ഫ്രഞ്ച് കിസ് അടിക്കുമ്പോൾ ഇമ്യൂണിറ്റി കൂടുമെന്നോ !

400

Ashish Jose Ambat എഴുതിയത്

നിങ്ങളിൽ എത്രപ്പേർ “philematology” എന്നു കേട്ടിട്ടുണ്ടെന്നു അറിയില്ല. ചുംബനത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ്. ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിതകാലത്തിൽ രണ്ടു ആഴ്ചയിൽ കൂടുതൽ ചുംബനത്തിനുവേണ്ടി ചിലവഴിക്കുന്നതായിട്ടാണ് കണക്ക് ആക്കുന്നത്. മനസ്സിന്റെ പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ ചുംബനമേറെ സഹായകരമാണ്, കോർട്ടീസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് അത് കുറയ്ക്കും. മസ്തിഷ്കത്തിൽ റിവാർഡ് സെന്ററുകളെ ഉത്തേജിപ്പിക്കുന്ന രീതിയിൽ ഫീൽ ഗുഡ് ന്യൂറോട്രാൻസ്മിറ്ററുകളായ ഡോപമീന്റെയും, ഓക്സിടോക്സിന്റെയും ഒരു തിരമാല തന്നെ ചുംബനം ഒരുക്കും!

ഫ്രഞ്ച് കിസ് അടിക്കുമ്പോൾ പരസ്പരമുള്ള ഉമിനീര് പങ്കുവയ്ക്കുന്നതിനാൽ മൈക്രോബായോട്ട ഷെയർ ചെയ്യുകയും ഇരുവരുടെയും ഇമ്യൂണിറ്റി കൂടുകയും ചെയ്യുമെന്ന് പഠനങ്ങളുണ്ട്. പങ്കാളിയുമായി ഉള്ള ചുംബനത്തിൽ ഫെർമോണുകൾ പങ്കുവയ്ക്കുന്നതിനാൽ ഓരോതരുടെയും ചുംബനങ്ങൾ രസതന്ത്രപരമായി തന്നെ പ്രത്യേക കൈയൊപ്പ്‌ പതിപ്പിക്കുന്നുണ്ട്. ജന്തുലോകത്തിൽ മനുഷ്യൻ മാത്രമല്ല ധാരാളം ജീവികൾ ചുംബിക്കാറുണ്ട്. പക്ഷെ ചുംബനത്തിന്റെ വൈകാരിക അനുഭവം മനുഷ്യനെ പോലെ മനസ്സിൽ ആക്കാൻ പറ്റിയ വേറെ ജന്തുവുണ്ടോവെന്നു സംശയമാണ്. ചുംബിക്കുന്നത് ഒട്ടും ലളിതമായ കാര്യമല്ല, 34 ഫേഷ്യൽ പേശികളുടെയും 112 പോസ്ട്രൽ പേശികളുടെയും സങ്കീർണ്ണമായ കോർഡിനേഷൻ വഴിയാണ് ചുംബനം ഉണ്ടാകുന്നത്. ചുംബനത്തിന്റെ പേശി എന്നു അറിയപ്പെടുന്ന ഒരു മസിൽ തന്നെയുണ്ട് “orbicularis oris muscle” ആണ് അത്. ആദ്യമായി ചുംബിക്കുമ്പോൾ ടെൻഷൻ കാരണം പാളി പോകാമെങ്കിലും പ്രീയപ്പെട്ടവന്റെ(വളുടെ) ചുണ്ടുകൾ നമ്മുടെ ചുണ്ടിൽ ചുണ്ടുകൾ നമ്മളിൽ പതിക്കുമ്പോൾ
നാം സ്വയം മറന്നു അതിൽ ലയിക്കുന്നു.

ചുംബനങ്ങളെ അകാരണമായി എതിർക്കുകയും അറപ്പോടും ഭീതിയോടും കാണുന്ന ചുരുക്കം ചില ആളുകളുണ്ട് അവർക്ക് ഫൈൽമറ്റോഫോബിയ എന്ന ചെറു മനോരോഗം ആകാൻ സാധ്യതയുണ്ടെന്നാണ് ചില മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
നല്ലൊരു ചുംബനം മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്നതാണ്. അതോടൊപ്പം പങ്കാളിയും ആയിയുള്ള അടുപ്പവും ചുംബനങ്ങൾ വർദ്ധിപ്പിക്കും. ഇതിന് ശാസ്ത്രീയമായ അടിസ്ഥാനവും ഉണ്ട്. മുൻപ് പറഞ്ഞത് പോലെ ഹൈപ്പോതലാമിസിൽ നിർമ്മിക്കുന്ന ഓക്സിടോക്സിൻ എന്ന ഹോർമോൺ ചുംബിക്കുമ്പോൾ ധാരാളം ആയി റീലിസ് ആകുന്നുണ്ട്‌. ഇത് മനസ്സിന്റെ ടെൻഷനും പിരിമുറുക്കങ്ങളും ഇല്ലാതെ ആകുകയും വ്യക്തികൾ തമ്മിലുള്ള അടുപ്പം കൂട്ടുകയും ചെയ്യും. ഡോപമീൻ തുടങ്ങിയ അഡിക്ഷൻ ഉണ്ടാക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളും ചുംബനത്തിൽ വരുന്നുണ്ട്. അത് കൊണ്ട് തന്നെ ഉമ്മകൾ പലപ്പോഴും അഡിക്ഷൻ ആയി മാറാറുണ്ട്. നല്ല ചുംബനങ്ങൾ നേരിട്ട് ചെയ്യുന്നത് മാത്രമല്ല കാണുന്നത് തന്നെ സന്തോഷം പകരുന്ന അനുഭവം ആണ്.

ഇനി ലോകത്തിൽ ഏറ്റവും കൂടുതൽ നേരം ചുംബിച്ചത് ആരാണെന്ന് അറിയോ, അതിനൊരു വേൾഡ് റെക്കോർഡ്‌ തന്നെയുണ്ട്‌ .ഇക്കാച്ചിയെന്നും ലക്സനയെന്നും പേരുള്ള തായ്‌ലൻഡിൽ നിന്നുള്ള ദമ്പതിമാരാണ് ആ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്, അവരുടെ ഒരു ചുടുചുംബനം നീണ്ടു നിന്നത് എത്ര നേരമെന്നു അറിയോ, 58 മണിക്കൂറും 35 മിനിറ്റും. ഈ സമയത്തിന്റെ ഇടയിൽ വെള്ളം കുടിക്കുക ഉൾപ്പെടെ ശരീരത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ നടപ്പിലാക്കിയത് ചുംബനം മുറിക്കാതെ ആയിരുന്നു. ഒപ്പമുള്ള ചിത്രം ഇരുവരുടെയുമാണ്‌. 2013 മുതൽ ഈ റെക്കോർഡ് ബ്രെക്ക് ചെയ്യപ്പെട്ടാതെ തുടരുന്നു. ഇതിനു മുൻപുള്ള ലോക റെക്കോർഡും 46 മണിക്കൂരു ഉമ്മവെച്ചു ഇവർ തന്നെയാണ് 2011യിൽ കരസ്ഥമാക്കിയത്.

കൊറോണക്കാലവും ലോക്ഡൗണും ആയതിനാൽ ഒന്നിച്ചു ആയിരിക്കുന്ന പങ്കാളികൾക്കു നേരിട്ടു ചുംബിക്കാൻ ഒരുപാട് അവസമുണ്ടെങ്കിലും ലോംഗ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ ആയിരിക്കുന്നവരുടെ ചുംബനങ്ങൾ അധിക്കവും ഇപ്പോൾ ഡിജിറ്റൽ രൂപത്തിലാണ്. “പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ” എന്ന വരികൾ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത സമയം!!