നയന്‍താരക്ക് ഡബ്ബിങ്ങിന് ആളെ പരതിയതിന് പകരം, ലാലിന് വേണ്ടി നോക്കാതിരുന്നതെന്തേ ആവോ ?

  0
  312

  Asita Achu Aravind

  എപ്പോഴും എന്റെ മുന്നിലും പുറകിലുമായി നിഴലുകള്‍ കാണുന്ന ഞാന്‍ ചാക്കോച്ചന്റെ നിഴലും കണ്ടിരിക്കാം എന്ന് കരുതി. ഭാവന ലേശം കൂടുതല്‍ ആയത് കാരണം മജിസ്ട്രേറ്റ് ബേബി ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ആയി വീട്ടില്‍ കയറുമ്പോള്‍ മുതൽ ഞാൻ കഥ എന്റെ രീതിയില്‍ ഊഹിക്കുന്നുണ്ട്. എന്നാല്‍ ഒരിടത്തും പിടി തരാതെ വെട്ടിത്തിരിഞ്ഞു കുതറി മാറി സിനിമ അതിന്റേതായ വഴിക്ക് ഓടി തീര്‍ന്നു. ഒന്നര മണിക്കൂര്‍ ഉള്ള നിഴല്‍ സ്ത്രീ സഹജമായ എന്റെ ഭാവന മാത്രം കാണിച്ച വഴിയിലൂടെ സഞ്ചാരിച്ചാൽ പിന്നെയും 3- 4 തല്ലിപ്പൊളി സിനിമകൾ എടുക്കാനുള്ള കഥകൾ കാണിച്ച് തരും. എന്തൊക്കെ ആയിരുന്നു ഞാന്‍ ചിന്തിച്ചു കൂട്ടിയത്. ചാക്കോച്ചന്‍ പണ്ടെന്നോ ചെയ്ത കൈയബദ്ധം , കുഞ്ഞായി പുനര്‍ജ്ജനിച്ചതാകും അപ്പോൾ വര്‍ഷം ശരിയാവില്ല ലോജിക്കില്ല എന്നായി. ഉടനെ മായ്ച്ചു, അതിനെ മുജ്ജന്മത്തിലെ കൈയബദ്ധമാക്കി.

  കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിനോട് ക്രൈം stories പറയുകയാണ് എന്ന് ആദ്യം കരുതി. നയന്‍താരയുടെ lift നോടുള്ള പേടി claustrophobia ആണെങ്കിലും, ഭർത്താവ് lift അപകടത്തില്‍ മരിച്ചതിനെ സാക്ഷി ആകേണ്ടി വന്നതാകുമോ കാരണം എന്ന് വെറുതെ സംശയിച്ചു. Godfather പോലെ കരുതിയ ആളെ സ്ക്രീനില്‍ കണ്ട ഞാന്‍ അയാളെയും വെറുതെ വിട്ടില്ല. ക്രൈം stories ചെയ്ത് കൊണ്ടിരുന്ന അങ്ങേരുടെ മാനസപുത്രന്റെ ( കുഞ്ഞിന്റെ അച്ഛന്‍) പക്കൽ കിടിലൻ കഥ വന്ന് പെട്ടപ്പോൾ ഗതികെട്ട് തട്ടിയതാണെന്നും ഞാനങ്ങു നിരീച്ചു. ഡോക്ടർ സണ്ണിയെ പോലെ ചാക്കോച്ചന്‍ മുറിയില്‍ കിടക്കാതെ ഹാളില്‍ കിടക്കുന്നു ശബ്ദങ്ങള്‍ കേള്‍ക്കുന്നു. Godfather തന്നെ culprit. അങ്ങേരുടെ hairstyle ഉം, ആ കുഞ്ഞിന്റെ hair style ഉം വെറുതേയല്ല ഒരുപോലെ ഇരിക്കുന്നത്. എന്റെ ഭാവനയും നിരൂപിക്കലും പല കാടുകളില്‍ കയറി ഇറങ്ങി.

  ചുരുക്കി പറഞ്ഞാല്‍ ഞാന്‍ മാടമ്പള്ളിയിൽ എത്തിയ ഡോക്ടർ സണ്ണി ആയിരുന്നു. ഫ്രേയിമിലേക്ക് വന്ന സകല കഥാപാത്രങ്ങളേയും ഞാന്‍ സംശയിച്ചു. ഇതാണോ ഇതാണോ director ഉദേശിക്കുന്ന “കഥ കുഞ്ഞിനെ കേൾപ്പിക്കുന്നയാൾ” എന്ന്. ചിരിപ്പിച്ച രണ്ട് സന്ദര്‍ഭങ്ങൾ പറഞ്ഞേ ഒക്കൂ. അതിലൊന്ന് ഒരു കഥാപാത്രത്തിൽ എന്നെ തന്നെ കണ്ടതാണ്. കരുവാറ്റ എന്ന സ്ഥലം ഉണ്ട് ആലപ്പുഴയില്‍, എന്ന് പറയുമ്പോഴേക്കും പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഉദ്യോഗസ്ഥ ആധിയോടെ ചോദിക്കുന്നു, എനിക്ക് transfer ആണോ sir ? സര്‍ക്കാരുദ്യോഗസ്ഥ ആയ ഞാന്‍ നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. ( ഇപ്പോൾ കൊച്ചിയില്‍ നിന്ന് എടുത്ത് പൊക്കി തിരുവനന്തപുരം ഉണ്ട് ) രണ്ടാമത് എന്നെ ചിരിപ്പിച്ചത് ലാല്‍ ആണ്. നയന്‍താര ആരെന്ന് തിരിച്ചറിയുന്ന നിമിഷം ദേ കിടക്കുന്നു വാഴ വെട്ടിയിട്ട പോലെ “ബ്ധും” എന്ന്. പാർട്ടി പറഞ്ഞ് ആളുകളെ വൺ ടൂ ത്രീ ഫോർ എന്ന് പറഞ്ഞ്‌ കൊന്ന ഭീകരനാണ്. പോരാഞ്ഞ് അത് വീട്ടില്‍ വന്ന് വര്‍ണ്ണിക്കുകയും ചെയ്യും. എന്തൂന്ന് ഭീകരനാപ്പാ !! ഗുണ്ടയാത്രെ ഗുണ്ട !

  നയന്‍താരക്ക് ഡബ്ബിങ്ങിന് ആളെ പരതിയതിന് പകരം, ലാലിന് വേണ്ടി നോക്കാതിരുന്നതെന്തേ ആവോ ? കുടത്തിനകത്ത് നിന്ന് വരുന്ന പോലെ..എന്റെ സ്വന്തം ഫോൺ ആയത് കൊണ്ട് 10 second 20 second ഒക്കെ ബാക്കടിച്ച് റിപ്പീറ്റ് ഇട്ട് അഡ്ജസ്റ്റ് ചെയ്തു. ബച്ചൻ ഫാൻസ് ഉണ്ടെങ്കിൽ ക്ഷമിക്കണം. ബച്ചന്റെ പല ഡയലോഗുകളും , ഇങ്ങനെ “ഉള്ളീന്ന്” വരുന്നത് കാരണം മനസ്സിലാകാതെ പോയിട്ടുണ്ട്. സാന്ദർഭികമയായി പറഞ്ഞു പോയതാണ്.

  വിയര്‍പ്പിന്റെയോ കിതപ്പിന്റെയോ യാതൊരു അസ്കിതകളും ഇല്ലാതെ പുഷ്പം പോലെ ഒന്‍പത് നിലകള്‍ കയറിയ നയന്‍താരയാണ് എന്റെ ഹീറോ. 6 നിലകൾ ഉള്ള ഓഫീസിന്റെ നാലാമത്തെ നിലയില്‍ എത്തുമ്പോഴേക്കും ഗ്യാസ് തീരുന്ന എന്നെയൊക്കെ സുരാജ് പറയുന്ന പോലെ എടുത്ത് കിണറ്റിൽ ഇടണം.
  പ്രചോദനം ഉള്‍ക്കൊണ്ട് ഇനി മുതൽ ആറ് നിലകൾ ചവിട്ടി കയറാൻ ഞാന്‍ തീരുമാനിച്ചു.

  ചാക്കോച്ചന് മാത്രം പെയ്യുന്ന മഴ എനിക്കിഷ്ടമായി.ഞാന്‍ ആ മഴ കാണാറില്ല എന്നേ ഉള്ളൂ. ഇടക്ക് മഴ പെയ്യുന്ന ശബ്ദം കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ചൂട് കൂടുതലായി നില തെറ്റിയിരിക്കുന്ന നേരത്ത്. ഞങ്ങള്‍ക്കിടയിൽ ആ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. മൂപ്പര് കാണുന്നു. ഞാന്‍ കേള്‍ക്കുന്നു. അവസാനം മഴ എല്ലാവരെയും വിട്ട് നയന്‍താരക്ക് മാത്രമായി പെയ്യുന്നുണ്ട്. ആ പെയ്ത മഴ ഞാന്‍ മാത്രമാണോ കണ്ടത് എന്നതൊഴിച്ചാൽ എനിക്ക് ബാക്കിയെല്ലാം perfect ok .