പാർട്ടിയുടെ നോട്ടീസ് തരാനാണ് എന്ന് പറഞ്ഞ് വീട്ടിൽ ചെല്ലുക, അതിൻ്റെ ഫോട്ടോ ഉപയോഗിച്ച് പരിപാടിയുടെ ഉൽഘാടനമാണെന്ന് വരുത്തി പത്രത്തിൽ കൊടുക്കുക

41
Asokan Charuvil
അശോകൻ ചരുവിലിൽ മാഷ് എഴുതുന്നു….
മുതിർന്ന എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖനോട് ബി.ജെ.പി.ക്കാർ കാണിച്ചത് വിശ്വാസവഞ്ചനയും ശുദ്ധ തെമ്മാടിത്തവുമാണ്. പാർടിയുടെ നോട്ടീസ് തരാനാണ് എന്ന് പറഞ്ഞ് വീട്ടിൽ ചെല്ലുക. സാമാന്യമര്യാദയുടെ പേരിൽ നോട്ടീസ് സ്വീകരിച്ചപ്പോൾ അതിൻ്റെ ഫോട്ടോ ഉപയോഗിച്ച് പരിപാടിയുടെ ഉൽഘാടനമാണെന്ന് വരുത്തി പത്രത്തിൽ കൊടുക്കുക. എഴുത്തുകാർക്കും കലാകാരന്മാർക്കും നേരെ സംഘപരിവാർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഒരു വകഭേദമായിട്ടു മാത്രമേ ഇതിനെ കാണാൻ കഴിയൂ.
രാജ്യത്തെ പ്രതിഭാശാലികളായ കലാപ്രവർത്തകർ തങ്ങളെ വെറുപ്പോടെ കണ്ട് മാറിനിൽക്കുന്നതിൽ ബി.ജെ.പി.ക്ക് നിരാശയുണ്ടാകാം. കേന്ദ്രത്തിൽ ഭരണകക്ഷി ആയതോടെ എഴുത്തുകാരെല്ലാം തങ്ങൾക്കു പിറകെ വരും എന്ന് അവർ പ്രതീക്ഷിച്ചിരുന്നുവെങ്കിൽ അത് ആനമണ്ടത്തമാണ്. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് ചോരപ്പുഴ ഒഴുക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു കക്ഷിയിൽ നിന്ന് സർഗ്ഗാത്മക ഹൃദയമുള്ളവർ അറപ്പോടെ അകന്നു നിൽക്കും. എഴുത്തുകാരുടെ അനുഭാവം ഉണ്ടെന്ന് വരുത്തുവാൻ കുരുട്ടുവിദ്യകൾ കാണിക്കുകയല്ല വേണ്ടത്. മതത്തെ ദുരുപയോഗം ചെയ്തുള്ള രാഷ്ട്രീയം അവസാനിപ്പിച്ച് മനുഷ്യത്വം സ്വീകരിക്കണം. അതിന് ബി.ജെ.പി. അവരുടെ അലക്കും പിടിയും തന്നെ മാറ്റേണ്ടി വരും.