പലപ്പോഴും അന്താരാഷ്ട്ര വേദികളിൽ സംഘ്പരിവാറിന് തരൂർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല

176
അഷ്റഫ് കടയ്ക്കൽ
U N ൽ Under Secretary General പദവിയിൽ നിന്ന് 2007 ൽ വിരമിച്ച ശശി തരൂർ ഇന്ത്യയുടെ പിന്തുണയോടെ UN സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ശേഷമാണ് പൊടുന്നനെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും കോൺഗ്രസിന്റെ സ്ഥാനാ ർത്ഥിയായി തരൂർ പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ ഞെട്ടിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ട് മുന്നെയാണ് അദ്ദേഹത്തിന്റെ ഒരു ലേഖനം ഇസ്രായേലി പത്രമായ Haretz പ്രസിദ്ധീകരിക്കുന്നത്. IDF ഗസ്സയിൽ നിഷ്ഠുരമായ നരനായാട്ട് നടത്തുന്ന ഘട്ടത്തിലാണ് ഇന്ത്യയും അതിന്റെ ശത്രുക്കളെ കൈകാര്യം ചെയ്യുന്നതിൽ ഇസ്രായേലിൽ നിന്നും പാഠമുൾക്കൊള്ളണമെന്ന അർത്ഥത്തിൽ തരൂർ എഴുതിയത്. ഈ ലേഖനത്തിന്റെ image ഉൾപെടെ ‘ ശശി തരൂർ ആരുടെ സ്ഥാനാർഥി’എന്ന തലക്കെട്ടിൽ മാധ്യമം പത്രത്തിൽ ഞാനെഴുതിയ ലേഖനം ഇലക്ഷൻ പ്രചരണ വിഷയമായി ആളിക്കത്തി. പല കോണിൽ നിന്നും ഭീഷണിയും വിമർശനങ്ങളും ഉണ്ടായത് സ്വാഭാവികം. അന്ന് ആ ഇടപെടൽ ശരിയായിരുന്നു എന്ന് ഞാനിന്നും കരുതുന്നു.
പക്ഷേ, പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം എറെ പ്രശംസനീയമായിരുന്നു. ഇന്ന് അദ്ദേഹം എന്റെ കൂടി വോട്ട് നേടിയാണ് പ്രശംസനീയമായ പ്രവർത്തനം തുടരുന്നത്. ജനാധിപത്യ മതേതര ലിബറൽ നിലപാട് ഉയർത്തിപ്പിടിച്ച് കൊണ്ട് ലോകസഭയിലും പുറത്തും തരൂർ തീർക്കുന്ന പ്രതിരോധങ്ങൾ ഉജ്ജ്വലമാണ്. പലപ്പോഴും അന്താരാഷ്ട്ര വേദികളിൽ സംഘ്പരിവാറിന് അദ്ദേഹം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല താനും. മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയതിനെതിരെയും CAB ക്കെതിരെ ലോകസഭയിൽ ഉയർത്തിയ ഉറച്ച ശബ്ദവുമെല്ലാം നാമോരുത്തരും കണ്ടതും കേട്ടതുമാണ്. പൗരത്വ ഭേദഗതിയിൽ ആഗോള തലത്തിൽ തന്നെ മോദി സർക്കാരിനെ പിടിച്ചുലക്കുന്ന സമരമുന്നേറ്റങ്ങളിൽ തരൂരിന്റെ ശബ്ദം ഏറെ പ്രധാനപ്പെട്ടതുമാണ്. രാജ്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കാൻ ഇന്ത്യൻ ജനത നടത്തുന്ന ധീരോദാത്തമായ സമരമാണെന്നും അതിനെ മത ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമുയർത്തി അസ്ഥിരപ്പെടുത്തരുത് എന്ന തരൂരിന്റെ സോദ്ദേശപരമായ അഭിപ്രായപ്രകടനത്തെപ്പോലും അസഹിഷ്ണുതയോടെ സമീപിക്കുന്ന ശൈലി അപക്വവും അപകടകരവും ആത്മഹത്യാപരവുമാണ്. സ്വത്വവാദത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം പ്രകടനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം, അതിന് മുന്നിട്ടിറങ്ങുന്നവർക്ക്, മുതിർന്ന നേതൃത്വം സൽ ബുദ്ധി ഉപദേശിക്കുമെന്ന പ്രതീക്ഷയോടെ.