഒരുപാട് വിമർശനങ്ങളും ട്രോളുകളും നേടിക്കൊടുത്തതല്ലാതെ മറ്റൊരു ഗുണവും ചെയ്തില്ല. അന്ന് മുതലുള്ള പരാജയ പരമ്പരയിൽ നിന്ന് ഇനിയും തിരിച്ചുവരവ് മോഹൻലാലിന് കിട്ടിയിട്ടും ഇല്ല. ഒരേ സ്വഭാവ സവിശേഷതകൾ ഉള്ള ഈ രണ്ട് കഥാപാത്രങ്ങളെ രണ്ടു സീനിയർ താരങ്ങൾ അതും അഭിനയത്തിന്റെ കാര്യത്തിൽ ഒരിക്കലും താരതമ്യങ്ങൾ വന്നിട്ടില്ലാത്ത രണ്ടുപേർ ട്രീറ്റ് ചെയ്ത രീതിയും അതിന് പ്രേക്ഷകർ നൽകിയ റെസ്പോൺസും ഏതായാലും കുറച്ച് കൗതുകം ഉള്ളതാണ്.