ബുള്ളിയിങ്ങ് നേരിട്ട ക്വാഡന് വേണ്ടി കണ്ണീരൊഴുക്കിയ മലയാളികൾ ഗൗതം മണ്ഡൽ എന്ന ജാർഖണ്ഡ്കാരനുവേണ്ടിയും നിലകൊള്ളണം

153

Ashkar Lessirey

ആരുണ്ട് ഗൗതം ഭായിയുടെ കൂടെ നിൽക്കാൻ ?

ആ വീഡിയോയിൽ ഏറ്റവും വേദനിച്ചത് ഗൗതം മണ്ഡൽ എന്ന ജാർഘണ്ട് സ്വദേശിയെ ആ സംഘി അടിച്ചപ്പോൾ അല്ല. പട്ടിയെ കൊല്ലുന്നത് പോലെ കൊന്നാൽ പോലും കണ്ട് നിൽക്കുന്ന ആരും തന്നെ സഹായിക്കാൻ വരില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ നിസ്സഹായനായി ഐഡി കാർഡ് എടുത്ത് കൊടുക്കുന്ന രംഗം കണ്ടപ്പോളാണ്.

അത്രയും നേരം ആത്മാഭിമാനത്തോടെ പിടിച്ച് നിന്ന ആ മനുഷ്യന് വേറെ ഒരു രക്ഷയും മുന്നിൽ കണ്ടിട്ടുണ്ടാവില്ല ! ബുള്ളിയിങ്ങ് നേരിട്ട ക്വാഡന് വേണ്ടി എത്ര മലയാളികൾ ആണ് കണ്ണീരൊഴുക്കിയത്, എത്ര ജീവിതാനുഭവങ്ങൾ ആണ് പലരും എഴുതി നിറച്ചത്.. ഈ പിന്തുണ പക്ഷെ നമ്മുടെ നാട്ടിൽ നടന്ന ക്രൂരതയ്ക്ക് ഗൗതമിന് കിട്ടി കാണുന്നില്ല.. കുറ്റക്കാരൻ പിടിക്കപ്പെടണം എന്ന നിർബന്ധം മാത്രമേ എല്ലാവരിലും കാണുന്നുള്ളൂ.

പോരാ.. നമ്മൾ കൂടെ നിൽക്കണം.. പ്രദേശവാസികൾ മുൻകൈ എടുത്ത് ഗൗതമിന് ഈ മണ്ണിൽ സുരക്ഷിതമായി, ആത്മാഭിമാനത്തോടെ തന്നെ ജീവിക്കാൻ പറ്റും എന്ന ആത്മവിശ്വാസം നൽകണം.അന്യനാട്ടിൽ സുരക്ഷിതമായി ജീവിച്ച്, സമ്പാദിച്ച്, അതിന്റെ എല്ലാ ഗുണങ്ങളും ആവോളം ആസ്വദിക്കുന്ന മലയായികൾ തന്നെ ഇതിന് മുന്നിട്ടിറങ്ങണം.

ആദ്യമായല്ല ഒരു ഇതര സംസ്ഥാന തൊഴിലാളി ഈ അനുഭവം നേരിടുന്നത്.. മലയാളികൾ ഈ മണ്ണിൽ ഉപജീവനം തേടി വരുന്നവരോട് കാണിക്കുന്ന വെറുപ്പും വിവേചനവും ആദ്യമായല്ല.. പക്ഷെ ഇതിനൊരു അന്ത്യം വേണം. ഈ അവസരം അതിനായി ഉപയോഗപ്പെടുത്തണം.