അന്ന് കേരളം മനുഷ്യരുടെ നാടായിരുന്നു, ദൈവത്തിന്റെ സ്വന്തം നാടായിരുന്നില്ല.

83

Asoka Kumar

അന്ന് കേരളം മനുഷ്യരുടെ നാടായിരുന്നു, ദൈവത്തിന്റെ സ്വന്തം നാടായിരുന്നില്ല.

1970 കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഒരു ചിത്രമാണിത്. അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിന്റെയും ഗോൾ കീപ്പറായിരുന്ന വികട്ർ മഞ്ഞിലയുടെയും ആരാധകരുടെ ഒത്തുചേരൽ. കേരളം ഗോളടിക്കുമ്പോൾ ആ ആവേശക്കടൽ സിരകളിൽ പടർന്ന് സ്ത്രീകൾ ഉയർന്ന് പൊങ്ങി ആർത്തിരമ്പും. ആർപ്പ് വിളിക്കും. ഇന്ന് ഒരു ഫോട്ടോഗ്രാഫർ നോയമ്പ് നോറ്റ് കാത്തിരുന്നാൽ പോലും ഇങ്ങിനെ ഒരു ചിത്രമെടുക്കാൻ പറ്റില്ല. കാരണം ഇന്ന് കേരളത്തിൽ സ്ത്രീകൾക്ക്‌ ഇങ്ങിനെ മത ഛീന്നങ്ങളില്ലാതെ ഒന്നിച്ച് കൂടിയിരിക്കാനൊരു സ്ഥലമോ, മനസ് തുറന്ന് ആർപ്പു വിളിക്കാൻ പറ്റിയ ഒരു പൊതു ഇടമോ ഇല്ല. സ്ത്രീകൾ തയ്യാറാകുകയുമില്ല. എന്തുകൊണ്ട്?മനുഷ്യരെ വേർതിരിച്ച് തട്ടുകളിലാക്കുന്നതിൽ മത ചിന്തകൾ വിജയിച്ചിരിക്കുന്നു. മനുഷ്യരുടെ സ്വന്തം നാടായ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുന്നു.

നമ്മൾ മുന്നോട്ടാണോ, പിന്നോട്ടാണോ യാത്ര ചെയ്യുന്നത്.ലോക് ഡൗൺ ഒന്ന് കഴിഞ്ഞ് കൊവിഡ് 19 നെ ഓടിച്ചിട്ട് പഴയ പോലെ മത വിഷം വിളമ്പാൻ കാത്തിരിക്കുന്നു മത പണ്ഡിത ശിരോമണികൾ. ഒരു പ്രളയത്തിനും, ഒരു മഹാമാരിക്കും ഇവരുടെ കരാള ഹസ്തത്തിൽ നിന്ന് മോചനമില്ല. അവർ വിടില്ല. നമ്മളെ അറിഞ്ഞ് കൊണ്ട് പറ്റിച്ച്, പല കള്ളികളിലാക്കി സുഖലോലുപതയിൽ കഴിയുകയെന്നത് മതങ്ങളുടെ മാത്രം ആവശ്യമാണ്. നമ്മുടേതല്ല.

ദൈവമാണ് മതങ്ങളുടെ കേന്ദ്രബിന്ദു. ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ മനുഷ്യരെ പറ്റിക്കുകയെന്ന കുടിലത ഫ്രാൻസിസ് മാർപ്പാപ്പ മുതൽ കപ്പിയാര് വരെയും ചെയ്യുന്നു. സകല മതാചാര്യ കപടതകളും അക്കാര്യത്തിൽ ഏകോദര സഹോദരർ. മനുഷ്യ സ്നേഹം അഗ്രഹിക്കുന്നവർക്ക്, ലോക സമാധാനം കാംക്ഷിക്കുന്നവർക്ക് മനുഷ്യരെ മതങ്ങളുടെ പേരിൽ വേർതിരിച്ച് നിർത്തുന്ന കുത്സിത പ്രവർത്തികൾ ചെയ്യാനാകില്ല.

മനസിലാക്കുക. ഒരു ദൈവങ്ങളുമില്ല. ഇല്ലാത്ത ദൈവങ്ങൾക്ക് നമ്മളെ രക്ഷിക്കാനുമാകില്ല. മതങ്ങൾ രക്ഷ നേടിക്കൊണ്ടിരിക്കും. മനുഷ്യരും, ഭൂമിയും അധ:പതിച്ചു കൊണ്ടിരിക്കും. ഉറപ്പാണ്.ഞങ്ങളുടെ കയ്യബദ്ധമോ, വിവര ശൂന്യതയോ കൊണ്ട് ദൈവത്തിന് തന്ന് പോയ ഞങ്ങളുടെ പൊന്നോമന മലയാള നാടിനെ ദയവായി ഞങ്ങൾക്ക് തിരികെ തരിക. ഞങ്ങളിതിനെ വീണ്ടും മനുഷ്യരുടെ സ്വന്തം നാടാക്കി സാഹോദര്യത്തോടും, സമാധാനത്തോടും, സന്തോഷത്തോടും, സഹോദരരായി ജീവിച്ച് മണ്ണടിഞ്ഞോട്ടെ.
നമസ്തെ.