തലയില്‍ പൂവുള്ള കരിങ്കോളിപ്പാമ്പ് സങ്കല്പമോ യാഥാർഥ്യമോ ?

172

ആശിഷ് ജോസ് അമ്പാട്ട്

തലയിൽ പൂവുള്ള ഭീകരനായ ഒരു കറുത്ത പാമ്പ്, കോഴിയെ പോലെ കൂകി വിളിക്കുന്ന, ചുണ്ടു കൊണ്ട് കൊത്തുന്ന, പത്ത് പതിനാറു അടി നീളമുള്ള ഒരു കൂറ്റൻ വിഷസർപ്പം! കേരളത്തിന്റെ ഉൾക്കാടുകളിൽ ഉണ്ടെന്നു പലരും വിശ്വസിക്കുന്ന “കരിങ്കോളി” എന്ന ഐതിഹ്യ പാമ്പിനെപ്പറ്റിയുള്ള വിവരമാണിത്.

സത്യാവസ്ഥ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെ ഒരു പാമ്പ് ഉണ്ടെന്നതിനു ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ലായെന്നു മാത്രമല്ല സാധുത തന്നെയില്ല. രാജവെമ്പാലയെ കണ്ടു തെറ്റിദ്ധരിച്ചു ഊഹാപോഹ കഥകൾ കോർത്തിണക്കി പറയുന്നത് ആകാനാണ് സാധ്യത.
എൻ. പരമേശ്വരൻ എഴുതിയ 1958യിൽ കേരളത്തിലെ ഒൻപതാം ക്ലാസിലെ ഒരു പാഠപുസ്തകമായിരുന്ന ‘വനസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ “ചെന്തുരുണി മലയിലെ കോഴിപ്പൂവൻ പാമ്പ്” എന്ന ശീര്‍ഷകത്തിൽ ഈ ഐതിഹ്യപാമ്പിനെപ്പറ്റി യാഥാർഥ്യമെന്ന രീതിയിൽ വിവരിക്കുന്നുണ്ട്. ഇങ്ങനെ ഒരു പാമ്പിനെപ്പറ്റി ആദ്യമായി കേൾക്കുന്നത് അഞ്ചോ ആറോ വയസ്സ് ഉള്ളപ്പോൾ ചാവറ കുരിയാക്കോസ് അച്ചന്റെ ജീവചരിത്ര കഥകളിലാണ്. സഭയുടെ ആശ്രമത്തിന്റെ പണി നടത്തുവനായി തടി ശേഖരിക്കാൻ വനാന്തരങ്ങളിൽ പോയ തൊഴിലാളികൾ ഒരു കൂറ്റൻ കരിങ്കോളി സർപ്പത്തെ കണ്ടു ഭയന്നു ഓടിയെന്നു. ചാവറയച്ചൻ ഇത് കേട്ട് അവിടെ എത്തി പാമ്പിനെ ജപമാല കാണിച്ചു ശാന്തയാക്കി ഉൾക്കാടിലോടു അയച്ചുവെന്നുമാണ് കഥ!

സത്യത്തിൽ ഇങ്ങനെ ഒരു കോഴിപ്പുവൻ പാമ്പ് മലയാളികളുടെ ഐതിഹ്യസങ്കല്പങ്ങളിൽ ഒന്നു എന്നതിന് അപ്പുറം യാഥാർഥ്യത്തിൽ ഉള്ളതല്ല. നമ്മുടെ വളർത്തു കോഴികൾ ഉൾപ്പെടുന്ന ഗാലിഫോർമിസ് ഓർഡറിൽ വരുന്ന പക്ഷികളിൽ പലതിലും കാണുന്ന ഒരു ഘടന സവിശേഷതയാണ് “പൂവ്” എന്നു വിളിക്കുന്ന ക്രെസ്റ്റ്. ഇതിനെ കുറിക്കാൻ coxcomb എന്നൊരു വാക്കുമുണ്ട്. പൂവന്‍കോഴിയുടെ പൂവ്‌ എന്നർത്ഥത്തിൽ “cock’s comb” എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടുന്നത്. ഗാലിഫോർമിസിലെ പക്ഷികളിൽ ആൺവർഗ്ഗത്തിനെ ഇംഗ്ലീഷിൽ കോക്ക് എന്നാണ് വിളിക്കുന്നത്. കോഴികളിൽ മയിലിന്റെ വാൽ പോലെ ഒരു സെക്കൻഡറി സെഷ്വൽ ക്യാരറ്റർ ആയിട്ടും തലഭാഗത്തെ താപനിയന്ത്രണത്തിനു സഹായിക്കുന്ന ഒരു അവയവമായിട്ടുമാണ് കോഴിപ്പൂവ് പ്രവർത്തിക്കുന്നത്. പാമ്പുകളിൽ ഇങ്ങനെ ഒരു അവയവമുണ്ടെന്നതിന് യാതൊരുവിധ ശാസ്‌ത്രീയ അടിത്തറയുമില്ല.

കരിങ്കോളി പാമ്പിന്റെ എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഒന്നു red-bellied black snake എന്ന ഓസ്‌ട്രേലിയിൽ പ്രാദേശികമായി കാണപ്പെടുന്ന ഒരു മൂർഖൻ കുടുംബത്തിലുള്ള പാമ്പിന്റെ തലയിൽ കോഴിപ്പൂവ് ഫോട്ടോഷോപ്പ് ചെയ്തത് ആണ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ മേൽശരീരത്തിന് നല്ല കറുത്ത നിറമാണെങ്കിലും കീഴ്ഭാഗത്തു വയറിനോട് ചേർന്നു ചുവപ്പും-പിങ്കും ചേർന്ന ഷെഡുള്ള നിറമായിരിക്കും ഈ പാമ്പിന് .

ഡോ. കെ.ജി അടിയോടിയുടെ ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ എന്ന ഗ്രന്ഥത്തിൽ കരിങ്കോളിയെപ്പറ്റി പറയുന്നുണ്ട്. രാജവെമ്പാലകളിൽ (king cobra) ചിലപ്പോൾ പടം പൊഴിക്കുന്ന (moulting) അവസരത്തിൽ തലയിൽ കുറച്ചുഭാഗം പടം അടർന്നു ബാക്കിയായി പറ്റിപ്പിടിച്ചിരിക്കുന്നത് ദൂരെ നിന്ന് കാണുമ്പോൾ കോഴിപ്പൂവ് പോലെ തോന്നിയത് ആകാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സാധ്യതയുള്ള കാര്യമാണ്. രാജവെമ്പാല മരങ്ങളിൽ കയറുന്ന arboreal സ്വഭാവം കാണിക്കാവുന്ന പാമ്പാണ്. വനാന്തരങ്ങളിൽ വൻ വൃക്ഷങ്ങളിൽ വെച്ചു രാജവെമ്പാലയെ കാണുമ്പോൾ അതിന്റെ ശരീര വലിപ്പം കണ്ടു ആളുകൾ ഭയക്കുക സ്വാഭാവികമാണ്. ലോകത്തിലിപ്പോൾ ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല. അതുപോലെ രാജവെമ്പാലയുടെ പത്തി വരുന്ന തൊലിഭാഗം കുറെയൊക്കെ ട്രാൻസ്ലുസിയന്റെ ആയതിനാൽ സൂര്യപ്രകാശമടിച്ചു ചുവന്ന നിറം പോലെ തോന്നാം. ഒപ്പമുള്ള ചിത്രത്തിൽ ഇത് കാണാം. നമ്മുടെ കൈപ്പത്തിയുടെ കീഴിൽ ടോർച്ചു വെച്ചു തെളിക്കുമ്പോൾ ചുവന്ന നിറം വരുന്നത് പോലെ. ഇതും തലയിൽ ബാക്കി വന്നു പറ്റിപിടിച്ചിരിക്കുന്ന പടവും കൂടി ചേരുമ്പോൾ കോഴിപ്പൂവ് പോലെ കണ്ടവർക്കു തോന്നിയത് ആകാം. മനുഷ്യർക്കു പൊതുവേ പെട്ടെന്ന് വിശദീകരിക്കാൻ സാധിക്കാത്ത അനുഭവങ്ങളെ ഓർമ്മയിൽ അതിനോടു ഏറ്റവും ചേർന്നു നിൽക്കാവുന്ന കാര്യങ്ങളുമായി കൂട്ടിചേർത്തു കഥകൾ മേനയാനുള്ള കോഗ്നിറ്റിവ് ബയാസുണ്ട്.

കോഴികൾ കൂവുന്നത് പോലെ കൂകലിനുള്ള കഴിവ് പക്ഷെ രാജവെമ്പാല പാമ്പുകൾക്കില്ല. രാജവെമ്പാല എന്നല്ല ലോകത്തിൽ ഒരു പാമ്പിനും അത് സാധിക്കുക ഇല്ല കാരണം പാമ്പുകൾക്കു പക്ഷികൾക്കുള്ളത് പോലെയൊരു സ്വനപേടകമില്ല (syrinx). രാജവെമ്പാല പക്ഷെ നായകളുടെ മുരൾച്ച പോലെ ഒരു ശബ്ദം കേൾപ്പിക്കാറുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളിലോടു വായു നിറച്ചു വേഗത്തിൽ ഗ്ലോറ്റിസ് വഴി പുറത്തോട് ആ വായുവിനെ തള്ളി തെറിപ്പിക്കുന്നത് വഴിയാണ് ഈ ഒച്ച സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ അവയുടെ ട്രാക്കിയൽ ഡൈവേർറ്റികുള ലോ-ഫ്രീക്വൻസി റിസോനെറ്റിംഗ് ചേംബറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതല്ലാതെ കോഴിയുടെ കൂകലിന്റെ പോലെയൊരു ശബ്ദം ഒരു പാമ്പിനും സൃഷ്ടിക്കാൻ സാധിക്കുക ഇല്ല. മിക്കവാറും ഈ പാമ്പിനെ കണ്ട അവസരത്തിൽ സമീപത്ത് ശ്രദ്ധിക്കാതെ പോയ ഒരു കോഴിയോ സാമ്യമുള്ള മറ്റെന്തെങ്കിലും പക്ഷിയുടെയോ കൂകൽ പാമ്പിന്റെ ശബ്ദമായി അസോസിയേറ്റ്‌ ചെയ്തത് ആകും. അതുപോലെ കോഴികളെ പോലെയുള്ള ചുണ്ടുകൾ അതായത് beak അല്ല പാമ്പുകൾക്കുള്ളത് അതിനാൽ തന്നെ സാങ്കേതികമായി പക്ഷികളെ പോലെ പാമ്പുകൾക്കു “കൊത്താൻ” പറ്റുക ഇല്ല. പാമ്പുകൾ ശരിക്കും തങ്ങളുടെ പല്ലുകൾ ഉപയോഗിച്ച് വാ തുറന്നു കടിക്കുകയാണ് ചെയ്യുന്നത്.

ഇനി കോഴിപ്പൂവ് ഉള്ള പാമ്പുകളെപ്പറ്റിയുള്ള കഥകൾ കേരളത്തിൽ മാത്രമല്ല ആഫ്രിക്കയിലുമുണ്ട്. ക്രോവിംഗ് ക്രേസ്റ്റഡ് കോബ്രയെന്നപേരിൽ (കൂകുന്ന കോഴിപ്പൂവൻ വെമ്പാല) എന്നൊരു സാങ്കൽപ്പിക പാമ്പ് ആണ് ആഫ്രിക്കാരുടെ ഇടയിൽ വിശ്വാസത്തിൽ ഉള്ളത്. തലയിൽ പൂവുള്ള ആൺ പാമ്പ് കൂകുന്നപോലെ ശബ്ദമുണ്ടാക്കുമ്പോൾ പെണ്‍പാമ്പ് കൊക്കുന്നു. ഈ പാമ്പുമായി ചേർത്തു പല നാടോടി കഥകളുമുണ്ടു. ചിലർ ഈ പാമ്പിന്റെ അവശിഷ്ടങ്ങളെന്ന പേരിൽ പലതും സൂവോളജിസ്റ്റുകളുടെ മുൻപിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമല്ലായെന്നു പിന്നീട് തെളിഞ്ഞു.

WATCH: This man catching Black Mamba, one of the most deadliest ...രാജവെമ്പാല കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും നീളമുള്ള വിഷപാമ്പ് ആയ ആഫ്രിക്കയിൽ കാണുന്ന ബ്ലാക്ക് മാംബയിൽ (black mamba) നിന്ന് ആകാം ഈ കഥ രൂപപ്പെട്ടത്. പാമ്പുകൾ പടം പൊഴിക്കുന്നത് കട്ടിയുള്ള ഒരു പ്രതലത്തിൽ ശരീരം ഉരച്ചു ഇഴഞ്ഞു കൊണ്ടാണ്. ചിലപ്പോൾ ഈ പടം ഒറ്റയടിക്ക് പോകാതെ ശരീരത്തിൽ പല പീസുകളായി പറ്റിപ്പിടിച്ചു ഇരിക്കാം. പടം പൊഴിച്ചു ബാക്കി വന്ന ആ തൊലി ചുരുണ്ടുകൂടി തലയിൽ ഇരുന്ന ചില പാമ്പുകളെ ‘പൂവുള്ള സർപ്പം’ എന്നർത്ഥത്തിൽ crested snakeയെന്നൊരു പേരും ബ്ലാക്ക് മാംബയ്ക്കു പണ്ട് ഉണ്ടായിട്ടുണ്ട്. മൂർഖന്റെ പോലെ പത്തി വിടർത്താനുള്ള കഴിവ് ഇല്ലായെങ്കിലും ബ്ലാക്ക് മാംബയും മൂർഖന്റെ കുടുംബത്തിലെ തന്നെ അംഗമാണ്. ഇവയുടെ വായുടെ ഉള്ളിൽ കടുത്ത കറുപ്പ് നിറം ആയതിനാലാണ് ബ്ലാക്ക് മാംബ എന്ന പേരു നൽകിയിരിക്കുന്നത്, മരത്തിൽ കാണാവുന്ന ഒരു പാമ്പ് ആണ് ഇത്. ആഫ്രിക്കയിലും ദക്ഷിണ ഇന്ത്യയിലും സമാനമായ ഐതിഹ്യം വന്നത് ഒരുപക്ഷേ കേവലം യാദൃച്ഛിക ആയിരിക്കാം അല്ലായെങ്കിൽ ഇരു സംസ്കാരങ്ങളുമായി ഒരു ബ്രെഡ്ജ് പോലെ യൂറോപ്യൻ അധിനിവേശം പ്രവർത്തിച്ചത് ആകാം അതോ മറ്റ് ഏതെങ്കിലും കാരണങ്ങളും ആകാം, ഈ വിഷയത്തിൽ ആധികാരികമായ വിവരണം നൽകേണ്ടത് സാമൂഹികശാസ്ത്രജ്ഞന്മാരാണ്.

കേവലം ഊഹാപോഹങ്ങളും ഭാവനകളും കെട്ടുകഥകളും മാത്രം തെളിവായി ഇരിക്കുന്ന മത്സകന്യക പോലെയുള്ള ഐതിഹ്യജന്തുക്കളെ ക്രിപ്റ്റോ സൂവോളജി എന്നൊരു കപടശാസ്ത്രത്തിന്റെ കീഴിലാണ് വിവരിക്കുന്നത്. കോഴിപ്പൂവുള്ള കരിങ്കോളി പാമ്പിന്റെ കാര്യവും അങ്ങനെ തന്നെ. ഡെവലപ്‌മെന്റൽ ബയോളജിയും ജീവപരിണാമധാരണകളും അടിസ്ഥാനമാക്കിയ കാരണങ്ങൾ കൊണ്ടും ഇങ്ങനെയുള്ള ജന്തുക്കൾ ജീവിച്ചിരിക്കുന്നതിന് തെളിവുകൾ ഇല്ലായെന്നു മാത്രമല്ല ശാസ്ത്രീയമായ സാധ്യത തന്നെ അധികം കാണില്ല. Biological plausibility എന്നൊരു കാര്യമുണ്ട്. അങ്ങനെ നോക്കുമ്പോൾ തീർത്തും വളരെ വ്യത്യസ്തമായ രണ്ടു ജീവവർഗ്ഗങ്ങളുടെ സങ്കര ജന്തുക്കൾ ഉണ്ടാക്കുക അസാധ്യമാണ്. പിന്നെയുള്ള സാധ്യത കൺവേർജന്റെ ഏവലൂഷനാണ്. അവിടെയും plausibility പറയാൻ അതിനു അനുസൃതമായ സെലക്ഷൻ പ്രേഷർ വ്യക്തമാകണം.

അസാധാരണവാദങ്ങൾക്ക് അസാധാരണ തെളിവുകൾ വേണമെന്ന കാൽ സാഗന്റെ പറഞ്ഞ മാനദണ്ഡം മാത്രേ ഈ വിഷയത്തിൽ സ്വീകരിക്കാൻ പറ്റൂ. കേവലം ഇത്തരം അത്ഭുത ജന്തുക്കളെ കണ്ടുവെന്ന വിവരം പോരാ അവയ്ക്കുള്ള കൃത്യമായ തെളിവുകൾ വേണം. അതിനു ജീവനോടെയോ അല്ലാതെയുള്ള സ്പെസിമെൻ ലഭിക്കേണ്ടതായിട്ടുണ്ട്. നിലവിൽ കോഴിപ്പൂവുള്ള പാമ്പിനെപ്പറ്റി കുറച്ചു നിറം പിടിപ്പിച്ച ഭാവന കഥകളും കേട്ടുകേൾവികളും അല്ലാതെ വേറെ തെളിവ് ഒന്നുമില്ല.

അവലംബം:
George M. Eberhart(2002), Mysterious Creatures: A Guide to Cryptozoology
N. Parameswaran Nair (1958), Vanasmaranakal.
Wildlife Fact Sheet: Red-bellied Black Snake
J. O. SHIRCORE, C.M.G., Two Notes on the Crowing Crested Cobra, African Affairs, Volume 43, Issue 173, October 1944, Pages 183–186
K.G Adiyodi, Keralathile Vishapambukal
Young BA(1991) Morphological basis of “growling” in the king cobra, Ophiophagus hannah. J Exp Zool. 1991;260(3):275‐287. doi:10.1002/jez.1402600302