Asita Achu Aravind
രണ്ടു ദിവസമായി കാണാന്‍ ശ്രമിച്ച ആ രഹസ്യം ഇന്ന് ഞാന്‍ കണ്ടു തീര്‍ത്തു. സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ഇന്നലെ ഞാന്‍ status ഇട്ടത് ദൈവത്തിന്റെ ഒന്നാം രഹസ്യം എന്നായിരുന്നു. എനിക്ക് അതോർക്കുമ്പോൾ ചിരി വരുന്നു. അത്രയ്ക്ക് distracted ആയിരുന്നു ആ പടം കാണുമ്പോള്‍. അങ്ങനെ കാണാന്‍ വയ്യെന്ന് വച്ചാണ് അത് പകുതിക്ക് നിർത്തിയതും
.
Neestream എന്ന OTT great Indian kitchen കാണാനാണ് എടുത്തത്. അത് കണ്ടു ആ stream ഉപേക്ഷിച്ചു.നിമിഷയുടെ കൂടെ പണി എടുത്തു ഞാന്‍ അത്രയ്ക്ക് ക്ഷീണിച്ചിരുന്നു. മറിയ എന്ന റിമയും ജിതിൻ ബാബുസേനനും ( ഞാന്‍ ആ നടനെ ആദ്യമായി കാണുകയാണ്. ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ എന്ന് Google ചെയ്തപ്പോൾ കണ്ടു പിടിച്ചു) pregnancy comfirm ചെയ്യാനുള്ള യാത്രയാണ്. Pregnancy ഒരു ആഗോള പ്രശ്നമാണല്ലോ സിനിമയില്‍ എന്ന ചെറു ചിരിയോടെ കാണാനിരുന്നു. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ റിമ മാഞ്ഞു. പകരം ഞാന്‍ എന്നെ കണ്ടു, പിന്നെ എന്റെ സുഹൃത്തുക്കളെ കേട്ടു, പിന്നെ അത് ഒരു സിനിമ അല്ലാതെയായി. ഞാന്‍ എപ്പോഴോ ഒന്നാം രഹസ്യത്തിന്റെ ഭാഗമായി.
” Life ല്‍ prepared ആയി ഇരിക്കണം” .റിമ പറയുന്നു. അത് ഞാനല്ലേ? എന്റെ ചേച്ചിയും ഞാനും പറയും ” എടോ ! നമ്മൾ ദൂരക്കാഴ്ച്ചയും ദീര്‍ഘദൃഷ്ടിയും ഉള്ളവരാണെടോ.”
” One step at a time” – ജിതിൻ പറയുന്നു. കുടുംബത്തിനകത്തും പുറത്തുമുള്ള ഞാന്‍ അറിയുന്ന ഒരു വലിയ വിഭാഗം പുരുഷന്മാരും അങ്ങനെയാണ്. അതില്‍ എനിക്ക് ഒരു അല്‍ഭുതവും തോന്നിയില്ല.
അവര്‍ വളരെ ലാഘവത്തോടെയാണ് എല്ലാറ്റിനെയും കാണുന്നതും നേരിടുന്നതും കൈകാര്യം ചെയ്യുന്നതും.
ഗര്‍ഭിണിയാകുന്നത് തൊട്ടുള്ള , ശാരീരികമായും മാനസികമായും പ്രശ്നങ്ങളിലൂടെ ഒരു സ്ത്രീ തനിച്ചാണ് കടന്നു പോകുന്നത്. കുഞ്ഞുണ്ണി എന്റെയുള്ളില്‍ വളരുമ്പോള്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞിരുന്നു, കൊച്ച് പുറത്ത് വന്നാൽ എന്റെ അഷിതേ അത് ഉള്ളിലുള്ളതാണ് നല്ലതെന്ന് തോന്നിപ്പോകും. അതിനെയും കൊണ്ട് എവിടെ വേണമെങ്കിലും പോകാമല്ലോ എന്ന്. ഒരു കുഞ്ഞ് ഉദരത്തില്‍ വളരുമ്പോഴേ നമ്മൾ അമ്മമാര്‍ ആയിരിക്കും. എന്നാല്‍ പലപ്പോഴും എത്രയോ കഴിഞ്ഞാകും ചില പുരുഷന്മാരെങ്കിലും എല്ലാ തരത്തിലും ഒരു അച്ഛന്‍ ആകുന്നത്. ഈ സിനിമയിലും ഈയിടെ ഇറങ്ങിയ സിനിമയിലുമെല്ലാം പറയുന്നത് ഒരേ കാര്യമാണ്. മാതാപിതാക്കള്‍ ആകാൻ മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്. ഈ സിനിമ എനിക്ക് ഒരു അത്ഭുതമാണ്.
എങ്ങിനെയാണ് ഒരു മുഴുനീള സിനിമ ഒരേ ഫ്രെയിമിൽ തുടക്കം മുതൽ ഒടുക്കം വരെ എന്ന്… എങ്ങിനെ എടുത്തു ? എങ്ങിനെ തീര്‍ത്തു ? ക്യാമറയുടെ ഫ്രെയിം ഒരിക്കല്‍ പോലും മാറിയിട്ടില്ല. ജിതിന്റെയും മറിയയുടെയും വഴക്കും, ശേഷം വരുന്ന മിനുട്ടുകൾ നീളുന്ന നിശബ്ദതയും, അടുത്ത സംഭാഷണം ഏത് നിമിഷം തുടങ്ങണം, ഇതൊക്കെ എങ്ങിനെ അവര്‍ കൈകാര്യം ചെയ്തു !!!
ആകെ മൂന്ന് പേര്‍ മാത്രമുള്ള ഒരു സിനിമ. എന്നാല്‍ അവരുടെ കാറിനെ കടന്ന് പോകുന്ന ആളുകള്‍, വണ്ടികള്‍ ഒക്കെയുണ്ട്. ആരും ക്യാമറയിലേക്ക് നോക്കുന്നില്ല.
കഥാപാത്രങ്ങൾ സംസാരിക്കുമ്പോള്‍ ഞാന്‍ രണ്ടു പേരെയും മാറി മാറി നോക്കുകയായിരുന്നു. കൈകളുടെ ചലനം, റിമയുടെ കണ്ണിലെ പുച്ഛവും പരിഹാസവും ദേഷ്യവും നിസ്സഹായതയും. ജിതിനും ഒപ്പത്തിനൊപ്പം.
എന്തോ പിരിമുറുക്കം സമ്മാനിക്കും എന്ന് പ്രതീക്ഷിച്ച് കാണാനിരുന്ന ഞാന്‍ ഇടക്കിടെ ചിരിച്ചു പോയി. periods വരുമ്പോൾ ശ്ശോ വന്നോ എന്നും വരാന്‍ അല്‍പ്പം വൈകിയാൽ കൂടെ ഉള്ളവന്റെ തല തിന്ന് തീര്‍ക്കുന്ന ഒരു ഞാന്‍ ഉണ്ടായിരുന്നു പണ്ട് എന്റെയുള്ളില്‍. ആ എന്നെ സിനിമക്ക് ശേഷം ഞാന്‍ വീണ്ടും ഓര്‍ത്തു.
ഒരു കാര്യം മനസ്സിലായി. ഡാന്‍സും പാട്ടുമില്ലാതെ, സൂപ്പർസ്റ്റാറുകളും അവരുടെ മാസ്സ് ആക്ഷനുകളും ഇല്ലാതെ, വിദേശ രാജ്യങ്ങളിൽ പോകാതെയും item number ഇല്ലാതെയുമൊക്കെ ഒരു സിനിമ എടുക്കാം. ” ഒരു സിനിമ എങ്ങിനെ ഇരിക്കണമെന്നും അതിനുള്ളിൽ എന്തൊക്കെ വേണമെന്നും കൃത്യമായി അറിഞ്ഞുണ്ടാക്കിയ ഒന്നാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം.ആ ചേരുവ ഒരു സീനിൽ പറഞ്ഞു പോകുന്നത് സിനിമ കഴിഞ്ഞതോടെ പരസ്യമായി.