ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവിയിൽ കുഞ്ഞില മാസിലാമണിയുടെ സെഗ്മെന്റ് ആയ ‘അസംഘടിതർ’ ശരിക്കും അസംഘടിതരുടെ കഥതന്നെയാണ്. സ്വന്തം ശാരീരികാവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാതെ ജോലിചെയ്യേണ്ടിവരുന്ന കോഴിക്കോട് മിഠായി തെരുവിലെ അസംഘടിതരായ സ്ത്രീകളുടെ പോരാട്ടം ആണ് കഥ. ഒരു ഡോക്കുമെന്ററി ശൈലിയിൽ ആണ് കഥപറയുന്നത്. ഒരു പരീക്ഷണം എന്നതിലുപരി അതൊരു കുറവായി തോന്നിയിട്ടില്ല.

ചിത്രത്തിൽ നിഷ്ക്രിയമായ തൊഴിലാളി സംഘടനകളെ കണക്കറ്റ് വിമർശിക്കുന്നുണ്ട്. രാഷ്ട്രീയ ബോധം കൊണ്ട് ആ സിനിമകാണുന്നതും മനുഷ്യ ബോധം കൊണ്ട് ആ സിനിമ കാണുന്നതും വ്യത്യസ്തമായ അഭിപ്രായങ്ങളെ ആണ് ഉണ്ടാക്കുക. കുഞ്ഞില മാസിലാമണിക്കെതിരെയും ആ സിനിമക്കെതിരെയും മാധ്യമപോസ്റ്റുകൾക്കടിയിൽ കാണുന്ന കമന്റുകൾ കലാബോധമില്ലാത്തതും സൂപ്പർസ്റ്റാർ സിനിമകളെ പ്രമോട്ട് ചെയ്യുന്നതുമായ നിലവാരംകുറഞ്ഞ വൃത്തികെട്ട ആൺബോധങ്ങളും അതിനൊത്ത് തുള്ളുന്ന ചില പെൺബോധങ്ങളുമാണ്. ഒരാൾക്ക് ആ സിനിമകണ്ടതുമുതൽ തുടങ്ങിയ ഛർദ്ദി ഇതുവരെ തീർന്നില്ലത്രേ. അതാണ് ശരി. കാരണം സിനിമയിലെ അസംഘടിതർ മൂത്രമൊഴിക്കുന്നത് ഇവരുടെയൊക്കെ മുഖത്തുതന്നെയാണ്.

അസംഘടിതർ എന്ന ആ ചിത്രം ഉദാത്തമെന്നോ മേളകളിൽ പ്രദർശിപ്പിക്കാൻ യോഗ്യമെന്നോ അവാർഡുകൾക്ക് അർഹമെന്നോ പറയുന്നില്ല. കാരണം അതിനേക്കാൾ നല്ല സെഗ്മെന്റുകൾ ആ ആന്തോളജി സിനിമയിൽ ഉണ്ട്. അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന ചില കൊതിക്കിറുവുകൾ പോലെയാകാം തന്റെ ചിത്രം പ്രദര്ശിപ്പിക്കാത്തതിൽ ഉള്ള ആ കലാകാരിയുടെ പ്രതിഷേധം എന്നും വ്യാഖ്യാനിക്കാം. എന്നാൽ കുഞ്ഞില മാസിലാമണിയുടെ പ്രതിഷേധിക്കാനുള്ള ആവശ്യത്തോട് പൂർണ്ണ ഐക്യദാർഢ്യവും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയോട് പുച്ഛവും രേഖപ്പെടുത്തുന്നു. സംഘപരിവാർ വിരുദ്ധവും സ്വേച്ഛാധിപത്യവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവും മതവിരുദ്ധവും ..എന്തിനു ജനാധിപത്യവിരുദ്ധമായ ആശയം പോലും പരിഗണനയ്‌ക്കെടുക്കേണ്ട വിശാലമേഖലയാണ് കല. കലയിലൂടെ പരിണാമവും ക്ളൈമാക്‌സും ആസ്വാദകരുടെ മനസിലാണ് സംഭവിക്കുന്നത്. ഭരണകൂടങ്ങൾക്ക് അതിൽ സ്ഥാനമൊന്നും ഇല്ല. ദേശീയമായാലും സംസ്ഥാനങ്ങളുടേതായാലും. അശ്വതി അരുൺ എഴുതിയ കുറിപ്പ് വായിക്കാം

കുഞ്ഞിലയുടെ പോരാട്ടം

അശ്വതി അരുൺ

പണ്ടേ എഴുതേണ്ടതായിരുന്നു. ഇന്ന് കുഞ്ഞില വാർത്തകളിൽ നിറയുമ്പോൾ എഴുതാതിരിക്കാൻ പറ്റുന്നില്ല.
കുഞ്ഞിലയിലേക്ക് എത്തും മുമ്പേ..

ഫ്രീഡം ഫൈറ്റ് എന്നത് ഒരു യുദ്ധമായിരുന്നു. നമ്മൾ നിരന്തരം കാണുന്ന, കേൾക്കുന്ന, സംവദിക്കുന്ന, അവഗണിക്കുന്ന, പലതിനൊടുമുള്ള യുദ്ധം. ഒറ്റപ്പെട്ടവന്റെ ആത്മസംഘർഷങ്ങളെ അതേ തീവ്രതയോടെ സംവദിച്ചു കൊണ്ട്, നേരിലേക്ക് വേരൂന്നിയ, ദൈനംദിന വ്യവഹാരങ്ങളുടെ കലഹത്തിലൂന്നിയ ആന്തരികവും ബാഹ്യവുമായ യുദ്ധം.ഫ്രീഡം ഫൈറ്റ് എന്ന അന്തോളജി ചിത്രത്തിലെ അവസാനചിത്രമായ പ്രാ.തൂ.മൂ മുന്നോട്ടു വച്ച രാഷ്ട്രീയം വ്യക്തമായി പറയാൻ ഫ്രെയിംസ് തന്നെ ധാരാളം. കറുപ്പും വെളുപ്പും അവസാനമില്ലാത്ത പോരാട്ടത്തിലാണ്. Black and white നിറങ്ങളിൽ മാത്രം വിന്യസിക്കുന്ന ഓരോ സീനുകളിലും ചില ജീവിതങ്ങളിലെ നിറമില്ലായ്മ നിരന്തരം സംവദിക്കുന്നുണ്ട്. അവസാനമൊഴുകുന്ന രക്തത്തിൽ മാത്രം കറുപ്പും വെളുപ്പും കലരാത്ത ചുവപ്പായി മാത്രം സംവിധായകൻ ശ്രദ്ധിച്ചത് എത്ര വലിയ ഉത്തരമായിരുന്നു. സമ്പത്തിന്റെ, നിറത്തിന്റെ,ജാതിയുടെ,മതത്തിന്റെ, തൊഴിലിന്റെ,പാരമ്പര്യത്തിന്റെ, സംസ്കാരത്തിന്റെ,ഭാഷയുടെ,അങ്ങിനെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വൈരുദ്ധ്യങ്ങളുടെ ഏകമാനമായ സന്തുലനം സാധ്യമാക്കുന്ന രക്തനിറത്തിന്റ സാഹോദര്യം. “ഉള്ളിലെ ചോരയ്ക്ക് ചുവപ്പല്ലേ” എന്ന് പറഞ്ഞു പഠിപ്പിച്ച നവോഥാനപിതാവിന്റെ മണ്ണിൽ നൂറിനടുത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ പരം അപമാനം വേറെന്തുണ്ട്??

അടുത്തത് ഫ്രാൻസിസ് ലൂയിസിന്റെ “റേഷനും” ജിയോ ബേബിയുടെ “ഓൾഡ് ഏജ് ഹോമും” നിഷേധിക്കപ്പെട്ടവന്റെയും ഒറ്റപ്പെട്ടവന്റെയും ധാരാളിയുടെയും അവകാശങ്ങളും വേദനകളും ധൂർത്തും പറയുമ്പോൾ എവിടെയൊക്കെയോ കണ്ടും കേട്ടും മടുത്ത ചില ജീവിതങ്ങൾ കാണിച്ചപ്പോൾ, തിരിച്ചറിയാതെ, ശ്രദ്ധിക്കാതെ പോയ ചിലരിലേക്ക് തിരിഞ്ഞു നോക്കി. കാലം കഴിയുമ്പോൾ തിരശ്ശീലയ്ക്ക് പിറകിൽ മറഞ്ഞവരെ ഓർത്തു പോകാമെന്നല്ലാതെ തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കില്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. ചുറ്റുപാടുകൾ കണ്ണോടിച്ചാൽ അതിനുള്ള അവസരവും കിട്ടുമെന്ന് “റേഷൻ ” പറഞ്ഞു. ഉള്ളവന്റെ ആർഭാടങ്ങളിൽ എവിടെയോ ഞെരിഞ്ഞടങ്ങുന്ന ഇല്ലാത്തവന്റെ വിലാപങ്ങൾക്ക് ചവട്ടുകൊട്ടയുടെ അടുത്ത് നിൽക്കുന്ന തെരുവ് നായയുടെ ഭാഗ്യം പോലുമുണ്ടാകില്ലല്ലോ എന്നത് കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അടുത്തിരുന്ന് ഇതേ കാഴ്ചയിൽ കണ്ണ് നിറഞ്ഞ ഏഴ് വയസ്സുകാരി മകളെ ഓർത്ത് അഭിമാനം തോന്നി. അവളറിയുന്നുണ്ടല്ലോ ഇല്ലാത്തവരുടെ കൂടി വേദനകൾ. അതേ വേദന അവളിലേക്ക് ഏറ്റുവാങ്ങുന്നുണ്ടല്ലോ..

ക്ഷമിക്കണം, പ്രധാനമായും പറയാൻ വന്നത് “അസംഘടിതരെ” കുറിച്ചാണ്.വിഷയത്തിന്റെ പ്രസക്തി അഞ്ച് സിനിമകളിലും ഒന്നായതിനാൽ ബാക്കി നാലും പേരെങ്കിലും പറയാതെ പോയാൽ മോശമാവും എന്ന് കരുതി പറഞ്ഞേവെന്നേയുള്ളൂ.

അസംഘടിതർ എന്ന ചിത്രത്തിൽ നിന്നും
അസംഘടിതർ എന്ന ചിത്രത്തിൽ നിന്നും

ഒരു കാര്യം കൂടി;-
പെണ്ണിന്റെ അതിജീവനവും പോരാട്ടവും മുന്നേറ്റവും നിരന്തരം ഇന്നിന്റെ ശബ്ദമായിരിക്കുന്നു. കരിക്കിന്റെ അടുത്തിടെ ഇറങ്ങിയ സീരീസുകളിൽ ആവറേജ് അമ്പിളിയിൽ പറയുന്നത് പോലുള്ള മുന്നേറ്റം എന്നുമെന്നോണം സംവദിക്കുന്നുണ്ട്. അതേ വിപ്ലവം പാരന്മ്യത്തിലാകുമ്പോഴാണ് ഏതാണ് ശരിയെന്നും തെറ്റെന്നും ആശയക്കുഴപ്പം ഉണ്ടാവുക. ഈയുള്ളവളുടെ പരിമിതമായ ബുദ്ധിയിൽ തോന്നുന്നു, അത്തരത്തിലൊരു ആശയക്കുഴപ്പത്തിലാണ് ഇന്ന് നമ്മുടെ സമൂഹമെന്ന്.

ആശയക്കുഴപ്പം മാറാൻ, ആദ്യം അവനവനോട് തന്നെയുള്ള പോരാട്ടമാണ് ജയിക്കേണ്ടത്. ആ പൊരാട്ടത്തിലൂടെ നൂറ്റാണ്ടുകളുടെ ചെളിയും അഴുക്കും ചുരണ്ടി മാറ്റാനുള്ള ആർജ്ജവമാണ് നേടുന്നത്.പെണ്ണിന്റെ ശബ്ദം പൊങ്ങിക്കൂടാ എന്ന സകല “കുലകാഴ്ചപ്പാടുകളും” ഉരുട്ടി കുഴച്ചു കഴിക്കേണ്ടി വരുന്ന “സാമാന്യബോധ”ത്തിന്റെ ബോധമില്ലായ്മയിലാണ് ഞാനും ഉൾപ്പെട്ട തലമുറയിലെ ഓരോ പെണ്ണും വളർന്നത്. (പുതിയ കുട്ടികളിൽ ചെറുതല്ലാത്ത പ്രതീക്ഷയുണ്ട്.)

ആ ബോധമില്ലായ്മയ്ക്കെതിരെ പോരാടാൻ അവറേജ് അമ്പിളിയും ഗീതുവും ഒറ്റയ്ക്കായിരുന്നു. അവർ പരിശ്രമിക്കുന്നത് ഒരു പൊളിച്ചെഴുത്തിനാണ്. അതിനവരുടെ കരുത്ത് അവർ മാത്രവും. എന്നാൽ ആ കരുത്ത് നൽകുന്ന വെളിച്ചം എന്നെപ്പോലെ ശരാശരിയിലും താഴെയുള്ളവരെ സ്വാധീനിക്കുന്നത് അത്രയേറെ ആഴത്തിലാണ്.

അസംഘടിതർ എന്ന ചിത്രത്തിൽ നിന്നും
അസംഘടിതർ എന്ന ചിത്രത്തിൽ നിന്നും

എന്നാൽ “അസംഘടിതർ” പോരാടുന്നത് സംഘടനകളിലാത്ത സങ്കർഷങ്ങളിലാണ്. അവരിൽ ഒരാളും ഒറ്റയ്ക്കല്ല. എന്നാൽ കൂട്ടവുമല്ല. പക്ഷെ പൊതുവായുള്ളത് സമാനപ്രശ്‌നങ്ങൾ നേരിടുന്നവരാണ് എല്ലാവരും എന്നത് മാത്രം. അവിടെയാണ് കുഞ്ഞീലയെന്ന മിടുമിടുക്കി ആദരവ് അർഹിക്കുന്നത്.
അസംഘടിതർ കണ്ടപ്പോൾ 2014 ൽ മാതൃഭൂമി വാർഷികപ്പതിപ്പിൽ വന്ന സാറാ ജോസഫിന്റെ “ഒരു പരമരഹസ്യത്തിന്റെ ഓർമ്മയ്ക്ക്” എന്ന ചെറുകഥയാണ് ഓർമ്മ വന്നത്. പലപ്പോഴും യാത്രകൾക്ക് ശേഷം , സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും നിന്ന് വീട്ടിലേക്ക് കടക്കുമ്പോൾ തന്നെ , പൊത്തിപിടിച്ച വയറുമായി ടോയിലറ്റിലേക്ക് ഓടേണ്ടി വരുന്ന അവസ്ഥയിലൂടെ കടന്നുപോകാത്തവരല്ല ഒരു സ്ത്രീയും. അതിനിടയ്ക്ക് മാസമുറ കൂടിയാണെങ്കിൽ ഏതാണ്ട് നരകം ഏറെക്കുറെ കണ്ട് മടങ്ങാം. വർഷങ്ങളായി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ അത്യാവശ്യമായത് പോലും കണ്ടില്ലെന്ന് വയ്ക്കാനോ, പൊതുവിടങ്ങളിലെ പല അസന്തുലിതമായ മുന്നേറ്റങ്ങളിലും പിന്നോട്ടു പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുള്ള തെറ്റിനെ തിരുത്താനാണോ “അസംഘടിതരെ”യും കുഞ്ഞിലയെയും ഇന്നും പുറത്തു നിർത്തുന്നത്?

Short film എന്താ സിനിമയല്ലേ? ആന്തോളജി ഗണമാണെങ്കിലും കലാസൃഷ്ടിയല്ലേ? ചർച്ചചെയ്യപ്പെടെണ്ടുന്നത് ചർച്ച ചെയ്യുക തന്നെവേണം. അതിന് പൊളിച്ചെഴുത്തുകൾ ആവശ്യമെങ്കിൽ പൊളിച്ചെഴുതണം.കോഴിക്കോട് മിട്ടായിത്തെരുവ് മാത്രമല്ല, കേരളത്തിലെ പല തെരുവുകളിലും പിത്തിപ്പിടിച്ച വയറുമായി പലവട്ടം സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് “അസംഘടിതർ” ചർച്ചയാവേണ്ടതാണെന്ന് പറയുന്നതും.

കലകൾ സംവദിക്കേണ്ടത് സൗന്ദര്യാത്മകമായ ബിംബംങ്ങളിൽ മാത്രമാണെന്ന പാരമ്പര്യബോധത്തെ തച്ചുടക്കേണ്ടതാണ്. കാലഹരണപ്പെട്ട നിയമങ്ങൾ കാറ്റിൽ പറത്തി, പുതിയത് കാലാനുവർത്തിയായി എഴുതപ്പെടട്ടെ. സാധാരണക്കാരന്റെ നിത്യവ്യവഹാരങ്ങളെയും ധാർമ്മികതയെയും പൊതുബോധത്തെയും അവകാശത്തെയും കുറിച്ചു കൂടി കലകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനുള്ള വേദിയാണ് ഇനി വേണ്ടത്..

Nb: സംവിധായകയുടെ രാഷ്ട്രീയമോ അവർ വിളിച്ച മുദ്രാവാക്യമോ അല്ല, കലാസൃഷ്ടി മുന്നോട്ടുവച്ച വിഷയത്തിന്റെ പ്രസക്തി മാത്രമേ ലേഖിക ഉദ്ദേശിച്ചിട്ടുള്ളൂ.

ജൂലൈ 18, 2022

Leave a Reply
You May Also Like

‘ധൂമം’ ആദ്യാഭിപ്രായങ്ങൾ ഇങ്ങനെ

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്( 1 & 2) ,…

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; പുതിയ ഗാനം പുറത്തിറങ്ങി !

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; പുതിയ ഗാനം പുറത്തിറങ്ങി ! തെലുങ്ക്,…

ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി

ഒരിടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി. ഭാവനയും ഷറഫുദ്ധീനും…

ചുരിദാറിൽ ക്യൂട്ട് ആയി അഹാന കൃഷ്ണ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ.