രണ്ടുവർഷം തലയില്ലാതെ ജീവിച്ച കോഴിയും അറ്റുപോയ തലയുമെടുത്ത് പറന്നു പോകുന്ന കടന്നലും

123

Ashish Jose Ambat

അറ്റുപോയ തന്റെ തലയുമെടുത്ത് പറന്നു പോകുന്ന കടന്നലും, രണ്ടുവർഷം തലയില്ലാതെ ജീവിച്ച കോഴിയും!

അമേരിക്കയിൽ കൊളറാഡോയിൽ കർഷകനായിരുന്ന ല്യോയിഡ് ഓൾസെൻ ഏഴര പതിറ്റാണ്ട് മുൻപ് 1945 സെപ്റ്റംബർ പത്താം തീയതി തന്റെ വീട്ടിൽ വന്ന അമ്മായിമ്മയ്ക്കു വിരുന്നു കൊടുക്കാനായി ഒരു കോഴിയെ കൊന്നു കറി വയ്ക്കാൻ തീരുമാനിച്ചു. കൃഷിയിടത്തിൽ ഉപയോഗിക്കുന്ന കോടാലി കൊണ്ടു കഴുത്തിനു വെട്ടിയാണ് കൊല്ലാൻ നോക്കിയത്, തലത്തെറിച്ചു പോയെങ്കിലും ആ കോഴി മരിച്ചില്ല, രണ്ടുവർഷം കൂടി ജീവിച്ചു, ‘മൈക്ക് ദി ഹെഡ് ലെസ് ചിക്കൻ’ ( തലയില്ലാത്ത മൈക്കെന്ന കോഴി) എന്ന പേരിൽ രാജ്യത്തിൽ ഉടനീളം പ്രസിദ്ധി നേടുകയും ചെയ്തു. മസ്തിഷ്കത്തിൽ നിന്നുമുള്ള ജുഗുലർ രക്തസിരയും ഒരു ചെവിയും മുറിഞ്ഞു പോയില്ലായിരുന്നു, മുറിവിനോട് ചേർന്നു വേഗത്തിൽ രക്തം കട്ട പിടിക്കുകയും ക്ളോട്ടുണ്ടായി രക്തസ്രവം നിൽക്കുകയും ചെയ്തിരുന്നു.

ശരീരത്തിലെ രക്തചംക്രമണത്തേയും ശ്വാസോച്ഛാസത്തേയും നിയന്ത്രിക്കുന്ന മസ്തിഷ്ക കാണ്ഡം (Brain Stem) എന്ന ഭാഗവും അത്ഭുതകരമായി ആഘാതമേൽക്കാതെ രക്ഷപ്പെട്ടു. കോഴി അത്ഭുതകരമായി ജീവിച്ചിരിക്കുന്നതായി കണ്ട ഓൾസെൻ തുടർന്ന് ഒരു ഡ്രോപ്പർ വഴി പാലും, വെള്ളവും ഒഴിച്ചു കൊടുത്തിരുന്നു. ശേഷമുള്ള രണ്ടു വർഷങ്ങൾ, ഈ കോഴി മരിക്കുന്നത് വരെ വിവിധ പ്രദർശന വേദികളിൽ ഈ കോഴിയെ കൊണ്ടുപോയി ധാരാളം പ്രസിദ്ധിയും പണവും നേടി, ആ സമയത്ത് ടൈം മാഗസിനിൽ പോലും ഈ ‘തലയില്ലാത്ത കോഴിയെപ്പറ്റി’ വാർത്തലേഖനം വന്നിരുന്നു.

തലയില്ലാതെ രണ്ടു വർഷം ജീവിച്ച കോഴിയുടെ കഥ പറഞ്ഞത് മറ്റൊരു സംഭവം വിവരിക്കാനാണ്. അറ്റുപോയ തന്റെ തലയുമെടുത്ത് പറന്നു പോകുന്ന ഒരു കടന്നലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടു ഇരിക്കുകയാണ് (ഒപ്പമുള്ള വീഡിയോ നോക്കുക) കടന്നലിന്റെ ദേഹത്ത് പ്രേതം കൂടിയതാണെന്നല്ലാമാണ് പലരുടെയും വ്യാഖ്യാനം. പ്രേതവും ഭൂതവും ഒന്നുമില്ലാതെ ജന്തുശാസ്ത്രധാരണകൾ കൊണ്ടു വിശദീകരിക്കാവുന്ന കാര്യം മാത്രേ ഇവിടെ ഉള്ളൂ.

കടന്നൽ പോലെയുള്ള പ്രാണികളിൽ തലയിൽ നാഡീകോശങ്ങളുടെ കേന്ദ്രീകരണം (
encephalization ) മനുഷ്യർ ഉൾപ്പെടുന്ന കശേരുമൃഗങ്ങളുടെ അത്രയും ശക്തമല്ല. പ്രാണികളിൽ ഒരു കേന്ദ്രമസ്തിഷ്കഭാഗം തലയിലുണ്ടെങ്കിലും നേർവ് സെന്ററുകൾ ഗാംഗ്ലിയെന്നപ്പേരിൽ കുട്ടി മസ്തിഷ്കങ്ങളായി ശരീരത്തിൽ മറ്റ് ഭാഗങ്ങളിലും കാണുന്നുണ്ട്‌. ശരീരപ്രവർത്തനങ്ങളുടെ മൊത്തത്തിൽ ഉള്ള നിയന്ത്രണം തലയിലുള്ള പ്രധാന മസ്തിഷ്കമാണ്‌ നടത്തുന്നതെങ്കിലും ലോക്കൽ ആയിട്ടുള്ള നിയന്ത്രണം അതിനോട് ചേർന്ന ഗാംഗ്ലിയാണ് നടത്തുന്നത്, അതിനാൽ തല പോയാലും പ്രാണികൾക്കു അടിസ്ഥാന ശാരീരികപ്രവർത്തനങ്ങൾ നടത്താൻ പറ്റും.

പാറ്റയുടെ തല മുറിഞ്ഞു പോയാലും പുതിയതായി ഭക്ഷണം കഴിക്കാൻ പറ്റില്ലായെന്നത് ഒഴിവാക്കിയാൽ ശരീരത്തിൽ കൊഴുപ്പ് ഊർജ്ജമായി ഉപയോഗിച്ച് തീരും വരെ ദിവസങ്ങളോളം ചിലപ്പോൾ ആഴ്ചകളോളം ജീവിച്ചിരിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ട്. ലൈംഗിക സ്വവർഗ്ഗഭോജനം ( sexual cannibalism) ഉള്ള പുൽച്ചാടി പോലെയുള്ള ജീവികളിൽ ലൈംഗീക ബന്ധത്തിന്റെ സമയത്ത് പെണ്ണ് ആദ്യമേ ആണിന്റെ തല മുറിച്ചു കഴിക്കുമെങ്കിലും ലൈംഗികവേഴ്ച തുടർന്നുകൊണ്ടുയിരിക്കും, കാരണം പ്രാണികളിൽ ജീവിച്ചിരിക്കാൻ തല അത്യന്താപേക്ഷിതമല്ല, ഏതാനം മിനിറ്റുകൾ മുതൽ ആഴ്ചകൾ വരെ വിവിധതരം പ്രാണികൾക്കു തലയില്ലാതെ ജീവിക്കാം!!
കടന്നലിന്റെ വീഡിയോ ദൃശ്യത്തിലോടു വന്നാൽ ശ്രദ്ധിച്ചു നോക്കുമ്പോൾ അതിന്റെ വായ് (mandible) സ്വന്തം മുൻകാലുകളിൽ കടിക്കുന്നത് പോലെ തോന്നുന്നുണ്ട്, തലയിൽ നിന്നും ഒരു വെള്ളനാര് പോലെയൊരു ഭാഗം ശരീരവുമായി ബന്ധപ്പെട്ടു തൂങ്ങി കിടക്കുന്നതും കാണാവുന്നതാണ്, അത് നേർവ്കോഡിന്റെ ഭാഗമായിട്ടാണ് തോന്നുന്നത്, അങ്ങനെയെങ്കിൽ തലയിലെ മസ്തിഷ്കത്തിൽ നിന്നും ഭാഗികമായിട്ടെങ്കിലും നിർദ്ദേശങ്ങളുടെ വിനിമയം നടക്കുന്നതായി അനുമാനിക്കാവുന്നതാണ് ( വെറുതെ ഭാവനയ്ക്കുവേണ്ടി മാത്രം ഒരുകാര്യം ചോദിക്കാം, നിങ്ങളുടെ തലയിങ്ങനെ ഊരിപ്പോയി കൈയ്യിലിരിക്കുന്ന അവസ്ഥയൊന്നു ഓർത്ത് നോക്കൂ, അപ്പോൾ ഉള്ള ചിന്തയെന്തായിരിക്കുമെന്നു കമന്റ് ബോക്‌സിൽ രേഖപെടുത്താമോ. )

പ്രാണികളുടെ പേശീ ചലനങ്ങൾ അതിനേറ്റവുമടുത്ത ഗാംഗ്ലിയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്, തലയിലുള്ള മസ്തിഷ്കം അതിനു നിർബന്ധമല്ല. പല പ്രാണികളും രുചിക്കുന്നത് കാലുകളിൽ ഉള്ള രോമങ്ങൾ പോലെയുള്ള ഭാഗങ്ങളിൽ കൂടി ലഭിക്കുന്ന സിഗ്നലുകൾ സ്വാദിനുള്ള നാഡിസ്വീകരണികളിൽ (gustatory receptors) എത്തുന്നത് വഴിയാണ്, ഇത് അവയിൽ ഭക്ഷണം കഴിക്കാനും ശേഖരിക്കാനുമുള്ള ചോദന ( feeding reflex) സൃഷ്‌ടിക്കുന്നതാണ്, അറ്റുപോയ തലയിൽ കാലുകൊണ്ടു സ്പർശിച്ചപ്പോൾ അതൊരു ഭക്ഷണപദാർത്ഥമായി തോന്നി കടന്നലെടുത്തു കൊണ്ടു പറക്കാൻ ശ്രമിച്ചത് ആകാനുമിടയുണ്ട്. തോറസിക് ഗാംഗ്ലിയാണ് ചലനങ്ങൾ അധികവും നിയന്ത്രിക്കുന്നത്, വയറിനോടു ചേർന്ന അബ്‌ഡോമിനൽ ഗാംഗ്ലിയാണ് ലൈംഗീകചേഷ്ടകളും, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വലിയ ഒരളിവിൽ ചെയ്യുന്നത്. തലയില്ലാതെ കടന്നലിനു ജീവിക്കാൻ പറ്റുമെങ്കിലും കാഴ്ചയ്ക്കുള്ള കണ്ണുകളു, ദിശ നിയന്ത്രണത്തിനുള്ള ആന്റീനകളും തലയിൽ ആയതിനാൽ അവയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചില്ലായെങ്കിൽ ദിശാബോധമില്ലാതെ എവിടെയെങ്കിലും പോയിയിടിക്കാനുമോ ഇരപിടിയന്മാരുടെ വായിൽ പോകാനുമോ സാധ്യതയേറെയാണ്.
ഇനിയൊരു വ്യക്തി അനുഭവം പറയാം.

കടന്നലിൽ അല്ലായെങ്കിലും അവയുടെ ബന്ധുക്കളായ തേനീച്ചകളെ മുറിച്ചു സെക്ഷനെടുത്ത് പഠിക്കുന്ന സമയത്ത് തല മുറിച്ചുമാറ്റിയ ഒരു തേനിച്ച ഡിസെക്ഷൻ മൈക്രോസ്കോപ്പിന്റെ ലെൻസിലോടു വന്നു പറന്നുയിടിക്കുന്നതും, അതിന്റെ മാറിയിരിക്കുന്ന തലയുടെ ഭാഗം സ്ലൈഡിന്റെ അറ്റത്ത് കടിക്കാൻ ശ്രമിക്കുന്നതും നേരിട്ടു കൗതുകത്തോടെ നിരീക്ഷിച്ചിട്ടുണ്ട്.

( മനുഷ്യരെ പോലെ വളരെയധികം ശക്തമായ മസ്തിഷ്ക കേന്ദ്രീകരണമുള്ള ജന്തുകളിൽ പോലും റീഫ്ലെക്സ് പോലെയുള്ള പ്രവർത്തനങ്ങൾ തലച്ചോറിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ സ്‌പൈനൽകോർഡിലെ ഗാംഗ്ലിയകൾ വഴിയാണ് നടക്കുന്നത്, ഉദാഹരണത്തിന് ചൂടുള്ള പ്രതലത്തിൽ തട്ടിയാൽ വേഗം കൈ വലിക്കുന്നത് നമ്മുടെ തലച്ചോറ് നേരിട്ടു അറിയാതെയാണ്. ഇങ്ങനെ പലതരം റീഫ്ലെക്സുകൾ മസ്തിഷ്കം നേരിട്ടു അറിയാതെ സംഭവിക്കുന്നുണ്ട്, നിങ്ങൾക്ക് അറിയാവുന്ന ഉദാഹരണങ്ങൾ കമന്റ് ബോക്‌സിൽ കുറിക്കാം )