കൂടത്തായി കേസിനുചുറ്റും ഉണ്ടായ ക്രൂരമായ ഭീതിയുടെയും അപസർപ്പകതയുടെയും അന്തരീക്ഷം നമ്മെ പരസ്പരം അകറ്റിക്കഴിഞ്ഞിട്ടുണ്ട്

308

Written by Ashley Np

കൂടത്തായി കേസിനുചുറ്റും ഉണ്ടായ ക്രൂരമായ ഭീതിയുടെയും അപസർപ്പകതയുടെയും അന്തരീക്ഷം നമ്മെ എത്ര പരസ്പരം അകറ്റിക്കഴിഞ്ഞിട്ടുണ്ട് എന്ന് നാം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. മനുഷ്യരുടെ പ്രതീക്ഷയെ നശിപ്പിക്കാൻ ഭീകരവാദികൾ ബോംബിട്ടു പത്താളെ കൊല്ലുന്നതുപോലെ, ആരുടെ സ്വന്തത്തരത്തെയും ചോദ്യം ചെയ്യാനുള്ള ഒരു തുടർക്കഥയാക്കിആ കൊലപാതകങ്ങളെ മാറ്റിയെടുത്തതിന്റെ വില ഇനി കൊടുക്കാൻ പോകുന്നത് എല്ലാവരും ചേർന്നാണ്.

പലകാലത്തു പെട്ടെന്നുണ്ടായ ഏതു മരണത്തെയും, പലകാര്യങ്ങളാൽ നടന്ന ആത്മഹത്യകളെയും (ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നോർക്കണം) കൊലപാതകമായിരുന്നുവോ എന്നാലോചിക്കാൻ ആളുകളെ പ്രേരിപ്പിക്കും വിധം നിരുത്തരവാദപരമായാണ് മാധ്യമകവറേജും സാമൂഹ്യമാധ്യമചർച്ചകളും പോയത്. ഈ തരം ആലോചനകളും ആധികളും നമ്മുടെ ദൈനം ദിനജീവിതത്തിൽ പേടികളെയും സംശയങ്ങളെയും നിറക്കുന്ന അരക്ഷിതാവസ്ഥയിലേക്കാണ് നീളുക. ഒരു കുറ്റകൃത്യത്തെ അതിന്റെ സാമൂഹികവും വ്യക്തിപരവും വൈകാരികവും ആയ തലങ്ങൾ തിരിച്ചറിഞ്ഞു കുറ്റകൃത്യങ്ങൾ തടയാനും മുറിവുകൾ ഉണക്കാനും ശ്രമിക്കുന്നതിനും പകരം ഭ്രമാത്മകവും ഗൂഢവും ആയി അവതരിപ്പിച്ചു അതിൽ ആണ്ടു മുങ്ങിയാൽ അത് ആരെയും വിശ്വസിക്കാൻ പറ്റില്ല, പാടില്ല എന്ന അപകടത്തിൽ തന്നെയാണ് ചെന്ന് നിൽക്കുക.

ഈ അവസ്ഥ മുതലെടുത്തു ആരോപണങ്ങളുന്നയിക്കാൻ ആളുകളുണ്ടാവുകയും ആ ആരോപണങ്ങളെ നിലവിലുള്ള സീരിയൽ കൊലപാതകക്കഥകളുമായി ചേർത്ത് പറഞ്ഞു ഇക്കഥയെ നീട്ടിക്കൊണ്ടുപോവാൻ ധാര്മികതയില്ലാത്ത, അവസരം മുതലാക്കാൻ ശ്രമിക്കുന്ന, ടി ആർ പിക്ക് നട്ടം തിരയുന്ന പത്രക്കാരുമുണ്ടെങ്കിൽ പിന്നെ കൊലപാതകം ചെയ്യപ്പെടാൻ പോവുന്നത് ഒരു ജനതയെന്ന നിലക്ക് മലയാളികൾക്കുള്ള തന്റേടവും നശിക്കാൻ പോകുന്നത് പല ജീവിതങ്ങളും ആണ്.സാമൂഹ്യമായ തെറ്റുകൾക്ക് എല്ലാത്തിനും ഒരു വിലയുണ്ട്. നമ്മളിൽ ആരൊക്കെയോ അത് കൊടുക്കുന്നുമുണ്ട്