റേഡിയേഷന്‍ തിന്നു തീര്‍ക്കുന്ന പൂപ്പലുകള്‍!

102

Ashish Jose Ambat

റേഡിയേഷന്‍ തിന്നു തീര്‍ക്കുന്ന പൂപ്പലുകള്‍!

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം സംഭവിച്ചിട്ടു മൂന്നര പതിറ്റാണ്ടോളം ആകുന്നുവെങ്കിലും റിയാക്റ്ററുകള്‍ക്ക് കീലോമീറ്ററോളം ചുറ്റുമുള്ള പ്രദേശം ഇന്നും മനുഷ്യാവാസ യോഗ്യമല്ല, ഹനീകരമായ റേഡിയേഷനുകള്‍ ആ പരസരത്തില്‍ ഇനിയും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യാം. അതീവ മാരക അയണീകരണശേഷിയുള്ള റെഡിയേഷനെ ഒന്നും പക്ഷെ ഗൌനിക്കാതെ ആ‍ണവോർജ്ജ റിയാക്റ്ററുകളുടെ ഭിതികളില്‍ തന്നെ ചേര്‍ന്ന് വളരുന്ന ഒരുതരം കറുത്ത പൂപ്പലുകളെ 1991യിൽ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. ആര്‍ടൂറോ കാസ്ടെവലും ഏകാത്രീന ദാദാഷോവയും എന്നീ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനം പ്രകാരം ഈ പൂപ്പലുകള്‍ ചെർണോബിൽ നിന്നുള്ള ആണവ വികിരണങ്ങളെ ഊര്‍ജ്ജത്തിന് വിനിയോഗിച്ചു വളരുന്നത് ആയിട്ടാണ് കണ്ടെത്തിയത്.

ആസ്ബെസ്റ്റസും, പ്ലാസ്റ്റിയ്ക്കും, വിമാനത്തിന്‍റെ ഇന്ധനവും ഉള്‍പ്പെടെ വിവിധതരം പൂപ്പലുകള്‍ തിന്നു തീര്‍ക്കുന്ന സാധനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല, ഇപ്പോള്‍ ആണവ വികിരണങ്ങളെയും ഭക്ഷിച്ചു ജീവിക്കുന്ന തരം പൂപ്പലുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരുടെ ഉള്‍പ്പടെ ത്വക്കില്‍ കാണുന്ന, ത്വക്കിന് നിറം നല്‍കുന്ന പിഗ്മെന്‍റായ മെലാനിനെയാണ് ഈ പൂപ്പലുകള്‍ റെഡിയേഷനില്‍ നിന്നും ഊര്‍ജ്ജം നേടുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്. നമ്മുടെ ത്വക്കില്‍ കാണുന്ന മെലാനിന്‍ അപടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും വലിയ ഒരു അളവില്‍ സംരക്ഷണം നല്‍കുന്നുണ്ട്, ഇരുണ്ട നിറമുള്ളവരില്‍ മെലാനിന്‍റെ അളവ് കൂടുതലും തല്‍ഫലമായി സംരക്ഷണം അല്പം കൂടുതല്‍ വരുന്നുണ്ട്. 1986യിലെ ചെർണോബിൽ ദുരന്തത്തിനു ശേഷം അവിടെ നിന്നുള്ള ആണവ അവശിഷ്ടങ്ങളോട് ഈ പൂപ്പലുകള്‍ അടുപ്പം കാണിച്ചു വളരുന്നതു ഊര്‍ജ്ജ ഉപയോഗം ലക്ഷം വച്ചാണ്.

ഏകദേശം പതിനാല്‍ കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിറ്റേഷ്യസ്‌ കാലഘട്ടത്തിന്‍റെ ആരംഭത്തില്‍ മെലാനിന് ഉള്ള ധാരാളം പൂപ്പലുകളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഈ കാലയളവില്‍ ഭൂമിയുടെ റെഡിയേഷന്‍ സംരക്ഷണവലയം വിള്ളല്‍ നേരിടുകയും തല്‍ഫലമായി ധാരാളം മൃഗങ്ങളും സസ്യങ്ങളും നശിച്ച ഒരു സമയവുമാണ് പക്ഷെ അവിടെ അതിനെ തരണം ചെയ്യാന്‍ മെലാനിനുള്ള പൂപ്പലുകള്‍ക്ക് സാധിച്ചിരുന്നു.

റീനിയം-188, ടങ്സ്റ്റൺ-188 എന്നീ പദാര്‍ത്ഥങ്ങളില്‍ നിന്നുള്ള ഗാമാകിരണങ്ങളോട് Cladosporium sphaerospermum, Cryptococcus neoformans, Wangiella dermatitidis എന്നീ മൂന്നു പൂപ്പലുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരിശോധിച്ചതില്‍ നിന്നും റെഡിയേഷന്‍റെ സാമീപ്യത്തില്‍ ഈ പൂപ്പലുകളുടെ വളര്‍ച്ച വളരെയധികം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.

ചെർണോബിൽ ദുരന്തത്തിനു ശേഷം ബാക്കി വന്ന ഗ്രാഫൈറ്റ് ദണ്ഡുകള്‍ ഉള്‍പ്പടെയുള്ള റേഡിയോയാക്ടീവ് അവശിഷ്ടങ്ങളെ ചില പൂപ്പലുകള്‍ തിന്നു തീര്‍ത്തു കൊണ്ടിരിക്കുന്നുവെന്ന് ഴ്ഹനോവയും സംഘവും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ പൂപ്പലുകള്‍ മെലാനിന് ധാരാളമായി നിര്‍മ്മിക്കുന്നുണ്ട്, ഈ മെലാനിന് ആണവ വികിരണത്തില്‍ നിന്നും സംരക്ഷണം നല്‍കുക മാത്രമല്ല ഊര്‍ജ്ജ ഉപയോഗത്തിന് വേണ്ടിയും രാസപരമായ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.

അയണീകരണ വികിരണങ്ങള്‍ ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ മണ്ണില്‍നിന്നും മെലാനിനുള്ള പൂപ്പലുകള്‍ അധികമായി വളരുകയും ചെയ്യാറുണ്ട്. ആണവ വികിരണം ഏല്‍ക്കുന്ന അവസരത്തില്‍ ഈ പൂപ്പലുകളില്‍ ഉള്ള മെലാനിന് ചില ഘടന മാറ്റങ്ങള്‍ക്കും വിധേയം ആകുകയും മെറ്റാബോളിക്ക് പ്രവര്‍ത്തങ്ങള്‍ നാല് ഇരട്ടിയോളം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി ദാദാഷോവയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മെലാനിന് ഇല്ലാത്ത പൂപ്പലുകള്‍ ആണവ വികിരണത്തിന്‍റെ സാമീപ്യത്തില്‍ വളര്‍ച്ച വര്‍ദ്ധിക്കുന്നില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷെ വളരെയധികം ചെറിയ അളവില്‍ ആണെങ്കിലും മനുഷ്യര്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളില്‍ കാണുന്ന മെലാനിനും ഊര്‍ജ്ജ ഉപയോഗത്തില്‍ സഹായിക്കുന്നുണ്ട് എന്നൊരു അനുമാനവും ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്‌. ആണവ അവശിഷ്ടങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരു സാങ്കേതിക മാര്‍ഗ്ഗമായി പൂപ്പലുകളെ ഒരുപക്ഷെ ഭാവിയില്‍ നിയന്ത്രിച്ചു ഉപയോഗിക്കുകയും ചെയ്യാം!
– Ashish Jose Ambat
Ref: Dadachova E., et al. PLoS One, doi:10.1371/journal.pone.0000457 (2007).
Zhdanova N. N., et al. Mycol. Res., 108 . 1089 – 1096 (2004).