പ്രൊഡ്യൂസറെ കിട്ടാതിരുന്ന കീർത്തിചക്ര നിർമ്മിക്കാമെന്നേറ്റ സൂപ്പർഗുഡ്‌ ഫിലിംസ് മുന്നോട്ടുവച്ച കണ്ടീഷൻ

59

Aslam Ibnu Abdul Azeez

മലയാളത്തിലെ ലക്ഷണമൊത്ത പട്ടാള ചിത്രം എന്ന് നിസ്സംശയം പറയാവുന്ന ഒരു സിനിമയാണ് കീർത്തിചക്ര.ഇന്ന് വീണ്ടുമൊരിക്കൽ കൂടി ഈ ചിത്രം കണ്ടപ്പോൾ കൗതുകകരമായ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു.കാലാപാനി യുടെ സെറ്റിൽ പ്രിയദർശൻ_മോഹൻലാൽ എന്നിവരുമായി തുടങ്ങിയ സൗഹൃദമാണല്ലോ മേജർ രവിയെ സിനിമയിൽ എത്തിച്ചത്.പിന്നീട് പ്രിയദർശന്റെ അസിസ്റ്റന്റ് ആയി മാറിയ മേജർ രവി കീർത്തിചക്ര യുടെ തിരക്കഥയുമായി പല ഹിന്ദി-തമിൾ-മലയാളം യുവ താരങ്ങളെയും നിർമാതാക്കളെയും സമീപിച്ചു എങ്കിലും ആർക്കും ഈ പ്രോജക്ട് ഏറ്റെടുക്കാൻ ധൈര്യം വന്നില്ലത്രേ.

ഒടുവിൽ മറ്റാരോ വഴി മോഹൻലാൽ കഥ കേൾക്കുകയും അപ്പോൾ തന്നെ ഡേറ്റ് നൽകുകയും ചെയ്തു.പക്ഷെ, അപ്പോഴും നിർമ്മാതാവ് ഇല്ലായിരുന്നു..കാരണം,അക്കാലത്തെ അപേക്ഷിച്ച് ഒരു വൻ ബഡ്ജറ്റ്‍ ചിത്രം, യഥാർത്ഥ ലൊക്കേഷൻ തന്നെ സാഹസികമായി ഷൂട്ട് ചെയ്യണമെന്ന് മേജർ രവിയുടെ നിർബന്ധം..ഒരു പുതുമുഖ സംവിധായകൻ.സാക്ഷാൽ ആന്റണി പെരുമ്പാവൂരിന് പോലും ധൈര്യം വന്നില്ല..

ഒടുവിൽ തമിഴിലെ വൻകിട ബാനർ ആയ സൂപ്പർഗുഡ്‌ ഫിലിംസ് ചിത്രം നിർമ്മിക്കാൻ ഏറ്റു.പക്ഷെ ഒരു കണ്ടീഷൻ,സൂപ്പർ ഗുഡ് ചൗധരിയുടെ മകൻ ജീവക്ക് നായക തുല്യ വേഷം കൊടുക്കണം (ജീവ മുൻപേ സിനിമയിൽ ഉണ്ടെങ്കിലും ഒരു ബ്രെക്ക് കിട്ടിയിരുന്നില്ല) അത് പ്രകാരം തമിഴ് പതിപ്പിന് വേണ്ടി ലാലേട്ടന്റെ ഭാഗങ്ങൾ കുറച്ച് ,ജീവക്ക് കൂടുതൽ പ്രാധാന്യം നൽകി.(തമിഴ് പതിപ്പിൽ ലാലേട്ടന്റെ ശബ്ദം പോലും മറ്റാരോ ഡബ്ബ് ചെയ്തു.).ഒടുവിൽ,പടം റിലീസ് ആയപ്പോൾ മലയാളം പതിപ്പ് സൂപ്പർ ഹിറ്റ് ആവുകയും, മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി ലഭിക്കാൻ വരെ ഈ ചിത്രം കാരണമാവുകയും ചെയ്തപ്പോൾ.,അരൻ എന്ന പേരിൽ വന്ന തമിഴ് പതിപ്പ് വൻ പരാജയമായി.