‘അവർ ക്രിസ്ത്യാനികളേയും തേടി വന്നിരിക്കുന്നു’

188

Asokan Charuvil

സ്വാതന്ത്ര്യത്തിൻ്റെ കഴുത്തിൽ കുരുക്കു മുറുകുന്നു.

നരേന്ദ്രമോദി രണ്ടാമതു അധികാരത്തിൽ വന്ന കാലത്ത് വിശ്വസനീയമായ ചില റിപ്പോർട്ടുകൾ കണ്ടിരുന്നു. അഭ്യന്തര വകുപ്പുമന്ത്രി അമിത്ഷയുടെ ചില നീക്കങ്ങളെക്കുറിച്ചാണത്. സർക്കാരിനെ എതിർക്കാൻ സാധ്യതയുള്ള ചില വ്യക്തികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ അദ്ദേഹം. വഴങ്ങിയില്ലെങ്കിൽ നാളെ എൻ.ഐ.എ.യോ സി.ബി.ഐ.യോ നിങ്ങളുടെ വാതിലിൽ വന്നു മുട്ടും എന്നായിരുന്നു ഭീഷണി. എത്രപേർ ആ ഭീഷണിക്കു വഴങ്ങി എന്നു നിശ്ചയമില്ല.
എന്തായാലും ജാർഖണ്ഡിലെ ആദിവാസികളുടെ ജീവിതത്തിന് അത്താണിയായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വാതിലിൽ എൻ.ഐ.എ. വന്നു മുട്ടിയിരിക്കുന്നു.

“അവർ ക്രിസ്ത്യാനികളേയും തേടി വന്നിരിക്കുന്നു” എന്നു കരുതാം. വിധേയപ്പെടാത്ത വ്യക്തികളേയും സംഘടനകളേയും മാത്രമല്ല, സംസ്ഥാന ഗവർമെന്റുകളേയും “കുരുക്കാൻ” എൻ.ഐ.എ.യും സി.ബി.ഐ.യും തുടലിൻ്റെ അറ്റത്ത് നിന്ന് മുരണ്ട് ചാടുന്ന കാഴ്ചയാണ് കാണുന്നത്.

രോഗിയും വയോധികനുമാണ് ജസ്യൂട്ട് വൈദികനായ ഫാ.സ്റ്റാൻ സ്വാമി. ഇതുപോലെയുള്ള മറ്റൊരു വയോധികൻ പ്രശസ്ത തെലുഗു കവി വരവരറാവുവും ഇതേ കേസിൽ തടവിലാണ്. ഒപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി പൗരാവകാശ പ്രവർത്തകരും നിയമജ്ഞരും. മഹാരാഷ്ട്രയിലെ കൊറഗാവിൽ ദളിത് വേട്ടക്കൊരുങ്ങിയ സംഘപരിവാറിനെ വിമർശിച്ചു പ്രതിരോധിച്ചു എന്നതാണത്രെ ഇവർ ചെയ്ത കുറ്റം. ഫാദർ സ്റ്റാൻ സ്വാമിയാകട്ടെ ആ സംഭവവുമായി ഒരു നിലക്കും ബന്ധപ്പെട്ടിരുന്നില്ല. ഫാസിസ്റ്റ് അധികാരം അതിൻ്റെ അന്വേഷണങ്ങളിൽ തെളിവിനെയും കുറ്റത്തേയും ബന്ധപ്പെടുത്തിയ ചരിത്രമില്ല.

തിരുവനന്തപുരം എയർപോർട്ടിലെ കസ്റ്റംസ് ഏരിയയിൽ നടന്ന സ്വർണ്ണക്കടത്ത് അന്വേഷണം നീണ്ട കാലമായി ഒരു എത്തും പിടിയുമില്ലാത്ത മട്ടിൽ മുന്നോട്ടു പോവുകയാണ്. എൻ.ഐ.എ.ക്കും സി.ബി.ഐ.ക്കും ഇ.ഡി.ക്കും പിറകെ ആവേശം കൊണ്ട് “കുരുക്ക് മുറുക്കാൻ” നടക്കുന്ന വലതു മാധ്യമങ്ങളും ഇടതുവിരുദ്ധരും അറിയണം: രാജ്യത്ത് വിലപ്പെട്ട സ്വാതന്ത്ര്യത്തിൻ്റെയും പൗരാവകാശങ്ങളുടെയും കഴുത്താണ് മുറുകിക്കൊണ്ടിരിക്കുന്നതെന്ന്.