വംശീയ ആക്രമണങ്ങൾ മടിയില്ലാതെ ചെയ്യാനും അതിന്റെ പേരിൽ പൊതിവിചാരണ നേരിടേണ്ട സാഹചര്യമില്ലാതെയുമുള്ള ഒരു അവസ്ഥയാണ് അവർ ആഗ്രഹിക്കുന്നത്

121
Ashish Jose Ambat
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ കാലത്ത് വന്ന സ്വേച്ഛാധിപത്യഭരണം ഇന്ത്യയിൽ പരാജയപ്പെട്ടു പോയതിന്റെ ഒരു കാരണമായി സാമൂഹിക ശാസ്ത്രജ്ഞന്മാർ പറയുന്നത് അന്ന് വാർത്തമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ ഭരണകൂടത്തിന് വന്ന വീഴ്ചയാണ്. ഇന്ന് സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന സ്വേച്ഛാധിപത്യഭരണം മുൻ മാതൃകളിൽ വന്ന വീഴ്ചകളെ മനസ്സിലാക്കി സ്വയം ക്രമപ്പെടുത്തുന്ന ഒന്നാണ്. സമൂഹത്തിന്റെ ബോധങ്ങളെ സ്വാധീനിക്കുന്നതിൽ വാർത്ത മാധ്യമങ്ങൾക്കുള്ള പങ്ക് ആയതിനാൽ കൃത്യമായി സംഘപരിവാറിനു അറിയാം, അനുസൃതമായി പൊതുവിടത്തിൽ ചർച്ച ആകുന്ന വാർത്തകളെ അവരാണ് നിർണ്ണയിക്കുന്നത്, ഈ നിർണയത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്ന വാർത്ത ഏജൻസികളെ തടയുന്നതിന്റെ നേർചിത്രമാണ് ഏഷ്യാനെറ്റും മീഡിയവണ്ണും രണ്ടു ദിവസത്തേക്ക് നിരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ കൂടി പ്രകടം ആകുന്നത്‌. സ്വതന്ത്രമായും ഭരണകൂടത്തിന്റെ യുക്തിപരമായ വിമർശനവശമായും പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്, അതിനു നേരെ വീഴുന്ന നിരോധങ്ങൾ ജനാധിപത്യവ്യവസ്ഥയെ തന്നെ ഉന്മൂലനം ചെയ്യുന്ന നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ അവസാനത്തിലേക്കു, സ്വേച്ഛാധിപത്യമെന്ന മനുഷ്യവിരുദ്ധ ഭരണക്രമത്തിലേക്കു നാം വളരെ വേഗത്തിൽ അടുത്തു കൊണ്ട് ഇരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. ഡൽഹിയിൽ, രാജ്യ തലസ്ഥാനത്തിൽ സംഘപരിവാർ ഭരണകൂട സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ വംശീയ ആക്രമണങ്ങളെ തുറന്നു കാണിച്ചതിന്റെ പേരിലാണ് ഏഷ്യാനെറ്റും മീഡിയവണ്ണും നിരോധിക്കപ്പെട്ടത്, അത്തരം തുറന്നു കാണിക്കലുകൾ അസ്തമിച്ചു, സംഘപരിവാർ നിർണയിക്കുന്ന അജൻഡകൾ മാത്രമായി നീങ്ങുന്ന വാർത്തകളുടെ ഒരു കാലയളവിൽ നാം എത്തി ചേർന്നാൽ സംഘപരിവാർ ഭരണകൂടം നടത്തുന്ന ക്രൂരതകളെ അപലപിക്കാൻ പോലും അവസരമില്ലാത്ത ഒരു അന്തരീക്ഷത്തിൽ നാം എത്തിച്ചേരും. അങ്ങനെ വന്നാൽ ഏത് വിധത്തിൽ ഉള്ള വംശീയ ആക്രമണങ്ങളും മടിയില്ലാതെ ചെയ്യാനും അതിന്റെ പേരിൽ പൊതിവിചാരണ നേർ ഇട്ടേണ്ട സാഹചര്യമില്ലാതെയുമുള്ള ഒരു അവസ്ഥ ആകും ഉണ്ടാകുക. ഇന്ന് ആ അവസ്ഥയിലോട് എത്തിച്ചേരാതെ പിടിച്ചു നിർത്തുന്ന ഒരു തടസ്സം സാമൂഹിക മാധ്യമങ്ങളാണ്, നാളെ അവയും നിരോധിക്കപ്പെട്ടുകയോ, ഭീകരമായി നിയന്ത്രിക്കപ്പെട്ടുകയോ ചെയ്യാമെന്ന മുന്നറിയിപ്പ് കൂടിയാണ് ഇപ്പോൾ നടന്ന ഈ താൽക്കാലിക മാധ്യമ നിരോധനം വ്യക്തം ആക്കുന്നത്!