കോൺഗ്രസുകാരുടെ കപടമാന്യതയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്

50
അശോക് കുമാർ
സൈബർ ലോകത്ത് നിഷ്പക്ഷത എന്ന മുഖം മൂടി അണിഞ്ഞ് സ്വന്തം രാഷ്ട്രീയം ഒളിച്ച് കടത്തുന്നവർ നിരവധിയാണ് . ഇത്തരം മുഖംമൂടികൾ അണിഞ്ഞ നിഷ്പക്ഷ താവളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്കാരാണ്. യുക്തിവാദികളുടെ, പഴയ എസ് എഫ് ഐ ക്കാരന്റെ , മാധ്യമ പ്രവർത്തകന്റെ ,ഭരണഘടന സംരക്ഷകന്റെ അങ്ങനെ മുഖംമൂടികൾ പലതാണ് ഇവർക്ക്. അരാഷ്ട്രീയത പറഞ്ഞു സുഹൃത് ബന്ധങ്ങൾ നില നിർത്താൻ ഒരു പരിധി വരെ ഇടതുപക്ഷക്കാർ പരാജയപ്പെടുമ്പോൾ അങ്ങനെ ഉണ്ടാക്കുന്ന സൗഹൃദങ്ങൾ ആണ് ഇവരുടെ മുതൽക്കൂട്ട് . കേരളത്തിലെ നിഷ്പക്ഷ മാധ്യമങ്ങളെ പോലെ, സാമൂഹ്യ മാധ്യമങ്ങളിലെ നിഷ്പക്ഷർക്കും ഇടതു വിരുദ്ധത തന്നെ ആണ് പ്രിയം.
ഇടതുപക്ഷത്തെ, വിശിഷ്യ സിപിഐഎമ്മിനെ ഏതെങ്കിലും വിദൂര കോണിൽ ബന്ധപ്പെടുത്തുന്ന വിഷയത്തിൽ കടന്നാക്രമിക്കാൻ നിഷ്പക്ഷർ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അതിലും ശക്തമായി അപലപിക്കപെടേണ്ട കോൺഗ്രസിന്റെ അതേ തരത്തിൽ ഉള്ള പെരുമാറ്റത്തിൽ സ്വയം പ്രഖ്യാപിത നിഷ്പക്ഷ സിങ്കങ്ങൾ വിഷയം അറിഞ്ഞ ഭാവം തന്നെ കാട്ടില്ല. സംഘപരിവാറിന്റെ പോസ്റ്റ്ട്രൂത്ത് ഹോക്സുകൾ പൊളിക്കുന്ന നിഷ്പക്ഷർ ഈ രീതിയിൽ
ഇടതുപക്ഷത്തിന് എതിരെയുള്ള പോസ്റ്റ് ട്രൂത്തിൽ അത് വിശ്വസിച്ച് നിലപാട് ഛർദിക്കാൻ അൽപ്പ സമയം പോലും കാത്തു നിൽക്കില്ല . ഇങ്ങനെ ഓഡിറ്റിംഗിൽ ഇരയാക്കപ്പെട്ടിട്ടുള്ള സഖാവ് ഓമനക്കുട്ടൻമാർ നിരവധിയാണ്.
‘രാഷ്ട്രീയം പറയാത്ത പെങ്ങളൂട്ടി’ എന്ന വിശേഷണം ചേർത്ത് ഒരു തിരഞ്ഞെടുപ്പിനെ നേരിട്ട ആളെ ആ അരാഷ്ട്രീയതയുടെ, ശബരിമല സ്ത്രീ വിരുദ്ധ നിലപാടിന്റെ പേരിൽ വിമർശിച്ചത് ദളിത്/സ്ത്രീ വിരുദ്ധത ആയി കാണിച്ചവർക്ക് അതേ സമയം ‘ഓളൊരു പെണ്ണാന്ന്, ഓളെ കൊണ്ടോന്നും ആവൂല്ല’ എന്നതിലെ സ്ത്രീവിരുദ്ധത കാണാൻ സാധിച്ചില്ല എന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നാം കണ്ടതാണ്. ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത് അടുത്ത കാലത്ത് ഇതേ രീതിയിൽ വാദവുമായി വന്നത് കൊണ്ടാണ്. ഒരു വാർത്താ സംവാദത്തിൽ പറഞ്ഞ മണ്ടത്തരത്തെ ട്രോൾ ചെയ്തതിനൊപ്പം അവരുടെ പാട്ടിനെ ട്രോൾ ചെയ്തത് ഈ നിഷ്പക്ഷർ എല്ലാം ചർച്ചയാക്കി. ദളിത്/സ്ത്രീ വിരുദ്ധത ഉണ്ടെങ്കിൽ നിങ്ങൾ ചർച്ചയാക്കൂ,പക്ഷേ ഓഡിറ്റിംഗ് ഒരു വശത്തേക്ക് മാത്രമാക്കരുത് എന്ന് മാത്രം .
ഈ വിഷയത്തിന് മുന്നേ ഈ മഹാമാരിയുടെ ആരംഭ കാലത്ത് രമേശ് ചെന്നിത്തലയും പ്രതിപക്ഷ എംഎൽഎമാരും ഷൈലജ ടീച്ചറെ അധിഷേപിച്ചത് നിഷ്പക്ഷർ അറിഞ്ഞിട്ടില്ല. ടീച്ചറെ മോർഫ് ചെയ്ത് അധിഷേപിക്കാനും വ്യക്ത്യാവഹേളനത്തിനുമായി കോൺഗ്രസ് സൈബർ ഗുണ്ടകൾ ഗ്രൂപ്പ് തുടങ്ങിയതിലെ അധാർമികതയും ഇടതുപക്ഷം മാത്രം ആണ് ചൂണ്ടിക്കാട്ടിയത്. നിഷ്പക്ഷർ അപ്പോൾ മറ്റു രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും കൊറോണ അവലോകനവും റാന്നിയിലെ ഇറ്റലിക്കാരൻ കേസിൽ ഗവൺമെന്റിന് വീഴ്ച പറ്റിയോ എന്ന ചർച്ചയും നടത്തുകയായിരുന്നു.
ആ സംഭവത്തിന് ശേഷം കേരളത്തിലെ മന്ത്രിയായ ജെ. മെഴ്സിക്കുട്ടിയമ്മയെ അവഹേളിച്ച, കശുവണ്ടി തല്ലി സ്വന്തം ഉപജീവനമാർഗ്ഗം ആക്കിയ ആയിരക്കണക്കിന് സ്ത്രീകളെ അപമാനിച്ച കോൺഗ്രസ് ലീഗ് അനുഭാവികളെ നിഷ്പക്ഷ സിങ്കങ്ങൾ കണ്ടിട്ടില്ല. പ്രേമചന്ദ്രൻ എം പിയുടെ കളവ് പൊളിച്ച മന്ത്രിയെ കേട്ടാലറയ്ക്കുന്ന അശ്ലീലത്താൽ അപമാനിച്ചത് അവർ അർഹിച്ചിരുന്നു എന്ന ഭാവമായിരുന്നു ഈ നിഷ്പക്ഷർക്ക്.
രണ്ട് ദിവസം മുന്നേ വി ഡി സതീശൻ എന്ന യുഡിഎഫിന്റെ പ്രമുഖ എം എൽ എ തന്റെ എഫ് ബി പോസ്റ്റിൽ കമന്റിട്ട ഒരാളുടെ വീട്ടുകാരെ കേട്ടാലറയ്ക്കുന്ന സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് ഇവർ അറിഞ്ഞിട്ടില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത്, കമന്റ് ഇട്ട്, സ്ക്രീൻ ഷോട്ട് എടുത്ത്, കമന്റ് ഡിലീറ്റ് ചെയ്ത്, ആ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നു എന്ന സതീശന്റെ വിചിത്രമായ വാദം വെള്ളം തൊടാതെ ഈ നിഷ്പക്ഷർ വിഴുങ്ങി കഴിഞ്ഞു. ‘വിഡി സതീശനെ ഞങ്ങൾക്ക് അറിയാം അവനൊടൊപ്പം’ എന്ന മട്ടിൽ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു ചിലർ. ഒരു രാഷ്ട്രീയ പ്രവർത്തകൻ ഇടതുപക്ഷക്കാരൻ ആന്നെങ്കിൽ അവന്റെ കുടുംബം അധിഷേപിക്കപ്പെടുന്നതിൽ നിഷ്പക്ഷർക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കാണാം.
ഇപ്പോൾ ഇന്ന് സ്വാഭിമാനത്തോടെ മീൻ വിറ്റ് സ്വന്തം ചിലവ് കണ്ടെത്തുന്ന ഒരു പെൺകുട്ടി പ്രതിപക്ഷ നേതാവിന്റെ മുതലെടുപ്പ് ശ്രമത്തെ ട്രോൾ ചെയ്തപോൾ അതിൽ വന്ന ആ കുട്ടിയെ മാനസികമായി തളർത്തുന്ന ആക്രമണത്തെ കുറിച്ച് നിഷ്പക്ഷർ അറിഞ്ഞിട്ട് തന്നെയില്ല . ചെന്നിത്തല മുന്നോട്ട് വച്ച ഓഫർ മാത്രം ആയ വീട് ആ കുട്ടി നിരസിച്ചത് തികച്ചും ഉചിതമായ തീരുമാനം ആണ് എന്ന് തെളിയിക്കുന്നത് ആണ് ഇന്നത്തെ കോൺഗ്രസ് ലീഗ് അണികളുടെ ഇപ്പോഴത്തെ പ്രകടനം. യാതൊരു രാഷ്ട്രീയ പിന്തുണയും ഇല്ലാത്ത ഒരു കുട്ടിയെ ഇങ്ങനെ അധിഷേപിച്ചിട്ടും നിഷ്പക്ഷരുടെ മൗനവാൽമീകം പൊട്ടിയിട്ടില്ല എന്നത് ഇവരെ മനസ്സിലാക്കിയിട്ടുള്ളവർക്ക ഒട്ടും അത്ഭുതം ഉളവാക്കുനില്ല.
കശുവണ്ടി തൊഴിലാളികളായ സ്ത്രീകളെ , സാധാരണ രാഷ്ട്രീയക്കാരന്റെ വീട്ടിൽ ഉള്ള സ്ത്രീകളെ, മത്സ്യ വിൽപന നടത്തുന്ന സ്ത്രീകളെ, യാതൊരു രാഷ്ട്രീയ പിന്തുണ ഇല്ലാത്ത പെൺകുട്ടികളെ ഒക്കെ രാഷ്ട്രീയ വിമർശനം നടത്തി എന്നത് കൊണ്ട് അധിക്ഷേപിക്കുമ്പോൾ, മിണ്ടാത ഇരിക്കുന്ന നിഷ്പക്ഷരെ നിങ്ങൾ ആർക് വേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത് എന്നത് വ്യക്തമാണ്. ഇനിയും സ്ത്രീപക്ഷം എന്ന് അവകാശപ്പെട്ട് വരരുത് എന്ന് മാത്രമേ അപേക്ഷിക്കാൻ ഉള്ളു. ഒരു വശത്തേക്ക് മാത്രം തുറന്നിരിക്കുന്ന നിങ്ങളുടെ ഓഡിറ്റിംഗ് നടക്കട്ടെ .