അശ്വന്ത് കോക്കിന്റെ റിവ്യുകളോട് കുറെ വിയോജിപ്പുകളുണ്ട്
RJ Salim ന്റെ കുറിപ്പ്
കോക്ക്, അടിസ്ഥാനപരമായി തന്റെ വളരെ സബ്ജക്റ്റിവായ ഒരു അഭിപ്രായത്തെയാണ് ആധികാരികമായി സ്ഥാപിച്ചെടുക്കാൻ നോക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. അത് മിക്കവാറും വളരെ ഡിബേറ്റബിൾ ആയ ഒരു കാര്യവുമാവും.സിനിമയുടെ ആഴത്തിലേക്കോ, അതിന്റെ രാഷ്ട്രീയത്തിലേക്കോ, അതിന്റെ പ്രമേയപരമായ ഡീറ്റെയിൽസിലേക്കോ, സങ്കേതപരമായ ആസ്വാദനത്തിലേക്കോ ഒന്നും ഒരിക്കലും കോക്ക് റിവ്യൂസ് കടന്നു ചെല്ലാറില്ല.
കോക്ക് റിവ്യൂസ് എപ്പോഴും, സിനിമയുടെ ഓവറോൾ പൊതു നിലവാരത്തെ സംബന്ധിച്ചോ, നടീനടന്മാരുടെ അഭിനയത്തെപ്പറ്റിയോ, എടുത്തു നിൽക്കുന്ന പൊതു നല്ലതിനെക്കുറിച്ചോ മോശത്തിനെക്കുറിച്ചോ മാത്രമാണ് സംസാരിക്കുന്നത്. അത്ര സിംപിളാണ് അത്. അതാണ് ആളുകൾക്ക് വേണ്ടതും. എളുപ്പത്തിലറിയണം, പോണോ വേണ്ടയോ എന്ന്.
കോക്ക് റിവ്യൂസ് സ്വീകരിക്കപ്പെടുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും കാരണം അത് സത്യസന്ധമാണ് എന്ന കാഴ്ചക്കാരന്റെ വിശ്വാസമാണ്. കോക്ക് പറയുന്ന കാര്യം തെറ്റായിരിക്കാം, എന്നാലും കാശ് വാങ്ങി കള്ളം പറയില്ല എന്ന തോന്നലിലാണ് കോക്കിന്റെ മാർക്കറ്റ്. അതാണ് കാഴ്ചക്കാരെ അവിടേക്ക് എത്തിക്കുന്നത്. He is blatantly honest in his opinions.
അവിടെയാണ് മറ്റ് പല ഓൺലൈൻ റിവ്യൂവേഴ്‌സിനും ഇല്ലാത്ത വില കോക്കിന് കിട്ടുന്നത്. സുധീഷ് പയ്യന്നൂരിന്റെ റിവ്യൂ ഒക്കെ കണ്ടാൽ, ഇത്ര കഷ്ട്ടപ്പെട്ടെന്തിനാ സാറേ ഈ പണി ചെയ്യുന്നത് എന്ന് ചോദിച്ചുപോകും. ഉണ്ണി വ്‌ളോഗ് കാണുന്നതിലും ഭേദം ഫോണെറിഞ്ഞു പൊട്ടിക്കുന്നതാണ്. അല്ലെങ്കിൽ ഷുഗർ വന്നു ചാവും.കോക്ക് സത്യസന്ധമായി പറഞ്ഞില്ല എന്ന് തോന്നിയപ്പോഴൊക്കെ അയാൾ തെറി കേട്ടിട്ടുമുണ്ട്. പുള്ളി മാളികപ്പുറത്തിനെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഈ കാണുന്നവർ തന്നെ കോക്കിനെ അടിച്ച് എയറിൽ കേറ്റിയതാണ്.
അടുത്ത ആകർഷക ഘടകം കോക്കിന്റെ സ്റ്റയിലാണ്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് കോക്ക് അയാൾക്കിഷ്ടമില്ലാത്ത സിനിമകളെ കളിയാക്കി കൊല്ലുന്നത്. അത് കാണാൻ ആളുകൂടുക കൂടി ചെയ്യുമ്പോ അവർക്ക് വെകിളി വന്നില്ലെങ്കിലാണ് അത്ഭുതം.കോക്കിന്റെ ഭാഗത്തും ശരിയും തെറ്റുമുണ്ട്. സിനിമാക്കാർ ചിലർ പറയുന്നതിലും ശരിയും തെറ്റുമുണ്ട്. ഇതിനിടയിൽ ആളാവാൻ നോക്കുന്ന ഒരു മാങ്ങയും തിരിയാത്ത ചില അമേദ്യപ്പട സംവിധായകരുമുണ്ട്. അവരാണ് സംഗതി ആളിക്കത്തിക്കുന്നത്. അതൊക്കെ ശരി. വിമർശനവും കൗണ്ടർ വിമർശനവും ഒക്കെ സഹിക്കാം. പരസ്പരമുള്ള പരിഹാസം പോലും ഒരുപരിധിവരെ അനുവദിച്ചുകൊടുക്കാം.
പക്ഷേ ഏത് കണക്കിനാണ് കോക്കിനെ കേസുകൾ കൊടുത്തു ഒതുക്കാമെന്നു സിനിമാക്കാർ വിചാരിക്കുന്നത് ? അതും ഒന്നുരണ്ടുമൊന്നുമല്ല, അനവധി കേസുകൾ.അതുകൂടാതെ ഫാൻസിന്റെ വധഭീഷണികൾ വേറെ. ഇതിനൊക്കെ പുറമെ സിനിമയിലെ അണ്ണന്മാരുടെ വക കോക്കിന്റെ ജോലിയും കളയാൻ നോക്കുന്നുണ്ട്. എന്ത് അക്രമമാണ് ഇത് ? ഒരാളുടെ ജോലിയും കളഞ്ഞു കോടിക്കണക്കിനു രൂപ നഷ്ടപരിഹാരവും ചോദിച്ചുകൊണ്ട് അയാളെ ഒതുക്കാനൊക്കെ നോക്കുന്നത് തനി ഗുണ്ടായിസമാണ്.
കോക്ക് എന്ത് പറഞ്ഞാലും ആളുകൾ അത് തൊണ്ട തൊടാതെ വിശ്വസിക്കാൻ ഇവിടെയുള്ളവർ വിഡ്ഢികളല്ല. അത് കാണുന്നവർക്കുകൂടി ശരിയാണ് എന്ന് തോന്നുന്നതുകൊണ്ടാണ് കോക്ക് റിവ്യൂസ് പ്രസക്തമാവുന്നത്. എത്ര കാലം ഈ പരാജയപ്പെട്ട സിനിമകളുടെ സംവിധായകർ അവരുടെ നിർമ്മാതാക്കളുടെ അടുത്ത് യൂട്യൂബ് റിവ്യൂവേഴ്‌സിന്റെ പേര് പറഞ്ഞു രക്ഷപ്പെടും ? ഒരു കോക്കിനെ അങ്ങ് തട്ടിക്കളഞ്ഞാൽ ഇവരുടെയൊക്കെ സിനിമ വിജയിക്കുമെന്നാണോ?