റോക്കറ്ററി
(സ്പോയിലർ അലർട്ട് അല്ല)

അശ്വതി അരുൺ
July 30, 2022

ISRO യിലെ എന്റെ നല്ല സുഹൃത്തായിരുന്നു കലാം സാർ. അദ്ദേഹം രാഷ്ട്രപതി ആയ സമയത്ത് ഞാൻ കാണാൻ ദില്ലിയിൽ പോയിരുന്നു. അപ്പോൾ കുറേനേരം കാത്തിരിക്കേണ്ടി വന്നു. എന്നെ ഒഴികെ എല്ലാവരെയും വിളിച്ച് കാണുന്നു. എന്നെ മാത്രം അകത്തേക്ക് വിളിച്ചില്ല. എനിക്ക് വരേണ്ടിയിരുന്നില്ല എന്നു തോന്നി. വന്നത് തെറ്റായി പോയോ എന്ന ചിന്തയിൽ പുറത്തേക്ക് പോകാൻ തുടങ്ങി. അപ്പോൾ കലാം സാറിന്റെ പി എ വന്നു പറഞ്ഞു സാർ വിളിക്കുന്നു എന്ന്.
“നമ്പി.. നിങ്ങളുടെ കൂടെ കുറേനേരം ചെലവഴിക്കാൻ വേണ്ടി ഞാൻ ബാക്കിയുള്ളവരെയൊക്കെ കണ്ടു വേഗം മടക്കി. അതാണ് വൈകിയത്”
എന്നു പറഞ്ഞ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ കുറേ സംസാരിച്ചു.

കലാം സാർ മരിക്കുന്നതിന് ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് വന്നപ്പോൾ കാണണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാൻ രാജ്‌ഭവനിൽ പോയി കണ്ടു. അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. ഞങ്ങൾ പഴയ കുറെ ഓർമ്മകൾ പങ്കുവച്ചു. പിന്നെ എഴുന്നേറ്റ് എന്റെ അരികിലേക്ക് നടന്നുവന്ന് ഇങ്ങനെ പറഞ്ഞു:
“എനിക്ക് നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത വിഷമം ഇപ്പോഴുമുണ്ട്. നമ്മുടെ സിസ്റ്റം.. അത് നേരെയാകില്ല. എല്ലാം ദൈവത്തിന് വിടൂ. റിലാക്സ് ആവൂ..”
“ഞാൻ എന്റെ ആത്മകഥ എഴുതുന്ന തിരക്കിലാണ്. അതിൽ സാറിനെ ചിലയിടങ്ങളിൽ വിമർശിക്കുന്നുണ്ട്. ചില സത്യങ്ങൾ തുറന്നുപറയും ഞാൻ”
ഞാൻ പറഞ്ഞു.
“അതിന്റെ അവതാരിക ഞാനാകും എഴുതുക”
എന്ന് പുഞ്ചിരിയോടെ പറഞ്ഞിട്ട് അദ്ദേഹം തുടർന്നു:
“നമ്പി നമ്മുടെ ഗ്രൂപ്പിൽ ഞാൻ ഭയങ്കര ലക്കിമാൻ ആണ് അല്ലെ?”
“ശരിയാണ് സാർ. എനിക്ക് അഭിമാനമുണ്ട് താങ്കൾ ഈ ലോകത്തിലെ ഏറ്റവും ലക്കിയസ്റ്റ് മാൻ ആണ് എന്നതിൽ.. മൈ ലക്കിയസ്റ്റ് ഫ്രണ്ട്.”
ഞാൻ പറഞ്ഞു. അപ്പോൾ കലാം സാർ എന്റെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചു.
അപ്പോൾ ഞാൻ തുടർന്നു:
“ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനും ഏറ്റവും വലിയ നിർഭാഗ്യവാനും തമ്മിലുള്ള കൂടിക്കാഴ്ചയാണിത്. സോ താങ്ക് യൂ വെരി മച്ച് ഫോർ ദ വാല്യുബിൾ ടൈം. ”
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം കലാം സാർ എന്നെ കെട്ടിപ്പിടിച്ചു.
“പ്രിയ സുഹൃത്തേ.. ദൈവമുണ്ടാകും നിങ്ങൾക്കൊപ്പം”
അദ്ദേഹം കണ്ണുകൾ തുടച്ചു.
അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, ഞങ്ങൾ രണ്ടുപേരും കരയുകയായിരുന്നെന്ന്.
(ശ്രീ നമ്പി നാരായണന്റെ ആത്മകഥയിൽ നിന്ന്- പേജ് 31, 32)

പേജ് നമ്പർ 82 ലെ ഒൻപതാം അധ്യായം ‘മുട്ടിയത് ഒരു വാതിൽ തുറന്നത് വലിയൊരു ലോകം’ ആണ്. അത് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ബെൽജാറും ഗൺപൗഡറും സ്ക്വിബും വച്ചുള്ള ഒരു പരീക്ഷണം. അതിലെ പൊട്ടിത്തെറിയിൽ നിന്ന് കലാം സാറിനെ രക്ഷിച്ചു മാറ്റിയതും ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമാണ്. അതിന് ശേഷം മംഗൾയാൻ പോജക്റ്റ് ഡയറക്റ്റർ എസ് അരുണനെ (നമ്പിസാറിനെ മരുമകൻ) കലാം സാർ അഭിനന്ദിച്ചത്,
” പണ്ട് എന്റെ ജീവൻ രക്ഷിച്ചത് നിങ്ങളുടെ അമ്മാവനാ, മൈ ഫ്രണ്ട്, നമ്പി.. നിങ്ങൾ ഇപ്പോൾ ഈ രാജ്യത്തിന്റെ ജീവനും രക്ഷിക്കുന്നു.. കണ്ഗ്രാറ്റ്‌സ്..”
റോക്കറ്ററി കണ്ടുകഴിഞ്ഞപ്പോൾ വീണ്ടും “ഓർമ്മയുടെ ഭ്രമണപഥ”ങ്ങളിലൂടെ ഒരു യാത്ര വേണമെന്ന് തോന്നി.
അതിൽ ഏറ്റവും വൈകാരികമായി വായിക്കുന്ന പേജ് ഇതെല്ലാമാണ് . ചിലപ്പോഴൊക്കെ പേജ് നമ്പർ 31,32 മാത്രമെടുത്ത് വായിക്കും. അത്ര ആർദ്രരായ രണ്ട് മനുഷ്യരെ വായിക്കുകയെന്നാൽ അത്ര മനോഹരമായ അനുഭവമാണ്.

ഇസ്രോയ്ക്കും നമ്പി നാരായണനും രണ്ട് ജീവിതമുണ്ട്, ചാരക്കേസിന് മുമ്പും ചാരക്കേസിന് ശേഷവും എന്ന് നമ്പിസാർ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. റോക്കറ്ററിയ്ക്ക് ശേഷം, മാധവൻ പറഞ്ഞ കാര്യം,
“മാധവന്റെ ലൈഫിന് രണ്ട് ഭാഗങ്ങളുണ്ട്.. നമ്പിസാറിനെ കാണുന്നതിന് മുമ്പും നമ്പിസാറിനെ കണ്ടതിന് ശേഷവും”

കാണുന്നവരെയൊക്കെ കൈകൂപ്പി, എളിമയോടെ, സ്നേഹത്തോടെ നമസ്തേ പറയുന്ന അദ്ദേഹത്തിന്റെ നിഷ്കളങ്കഭാവങ്ങൾ അതേ തനിമയോടെ വെള്ളിത്തിരയിലേക്ക് പകർത്തിയപ്പോൾ കൗമാരക്കാലത്തെ പ്രിയപ്പെട്ട നടനിൽ നിന്ന് മാധവൻ ബഹിരാകാശത്തോളം വളർന്ന അത്ഭുതമായിരിക്കുന്നു. എന്തൊരു പകർന്നാട്ടമായിരുന്നു അദ്ദേഹത്തിന്റേത്. കരഞ്ഞും തേങ്ങിയും കണ്ടുതീർക്കുമ്പോൾ പലവട്ടം വായിച്ച ആത്മകഥയിലെ വരികൾ ചൂടായ എഞ്ചിൻ പോലെ ഉള്ളം പൊള്ളിച്ചുകൊണ്ടിരുന്നു. നമ്പിസാറിനെ ആത്മകഥ തയ്യാറാക്കിയ പ്രജേഷ്സെൻ ചോദിക്കുന്ന കുറെയേറെ ചോദ്യങ്ങളുണ്ട്. ഇന്നും ഉത്തരമില്ലാതെ ഇന്ത്യൻ മനഃസാക്ഷിയെ കുത്തിനോവിക്കുന്ന കുറെയേറെ ചോദ്യങ്ങൾ. ഓരോ പ്രസംഗത്തിനും ശേഷം “ജയ് ഹിന്ദ്” വിളിച്ചും, അതിർത്തിയിൽ പൊലിയുന്ന സ്വദേശത്തെയും പരദേശത്തെയും ജനതയെ നോക്കി ആവേശപ്പെട്ടും ആക്രോശിച്ചും ദേശസ്നേഹം പ്രസംഗിക്കുവാനെ നമുക്ക് കഴിയൂ. ദേശത്തിനായി എല്ലാ മികച്ച അവസരങ്ങളും ത്യജിച്ച, ദേശത്തിനായി മാത്രം ജീവിച്ച ഇതുപോലുള്ള ദേശസ്നേഹികളെ തീവ്രവാദികളായി മുദ്രകുത്തി രസിച്ചപ്പോൾ പിന്നോട്ടുപോയ ശാസ്ത്രസാങ്കേതികതയുടെ വളർച്ചയിൽ ആര് സമാധാനം പറയും?

കെട്ടിച്ചമച്ച ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി ബി ഐ അന്നത്തെ മുഖ്യമന്ത്രി ഈ കെ നായനാരോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 12, 1997 ൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഒപ്പിട്ടു മാറ്റിവച്ച ഫയൽ ഏത് ചാരസുന്ദരിയാണ് മുക്കിയതെന്ന് ശ്രീ പ്രജേഷ്സെൻ ചോദിക്കുന്നു.അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ അട്ടിമറിക്കാൻ അദ്ദേഹത്തിന്റെ തന്നെ പാർട്ടിക്കുള്ളിൽ നിന്ന് പുറത്തുചാടിച്ച ഭൂതമാണോ ചാരക്കേസെന്നും പ്രജേഷ്സെൻ ചോദിക്കുന്നുണ്ട്. ക്രൈം നമ്പർ 225/ 94 , 246/94 എന്നീ കേസുകൾ അന്വേഷിക്കാൻ കേരളാപോലീസിന് സങ്കേതികതടസ്സമുണ്ടെന്ന് അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുസ് തന്നെ സി ബി ഐ അന്വേഷണത്തിന് കേസ് വിടണമെന്നും 1994 നവംബർ 30 ന് ആവശ്യപ്പെട്ടിരുന്നു. 1994 ഡിസംബർ 2 ന് സർക്കാർ ഹോം സെക്രട്ടറി സി പി നായർ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സി ബി ഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പേ തന്നെ നമ്പിനാരായണനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസ് തിടുക്കപ്പെട്ടത് ആർക്കുവേണ്ടിയാണ്?

റോ യിലെ ഉദ്യോഗസ്ഥർ പാതിവഴിയിൽ കേസ് ഉപേക്ഷിച്ചത് ആർക്ക് വേണ്ടി?
കേസ് അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ അധികാരമില്ലാത്ത റോയെയും ഐ ബി യെയും സഹായത്തിന് വിളിച്ചതെന്തിന്?
ഇസ്രൊയുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന ഒരാളുടെ വീട് (മതിയായ രേഖകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നിടത്ത്,)എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല?
അറസ്റ്റ് ചെയ്ത വ്യക്തിയെ കോടതിയിൽ ഹാജരാക്കാതെ അജ്ഞാതസംഘത്തിന് മർദ്ദിക്കാൻ വിട്ടുകൊടുത്തത് എന്തിന്?
കസ്റ്റഡിയിൽ വിടാനുള്ള കോടതി ഉത്തരവിനെ അനുസരിക്കാതെ മറ്റ് ഏജൻസികളിലേക്ക് “കൈകാര്യം” ചെയ്യാൻ വിട്ടുകൊടുത്തത് എന്തിന്?
പ്രതിചേർക്കപ്പെട്ട ആളെ വിട്ടുകൊടുക്കാൻ പൊലീസിനെന്ത് അധികാരം?
ആരുടെ ഉത്തരവിലാണ് ആ നടപടി?
അന്ന് നമ്പിസാറിനെ ഇരുട്ടുമുറിയിൽ തല്ലിച്ചതച്ചത് ആരാണ്?
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രരംഗം തൂത്തെറിയാൻ സി ഐ എ യുടെ പങ്കുപട്ടിയവർ ആരെല്ലാം?
ആരാണ് ഇന്ത്യയെ വിറ്റ യഥാർത്ഥ ചാരൻ?
ആരായിരുന്നു അന്വേഷണഉദ്യോഗസ്ഥർ മാത്രമറിയേണ്ടുന്ന വാർത്തകൾ പൊതുസ്വഭാവത്തോടെ പത്രങ്ങൾക്ക് വിറ്റത്?
ഇത്രയും രഹസ്യസ്വഭാവമുള്ള കേസിൽ സൂഷ്മതകൾ പാലിക്കപ്പെട്ടിരുന്നോ?
ഇത്രയും വലിയ കേസിൽ ലഭിക്കേണ്ട മേറ്റിരിയൽ എവിഡൻസ് കേരള പൊലീസ് കൈമാറിയിരുന്നോ?
മറിയം റഷീദയ്ക്ക് കൈമാറിയ സാങ്കേതിക രഹസ്യം എന്തായിരുന്നു?
വിറ്റു എന്നവകാശപ്പെടുന്ന രേഖകൾ രാജ്യത്തിൽ തന്നെയുണ്ടോ എന്ന് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട്?
അന്വേഷണഉദ്യോഗസ്ഥനായ സിബി മാത്യൂസ് എത്ര മണിക്കൂർ,പോട്ടെ, എത്ര മിനിറ്റ് നമ്പിസാറിനെ ചോദ്യം ചെയ്തു?
ഒന്ന് ഫോൺ ചെയ്താൽ സ്റ്റേഷനിൽ ഹാജർ ആകുമായിരുന്ന നമ്പിസാറിനെ ഒരൊറ്റ ചോദ്യം ചോദിക്കാൻ വേണ്ടി മാത്രമായിരുന്നോ സിബി മാത്യൂസ് ഇത്രയേറെ ദിവസങ്ങൾ പലരെയും ഉപയോഗിച്ചു ക്രൂരമർദ്ധനങ്ങൾ നടത്തിയത്?

പ്രജേഷ്സെൻ ചോദ്യങ്ങൾ ചോദിക്കുകയാണ്. ശരിയാണ്, നമ്പിസാറിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകിയാലും അദ്ദേഹത്തോടും രാജ്യത്തോടും ചെയ്തതിന് പകരമാവില്ല. അദ്ദേഹം ചോദിച്ച നഷ്ടപരിഹാരത്തുക കുറഞ്ഞുപോയി എന്ന പരാതി മാത്രമേ അദ്ദേഹത്തോടുള്ളു. ആയുസ്സും ജീവനും കുടുംബവും സമർപ്പിച്ചു ജീവിച്ച ആ മഹാസത്യത്തിനോട്, നീതികേട് കാണിച്ചവർ ഇരുട്ടത്തിരിക്കുമ്പോൾ പ്രജേഷ്സെന്നിനെ പോലെ, മാധവൻ പോലെ കുറച്ചാളുകൾ ഉണ്ടെന്നുള്ളതിൽ ആശ്വാസമുണ്ട്.

അപ്പോഴും തളരാത്ത പോരാട്ടവീര്യത്തോട് ഉള്ളിൽ കരഞ്ഞുകൊണ്ട് ആയിരം വട്ടം മാപ്പ് ചോദിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വർഷങ്ങളായി അലയടിക്കുന്ന ചോദ്യങ്ങളുണ്ട്.
ആരാണ്??
ആർക്ക് വേണ്ടിയാണ്??
എന്തിന് വേണ്ടിയാണ്??
സർവ്വോപരി…
എന്തുകൊണ്ടാണ് ഇവിടെ ഇങ്ങിനെയൊക്കെ??

 

Leave a Reply
You May Also Like

അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷവുമായി ഷെയ്ന്‍ നിഗം

അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷവുമായി ഷെയ്ന്‍ നിഗം അയ്മനം സാജൻ ഒരുപാട് മികച്ച പോലീസ്…

മോഡേൺ ഡ്രസിൽ ആരാധകരെ ഞെട്ടിച്ച് രമ്യനമ്പീശൻ. ഇത് എന്ത് ഡ്രസ്സ് ആണെന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രമ്യനമ്പീശൻ. അവതാരകയായും നായികയായും ഗായികയായും ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് രമ്യ.

ഇപ്പോഴുള്ള നടന്മാരിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നായകനായി തുടങ്ങിയ അപൂർവം ചിലരിലൊരാൾ

Sunil Kumar 43 വർഷങ്ങളായിരിക്കുന്നു ഈ നടൻ നമ്മുടെ മുന്നിൽ വന്നുനിൽക്കാൻ തുടങ്ങിയിട്ട്. അശോകൻ.. ഇപ്പോഴുള്ള…

വെള്ളത്തിൽ വീണ തുമ്പിയെ രക്ഷിക്കുന്ന വീഡിയോ ഷെയർ ചെയ്തു അക്ഷയ്‌കുമാർ

ബോളീവുഡിന്റെ വീരനായകനാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ കുളത്തില്‍ വീണ തുമ്പിയെ രക്ഷിച്ച വിവരം ആരാധകരുമായി പങ്കുവെക്കുകയാണ്…