കേന്ദ്രസർക്കാർ പ്രവാസികളോട് ചെയ്ത കോവിഡ് കാല ക്രൂരതകൾ

42

ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ദുബൈയിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ രണ്ട് കുറിപ്പുകൾ 
Ashraf Thamarasery Says,
(01/05/2020)

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടൊപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പലരും എൻെറ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാൻ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാൻ കഴിയില്ല.

പിന്നെ അപ്പോൾ പ്രതികരിക്കാത്തത്: മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ലയെന്നത്, എൻെറ മതം എന്നെ പഠിപ്പിച്ചതാണ്. ഏതെങ്കിലും കാരണവശാൽ, എൻ്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വരാൻ പാടില്ലായെന്ന് ഞാൻ ആഗ്രഹിച്ചു..അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ!
നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സർക്കാരല്ലെ… സർക്കാരിൻെറ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ, സമ്പന്നർക്ക് വേണ്ടി യാത്രാനുമതി നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, അതിനുവേണ്ടി ചുക്കാൻ പിടിച്ചത് ചില രാഷ്ട്രിയ പാർട്ടികളുടെ നേതാക്കളാണ്. കഴിഞ്ഞ ആഴ്ചകളിൽ, മരിച്ച ഉറ്റവരുടെ കൂടെ പോകാൻ സാധിക്കാത്ത എത്രപേർ ഇവിടെയുണ്ടായിരുന്നു!

ഭർത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാൻ സാധിക്കാത്ത ഭാര്യയും മക്കളും ,കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പെെതലിൻെറ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛൻെറ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടു. അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും സഹോദരിയും.

ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാൻ. ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രിയക്കാരും ഇല്ല, ഒരു സാമൂഹികപ്രവർത്തകരും ഇല്ല. കാരണം ഇവർക്കൊന്നും പണവും പ്രശസ്തിയും ഇല്ല എന്നത് തന്നെ കാരണം. സെൻസേഷണൽ ന്യുസ് അല്ലല്ലോ ഇവർക്കുണ്ടായ നഷ്ടങ്ങൾ, സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടൂ. അതിൻെറ പുറകിൽ മാത്രമെ ആളും ആരവവും ഉണ്ടാവുകയുളളു…

ഇവിടെത്ത ലേബർ ക്യാംപുകളിൽ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ പ്രവാസികളാണ് ഈ നാടിൻെറ നട്ടെല്ല്, നിങ്ങളാണ് ഈ നാടിനെ പോറ്റി വളർത്തുന്നത് എന്നൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്ന് ചില നേതാക്കന്മാർ പറയുന്നത് കേൾക്കുമ്പോൾ ചിരിവരും, അഭിനയത്തിൽ സിനിമാ നടന്മാരെക്കാൾ മിടുക്കന്മാരാണ് ഈ രാഷ്ട്രിയക്കാർ.

കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാൻ യുദ്ധകപ്പലുകൾ നങ്കൂരം ഇടാൻ തയ്യാറായി നിൽക്കുന്നു. അതുപോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല, കോവിഡാണ്! സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊളളാം. അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും. ഈ രാജ്യത്തും വിമാനങ്ങളുണ്ട്.

On 28/04/2020:

ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു. അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിഡ്. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകൻെറ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.

കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി,സ്കൂളിൽ ചേർത്തു.11 വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്നേഹിക്കുവാനുളള അവസരം ദെെവം കൊടുത്തുളളു. കുഞ്ഞു ഡേവിഡ് ദെെവത്തിൻെറ സന്നിധിയിലേക്ക് യാത്രയായി. മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ചു.

ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിൻെറ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. മകൻ നഷ്ടപ്പെട്ട വേദന ഒരുവശത്ത്, പൊന്നുമകൻെറ അന്ത്യകർമ്മം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന അവസ്ഥ വേറെയും. ഒന്ന് ചിന്തിച്ചു നോക്കു. ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ സാമൂഹിക പ്രവർത്തകർ. ഈ മാതാപിതാക്കളുടെ കണ്ണ്നീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്?

ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പെെസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ? അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ ഞങ്ങൾ ചോദിക്കേണ്ടത്?
ഞങ്ങൾ പ്രവാസികളെ രണ്ടാം തരം പൗരൻമാരായി കാണുന്ന നിങ്ങളുടെ നയം തിരുത്തൂ. ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വെെകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്.എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല.എല്ലാം നേരിടാനുളള മനക്കരുത്ത് ദെെവം അവർക്ക് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.