അശ്വതി അരുൺ
രാവണപ്രഭു എന്ന സിനിമയിൽ “ആകാശദീപങ്ങൾ സാക്ഷി… ” എന്ന ഗാനത്തോട് കൂടുതൽ ഇഷ്ടമുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ സുരേഷ് പീറ്റേഴ്‌സ് സംഗീതമിട്ടപ്പോൾ എന്നും മൂളാനായി ചുണ്ടിൽ മറ്റൊരു വിസ്മയം സൃഷ്ടിക്കപ്പെടുകയായിരുന്നു. കാലത്തെ അതിജീവിച്ചു നിൽക്കുന്ന മനോഹരമായ സൃഷ്ടി. വ്യക്തിപരമായി പറഞ്ഞാൽ, ഭാനുമതിയുടെ വിയോഗത്തിന്റെ തീവ്രത ഒട്ടും ദയയില്ലാതെ പ്രേക്ഷകരെ പിടിച്ചുലയ്ക്കുന്ന കൊടുങ്കാറ്റായിട്ടാണ് ആ വരികൾ തോന്നാറുള്ളത്. ദേവാസുരം മുതൽ രാവണപ്രഭു വരെ നിറഞ്ഞുകവിഞ്ഞ ഭാനുമതി പിന്നീട് നിശബ്ദമാവുകയാണ്. ആ വേദന ഇതിലും മനോഹരമായി വരികളിലും സംഗീതത്തിലും പകർത്തുക അസാധ്യമാണ്.
അച്ഛനും മകനും ഒറ്റയാക്കപ്പെട്ട അവസ്ഥ വരികളായി ഗിരീഷ് പുത്തഞ്ചേരി എഴുതിയപ്പോൾ, അവരെക്കാൾ പ്രേക്ഷകദുഃഖമാണ് ആ സംഗീതം സൂചിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട് . പ്രേക്ഷകർക്ക് ഭാനുമതിയില്ലാത്ത കഥയെ സങ്കൽപ്പിക്കുക പോലും സാധ്യമാവുന്നില്ല എന്നൊരു ഘട്ടത്തിലാണ് ഭാനുമതി മാഞ്ഞുപോകുന്നത്.. ഒരേസമയം ആത്മവിശ്വാസമുള്ള പെണ്ണായും ആർദ്രതയുള്ള കാമുകിയായും കാര്യപ്രാപ്തിയുള്ള ഭാര്യയായും സ്നേഹമയിയായ അമ്മയായും ഭാനുമതി നിറയുമ്പോൾ ചുറ്റുമുള്ളവർക്കൊക്കെ അവൾ പെങ്ങളും മകളും അങ്ങിനെ അവർക്ക് വേണ്ടപ്പെട്ട ആരൊക്കെയോ ആയിരുന്നു. എല്ലാവരും ദുഃഖിക്കുന്നത് ഭാനുമതിയെ ഓർത്തുമാത്രമാണ്.
ആ ഭാനുമതിയാണ് യാതൊരു സൂചനയും നൽകാതെ പെട്ടന്ന് ഇറങ്ങിപോകുന്നത്. ഇനിയൊരിക്കലും മടങ്ങി വരാത്ത ഇറങ്ങിപ്പോക്ക്. ഭാനുമതിയില്ലാതെ ലക്ഷക്കണക്കിന് പ്രേക്ഷകരും തേങ്ങുകയാണ്. ആ തേങ്ങലിനെ ജാനകിയുടെ അമ്മയിലൂടെ വീണ്ടും ഓർമ്മകളാക്കി തികട്ടിയുണർത്തുന്നുണ്ട്. എങ്കിലും ഭാനുമതിയുടെ ഓർമ്മകളുറങ്ങുന്ന മണ്ണും വീടും പിറകിലുപേക്ഷിച്ചുകൊണ്ട് നീലകണ്ഠൻ പടിയിറങ്ങുമ്പോൾ, ഭാനുമതിയുടെ വിയോഗവേളയിലെ സംഗീതം ഓർമ്മകളുമായി നമ്മളെയും പിൻവിളിക്കുന്നുണ്ട്. അവിടെ ഭാനുമതി ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കുന്നുണ്ട്. എവിടെയൊക്കെയോ ഭാനുമതി എന്നെയും ഒറ്റയ്ക്കാക്കുന്നുണ്ട്.. അതുകൊണ്ടാകും ആകാശദീപങ്ങൾ ഭാനുമതിയുടെ മാത്രം ഓർമ്മകൾ എന്നിലേക്ക് ഒഴുക്കുന്നത്..