തുറന്നുപറച്ചിലിന്റെ എഴുത്തുകാരി അഷിതയ്ക്ക് പ്രണാമം

771

മണികണ്ഠൻ പോൽപറമ്പത്ത് (Manikandan Polpparambath)എഴുതുന്നു

അഷിത
തുറന്നുപറച്ചിലിന്റെഎഴുത്തുകാരി അഷിത കാലംചെയ്തു, ഇന്നലെ, ചൊവ്വാഴ്ച രാത്രി (26-3 -2019) 12.55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അർബ്ബുദരോഗ ചികിത്സയിലിടയ്ക്കായിരുന്നു അന്ത്യം.

തൃശൂർജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5 ന് ജനിച്ച അഷിത വിവാഹം കഴിച്ചത് കേരള സർവ്വകലാശാലയിലെ ജേണലിസം അദ്ധ്യാപകനായിരുന്ന ഡോ.കെ.വി.രാമൻകുട്ടിയാണ്. ഒരു മകളുണ്ട്.

ഡൽഹിയിലും മുംബൈയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ അഷിത എറണാങ്കുളം മഹാരാജാസിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

സ്ത്രീ ജീവിതത്തിലെ വിഹ്വലതകളും അനിശ്ചിതത്വവും, അഭയമില്ലായ്മയും പങ്കുവയ്ക്കുന്ന കഥകളിലൂടെ പ്രസിദ്ധയായ അഷിത ; കവിതകളും ആത്മീയഗ്രന്ഥങ്ങളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.

സ്വന്തം വീട്ടിലെ, പ്രത്യേകിച്ച് സ്വന്തം അച്ഛനമ്മമാരുടെ കഠിനമായ എതിർപ്പുകൾ മറികടന്നാണ് ആഷിത എഴുത്തിന്റെ ലോകത്തെത്തിയത് എന്ന തന്റെ തന്നെ തുറന്നു പറച്ചിലിലൂടെ ഈയടുത്തകാലത്ത് വായനാ ലോകത്ത് അഷിത ചർച്ചാ വിഷയമായത് തികച്ചും ശ്രദ്ധേയമാണ്.

വര: മണികണ്ഠൻ പോൽപറമ്പത്ത്

പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ അലക്സാണ്ഡർ പുഷ്കിന്റെ കവിതകളടക്കം നിരവധി റഷ്യൻ കവിതകൾ അഷിത മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അതോടൊപ്പം രാമായണം ഐതീഹ്യമാല തുടങ്ങിയവ പുനരാഖ്യാനം ചെയ്ത് വായനാ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് അഷിത.

അപൂർണ വിരാമങ്ങൾ, വിസ്മയ ചിഹ്നങ്ങൾ, മഴ മേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകൾ, തഥാഗത, മീര പാടുന്നു, തുടങ്ങിയവയാണ് അഷിതയുടെ കൃതികൾ
2015ലെ കേരളസാഹിത്യഅക്കാദമിയുടെ ചെറുകഥാപുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിയ്ക്ക് ലഭിച്ചു
ഇതു കൂടാതെ, ഇടശ്ശേരി പുരസ്കാരം, പത്മരാജൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരം, അങ്കണം പുരസ്കാരം എന്നിവ അഷിതയുടെ രചനകൾക്ക് ലഭിച്ചിട്ടുണ്ട്

ഈ വലിയ ലോകത്ത് ചെറുതിന്റെ ഭംഗി തിരയുന്നവർക്കായി അഷിത രചിച്ച ഹൈക്കു കവിതകൾ വായനക്കാരന്റെ ബോധമണ്ഡലത്തെ മൂന്നടി കൊണ്ട് മൂവുലകവുമളന്ന വാമനന്റെ പ്രവൃത്തി പോലെ അനുഭവപ്പെടുന്നതായാണ് ആസ്വാദകന് തോന്നുക.
ആഴമുള്ള നിശ്ശബ്ദയിലെ ചെറിയ പാദപദനങ്ങൾ പോലെ ഈ ഹൈക്കു കവിതകളോരോന്നും അനുവാചകന് അനുഭവപ്പെടുന്നു എന്നത് നല്ല ഒരു വായനാനുഭവമാണ്.

അഷിതയുടെ ഓർമ്മയ്ക്കു മുമ്പിൽ അവരുടെ ഹൈക്കു കവിതകളിൽ ചിലത് ഇവിടെ സവിനയം സമർപ്പിയ്ക്കുന്നു..

ദൈവത്തിന്റെ ഹൈക്കുകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മൂന്നടിയുമായ് വാമനൻ
മൂന്നു വരയുമായണ്ണാൻ
മൂന്നുവട്ടം കൂവലും
മൂന്നുവട്ടം തള്ളലും
മൂന്നാം ദിനമുയിർക്കലും
ദൈവമേ, നീ രചിച്ച ഹൈക്കു വിസ്മയങ്ങൾ !

വീട്ടമ്മ
,,,,,,,,,,,,,,,,,
ദിനരാത്രങ്ങളിലൂടെ
ഇടതടവില്ലാതെ
ഉറുമ്പു പോലെ പണിതു നീങ്ങുന്നു
ഒരു ശരാശരി വീട്ടമ്മ !

കാറ്റിനോട്
,,,,,,,,,,,,,,,,,,,,,,,,,
ഓർമ്മകളെകരിയിലകൾപോലെചുഴറ്റി,
എന്നെ കടപുഴക്കി വീഴ്ത്തും കാറ്റേ,
നീയെനിയ്ക്ക്, അനിഷ്ട കാമുകൻ

അവതാരം
,,,,,,,,,,,,,,,,,,,,,,,,
മൂന്നടിയാൽ
സമസ്തവുമളന്നു ചിരിയ്ക്കും
വാമനനെപ്പോൽ ഹൈക്കു !

ശാന്തി
,,,,,,,,,,,,,,,,,
ആൽമരത്തണലിൽ
അയവിറക്കും
പശുവിൻ കണ്ണിൽ
ദൈവം മറന്നു വെച്ച
ശാന്തി സൂക്തം

ദൃശ്യം
,,,,,,,,,,,,,,,
കത്തുന്ന സൂര്യൻ
ആളുന്ന ഉച്ച
നിഴലുകളില്ലാത്ത രണ്ടുപേർ

പ്രണാമം

Advertisements