രാജ്യത്തെ നിയമം കേരളത്തിൽ മാത്രമായി എങ്ങനെ നടപ്പാക്കാതിരിക്കും എന്ന് സംശയമുള്ളവർ വായിക്കുക

0
2984

Ashkar KA

മതപരമായ ഒരു വിവേചനത്തിനും ഈ നാട്ടിൽ സ്ഥാനമില്ല എന്നും പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ നിങ്ങളിപ്പോൾ ചോദിക്കുന്ന അതേ ചോദ്യം മുഖ്യമന്ത്രിയോടും ചോദിക്കപ്പെട്ടു, രാജ്യത്തെ നിയമം കേരളത്തിൽ മാത്രമായി എങ്ങനെ നടപ്പാക്കാതിരിക്കും എന്ന്. അതിനാണ് മുഖ്യമന്ത്രി പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രാവർത്തികമാക്കാൻ വരുമ്പോൾ നമുക്ക് നോക്കാം എന്നും മറുപടി പറഞ്ഞത്. പോരാട്ടത്തിന്റെ നാളുകളാണ് വരുന്നതെന്ന കൃത്യമായ സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടി വരും എന്ന സന്ദേശം. എല്ലാം എന്ന് പറയുമ്പോൾ എല്ലാം. അത്രക്കും പൊളിറ്റിക്കലായ സ്റ്റേറ്റ്മെന്റാണത്.

എൻആർസി രാജ്യം മുഴുവൻ നടപ്പാക്കുമെന്നത് അമിത് ഷാ പ്രസംഗിച്ചിട്ടേ ഉള്ളൂ. നിലവിലുള്ള എൻആർസിയും കൊണ്ട് ആസാമിന് പുറത്ത് പോവാനൊക്കില്ല. അങ്ങനെ വരുമ്പോൾ ആണ് കാബ് കേരളത്തിൽ അടക്കം വിപത്ത് വരുത്തുക, ഈ നാട്ടിൽ മത വിവേചനം ഉണ്ടാക്കുക. അപ്പോഴാണ് മുന്നിൽ നിന്ന് പ്രതിരോധിക്കാൻ ഒരു സംസ്ഥാന സർക്കാരിന്റെ ആവശ്യം വരിക, ഒരു നേതാവിന്റെയും. അവിടെയാണ് പിണറായി വിജയൻ പ്രസക്തമാകുന്നത്. കേരള സർക്കാരിനെ പൗരത്വത്തിന് വേണ്ടി വിദേശികൾ സമീപിക്കുന്നതല്ല മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അന്തസത്ത.

മുസ്ലിങ്ങൾ മാത്രം സംഘടിച്ച്, ഒറ്റതിരിഞ്ഞ് പ്രതിരോധം തീർത്താൽ കൂട്ടിയാൽ കൂടുന്നതല്ല സംഘ്പരിവാറിനെ. ഭരണകൂടത്തിന് എളുപ്പം അടിച്ചമർത്താൻ പറ്റുന്ന, ദുർബലപ്പെടുത്താൻ പറ്റുന്ന, കോർണർ ചെയ്യാൻ പറ്റുന്ന ഒന്നായി പരിണമിക്കും അത്. മതേതര പക്ഷത്തെ മുഴുവൻ ഒപ്പം കൂട്ടി സാധ്യമായ എല്ലാ പ്രതിരോധങ്ങൾക്കും ശ്രമിക്കുക. അതിന് മുന്നിൽ നിൽക്കാൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഉണ്ടാവുമെന്ന പ്രഖ്യാപനമാണ് നമ്മൾ കേട്ടത്. അതിനെ ആ അർത്ഥത്തിൽ തന്നെ ഉൾക്കൊള്ളുക. മതേതര പക്ഷത്തിന് കരുത്തുപകരുക.