നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

2396

 

71 കൊല്ലം മുമ്പ് ഇതേ ദിവസം മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന വൃദ്ധനെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്ന ഹൈന്ദവ തീവ്രവാദികള്‍ക്ക് ചോര കുടിച്ച് മതിയാകാത്തതിനാല്‍ ദാ, അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നു.

ഫോട്ടോയ്ക്ക് നേരെ വെടിവെച്ച് രസിക്കുന്ന ഡോ.പൂജാ ശകുന്‍ പാണ്ഡെ എന്ന ഹൈന്ദവ ഭീകരവാദി, ഗാന്ധിയെ യഥാര്‍ത്ഥത്തില്‍ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയും കൊലപാതക ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന, ആര്‍.എസ്.എസിന്റെ എല്ലാക്കാലത്തേയും ആത്മീയ നേതാവ്, വിനായക് ദാമോദര്‍ സവര്‍കറും നേതാക്കളായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ നിലവിലുള്ള ജനറല്‍ സെക്രട്ടറിയാണ്. ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

ഇല്ല. അവര്‍ ജയിലല്ല. അവരെ പോലീസ് വലയം ചെയ്തിട്ടില്ല. അവരുടെ യാത്രയോ സംഘം ചേരലോ ആരും നിരോധിച്ചിട്ടില്ല. അവരുടെ വീടിന് നേരെ ഒരു ദേശസ്‌നേഹിയും ആക്രമണം നടത്തിയിട്ടില്ല. കാരണം ഒന്നേയുള്ളൂ. പേര് സൂചിപ്പിക്കുന്നത് പോലെ പൂജാ പാണ്ഡെ ബ്രാഹ്മണ ജാതിക്കാരിയാണ്. സവര്‍ണ്ണ ഹിന്ദുവാണ്.

1948 ജനവരി 30ന് ഇന്ത്യയുടെ രാഷ്ട്രപിതാവിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന വാര്‍ത്ത കേട്ടിട്ട്, അവസാന ബ്രിട്ടീഷ് വൈസ്രോയിയും ഭരണകൈമാറ്റത്തിന് ചുക്കാന്‍ പിടിച്ചിരുന്നയാളുമായ മൗണ്ട് ബാറ്റന്‍ പ്രഭു ആദ്യം പറഞ്ഞത്- താങ്ക് ഗോഡ്, ഇറ്റ്‌സ് നോട്ട് എ മുസ്ലീം! എന്നാണെന്ന് രേഖകളുണ്ട്. ഒരു മുസ്ലീമായിരുന്നു മോഹന്‍ദാസ് ഗാന്ധിയെ, നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊന്നിരുന്നത് എങ്കില്‍ ഇന്നാട്ടിലെ മുസ്ലീങ്ങളെ മുഴുവന്‍ ആര്‍.എസ്.എസും സ്റ്റേറ്റും കൊന്നൊടുക്കിയേനെ.

യെസ്, താങ്ക് ഗോഡ്. ഇതും മുസ്ലീമല്ല. അല്ലെങ്കില്‍ ഇന്നാട്ടിലെ അവസാനത്തെ മുസ്ലീമിനും കുറ്റബോധത്തോടെ രാജ്യസ്‌നേഹം തെളിയിക്കേണ്ടി വന്നേനെ. എല്ലാ മുസ്ലീം സംഘടനകള്‍ക്കും ഈ പ്രതീകാത്മക വെടിവെയ്പ് നടത്തിയ ഭീകരവാദിയെ തള്ളിപ്പറയേണ്ടി വന്നേനെ. ഇതിപ്പോ ഒരു പ്രശ്‌നവുമില്ല. നാളെ ഡോ.പൂജാ പാണ്ഡെ കുട്ടികളെ പഠിപ്പിക്കും. ആദരിക്കപ്പെടും. മീററ്റ് ആസ്ഥാനമാക്കി അവര്‍ സംഘടിപ്പിച്ചിട്ടുള്ള ‘ഹൈന്ദവ കോടതി’യിലെ ഏക വനിത ജഡ്ജ് എന്ന സാങ്കല്പിക പദവിയിലിരുന്ന് അവരുടെ സങ്കല്പത്തിലുള്ള ‘ഭാരത’ത്തിനെതിരെ പറയുന്ന ഒരോരുത്തരേയും കൊല്ലാനുത്തരവിടും.

Facebook Post by Sreejith Divakaran

Advertisements