കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട് അശ്വതി ജ്വാലയ്ക്കു പറയാനുള്ളത്

209

അശ്വതി ജ്വാല എഴുതുന്നു

രണ്ട് ഓപ്ഷനാണ് പോലീസ് തന്നത്, ഗുജറാത്ത് വിടുക അല്ലെങ്കില്‍ ജയിലില്‍ പോവുക

നിരവധി ചേരികൾ ഉള്ള ഒരു നഗരമാണത്. ഇവിടങ്ങളിൽ പല ഭാഗത്തും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. ഒടുവിലാണ് ശരണ്യാവാസ് കോളനി എന്ന് അറിയപ്പെടുന്ന ഈ ചേരി കണ്ടെത്തിയത്. ഫെബ്രുവരി 24 ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരിക്കുന്ന പാതയ്ക്ക് സമീപമുള്ള ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഞെട്ടിക്കുന്ന ആ വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സ്ഥലം സന്ദർശിക്കുവാന്‍ തീരുമാനം എടുത്തു. അധികൃതർ അകറ്റി നിർത്താൻ ശ്രമിച്ച അളുകളെ നേരിൽ കാണണം പിന്തുണ അറിയിക്കണം എന്ന് മാത്രമായിരുന്നു

വളരെ മോശമായ സാഹചര്യത്തിൽ ദാരിദ്ര്യം നിറ‍ഞ്ഞ അവസ്ഥയിൽ ഒരുപാട് പേർ അവിടെ താമസിക്കുന്നുണ്ട്. പക്ഷേ ആ ചേരി നിവാസികളുമായി സംസാരിക്കാൻ ഭാഷ ഒരു പ്രശ്നമായിരുന്നു. അറിയാവുന്ന ഹിന്ദി വച്ച് കാര്യങ്ങൾ അറിയിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് ഗുജറാത്തി മാത്രമായിരുന്നു വശമുണ്ടായിരുന്നത്. ഇത് ആശയ വിനിമയത്തിന് വിലങ്ങുതടിയായി. അധികൃതർ പറയുന്നത് പോലെ അവർ നാടോടികളല്ല, വർഷങ്ങളായി അവിടെ താമസിച്ച് ജീവിച്ച് വരുന്നവരാണ്. അവർക്ക് പുനരധിവസിപ്പിച്ചാൽ അവർ പോവാൻ തയ്യാറാണ്. പക്ഷേ ഇതുവരെ അത്തരം ഒരു ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.വർഷങ്ങളായി കോളനിയിൽ താമസിക്കുന്നവരാണ് അവർ. താമസിക്കാൻ വീടില്ല. മണ്ണുകൊണ്ട് ഉണ്ടാക്കിയ കുടിലുകളാണ് മിക്കവയും. അവരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ആർക്കും ഭാഷ അറിയില്ല. കാരണം വിദ്യാഭ്യാസം ലഭിച്ചിട്ടില്ല.

ഈ സമയത്ത് മതിൽ നിർമ്മാണവുമയി ബന്ധപ്പെട്ട വാർത്ത ചെയ്യുന്നതിനായി നിരവധി മാധ്യമ പ്രവർ‌ത്തക്കർ അവിടെ എത്തുന്നുണ്ടായിരുന്നു. ഇതിൽ ഒരാളുടെ സഹായത്തോടെയാണ് സ്ഥലവാസികളോട് സംസാരിക്കുന്നത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അവർക്ക് വേണ്ടി ഇടപെടാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ അവരിൽ ചിലർ സംസാരിക്കാൻ തയ്യാറായി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളോട് സംസാരിച്ചു.അവർക്ക് പോലീസിനെ, നടപടികളെ എല്ലാം ഭയമാണ്. അത്തരത്തിലാണ് പോലീസ് ഇടപെടൽ. എന്നാൽ ഇത്തരം അതിക്രമങ്ങൾ തടയാൻ സർക്കാർ‌ ഉൾപ്പെടെ ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവിടെയുള്ള അവസ്ഥ. ഇതോടെയാണ് നിരാഹാരം ഇരിക്കാൻ തീരുമാനിച്ചത്. സമരം ചെയ്യാൻ‌ അനുമതി നൽ‌കാനാവില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. സമരവുമായി മുന്നോട്ട് പോയാൽ ജയിലിൽ അടയ്ക്കുമെന്നും അവർ അറിയിച്ചു. രണ്ട് ഒപ്ഷനുകളാണ് എനിക്ക് മുന്നിലേക്ക് വച്ചത്. ഒന്നെങ്കിൽ ഗുജറാത്ത് വിടുക,അല്ലെങ്കിൽ ജയിലിൽ പോകാൻ തയ്യാറാകുക ,എന്നെ മാത്രമായിരുന്നില്ല ജ്വാലയുടെ സ്റ്റാഫായ വിഷ്ണുവിനെയും കൂടെയാണ് അവർ സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. അദ്ദേഹത്തെ പിടിച്ചുവയ്ക്കുമെന്ന് ഉറപ്പായതോടെയാണ് തിരിച്ചുപോരാൻ തയ്യാറായത്.തിരിച്ചുപോരേണ്ടിവന്നു, പക്ഷേ ആ ജനവിഭാഗം ഇടപെടൽ അർഹിക്കുന്നവരാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ അവരോട് ഒരുപാട് അടുത്തു. അവരെ ഉയർത്തിക്കൊണ്ട് വരേണ്ടത് ആവശ്യം തന്നെയാണ്.ഇന്ത്യയിലെ എല്ലായിടത്തും ചേരികളുണ്ട്, അവിടെയുള്ള അവസ്ഥയെല്ലാം പരിതാപകരമാണ് താനും, ആ ബോധ്യത്തിൽ നിന്നുകൊണ്ട് തന്നെയാണ് പറയുന്നത്. അഹമ്മദാബാദിൽ നടക്കുന്നത് ധാര്‍ഷ്ട്യം തന്നെയാണ്


മുകളിൽ പറഞ്ഞത് ഇതുവരെ ജ്വാലയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോടാണ്. മതിൽ നിർമ്മാണ സ്ഥലത്ത് അശ്വതി എന്തിന്/എങ്ങനെ പോയി എന്നും എന്തുകൊണ്ട് നിരാഹാരസമരം പാതിയിൽ ഉപേക്ഷിച്ചു എന്നും എനിക്ക് ആത്മാർത്ഥമായി ബോധിപ്പിക്കേണ്ടത് നിങ്ങളോട് മാത്രമാണ്. ഇതിൽ രാഷ്ട്രീയം തിരയുകയും അശ്വതി തോറ്റു എന്ന് ഘോഷിക്കുകയും ചെയ്യുന്നവരോട് സഹതാപം മാത്രമേയുള്ളു. ഒരു ബി.ജെ.പിയുടെയും കമ്മ്യൂണിസ്റ്റിൻ്റെയും കോൺഗ്രസിൻ്റെയും തണലിലല്ല ജ്വാല ഉണ്ടായതും പ്രവർത്തിക്കുന്നതും. അതിനൊക്കെ ഉപരിയായി മനുഷ്യനെ മനുഷ്യനായി കാണുകയും സ്നേഹിക്കുകയും പാവപ്പെട്ടവരുടെ വിഷമങ്ങളിൽ കലർപ്പില്ലാതെ സങ്കടപ്പെടുകയും ചെയ്യുന്ന ഒത്തിരി നല്ല ആളുകൾ സമൂഹത്തിലുണ്ടല്ലോ. അവരുടെ പിന്തുണയും പ്രാർത്ഥനയുമാണ് ജ്വാലയുടെ അടിത്തറ. അവരോട് മാത്രമാണ് എനിക്ക് നിലപാടുകൾ ബോധിപ്പിക്കേണ്ടതുള്ളത്. ഇപ്പോഴും ഞാൻ ഉറച്ചുതന്നെ പറയുന്നു, ഞാൻ കണ്ട അഹമ്മദാബാദിലെ ആ പ്രദേശം തീർത്തും ദരിദ്രമാണ്. അവിടെ ജീവിക്കേണ്ടി വരുന്ന ആ ആളുകളുടെ അവസ്ഥ തീർത്തും പരിതാപകരമാണ്.അവരെ വിദേശ അതിഥികളുടെ കാഴ്ച്ചയിൽ നിന്നും മറച്ചു പിടിക്കാൻ സർക്കാർ കെട്ടുന്ന മതിൽ മനുഷ്യാവകാശ ലംഘനത്തിന്റേതാണ് .ഇനി ഒരിക്കലും അത്തരമൊരു ലക്ഷ്യത്തോടെ ഒരു മതിലും ഇന്ത്യയിലെ ഒരു ചേരിയിലും ഉഴരരുത് .

കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട്:-
ലോക: സമസ്താ സുഖിനോ ഭവന്തു” എന്ന നിങ്ങൾ സ്ഥിരം ഉദ്ധരിക്കുന്ന വരിയുടെ അർത്ഥം മനസ്സിലാക്കിയിട്ടുണ്ടോ..?? നിങ്ങൾക്ക് ഗുജറാത്ത് എന്നത് നരേന്ദ്രമോദിയുടെ കോട്ട ആയിരിക്കും. പക്ഷേ മുകളിൽ പറഞ്ഞ വരിയുടെ അർത്ഥം ഉൾക്കൊണ്ടവർക്ക് കേരളവും ഗുജറാത്തും ബംഗാളും കശ്മീരും വെവ്വേറെയല്ല. ഇവിടങ്ങളിലെ പാവങ്ങളുടെ കണ്ണീരിന് വ്യത്യസ്തരുചികളല്ല. അതിഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കൊള്ളാത്തത് എന്ന് മുദ്രകുത്തി അവിടെ ഒരു സമൂഹത്തെ കെട്ടിമറച്ച് കളയുമ്പോൾ അതിനെതിരെ ശബ്ദമുയർത്തണമെങ്കിൽ ആദ്യം കേരളത്തിലെ ചേരികൾക്ക് വേണ്ടി സംസാരിച്ചതിൻ്റെ സാക്ഷ്യപത്രം ഹാജരാക്കണം എന്ന നിങ്ങളുടെ തീട്ടൂരം എനിക്ക് തീരെ ദഹിക്കുന്നില്ലല്ലോ സുഹൃത്തുക്കളേ? ജ്വാല ജനിച്ചതും വളർന്നതും നിലനിൽക്കുന്നതും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ ലേബലിൽ അല്ലാത്തിടത്തോളം കാലം ഇത്തരം മനുഷ്യാവകാശ ധ്വംസന സംഭവങ്ങളിൽ നിങ്ങൾക്കെന്നെ നിശബ്ദയാക്കാനും സാധിക്കില്ലല്ലോ..

സമരരംഗത്ത് നിന്ന് പിൻവാങ്ങിയത് സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടു മാത്രമാണ്. അവിടെ പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയിട്ടില്ല എന്നും അത് ലംഘിച്ചു സമരം ചെയ്താൽ ഒപ്പം നിൽക്കുന്നവരെയടക്കം അറസ്റ്റ് ചെയ്യും എന്നുമാണ് പൊലീസ് പറഞ്ഞത്. അപ്പോഴത്തെ സാഹചര്യത്തിൽ അവിടെ നിയമപരമായ സഹായങ്ങൾ ലഭിക്കാൻ അവസരങ്ങൾ ഉണ്ടായില്ല. മാത്രമല്ല, അറസ്റ്റ് ഉണ്ടായാൽ അതിൻ്റെ പേരിൽ ആ പ്രദേശവാസികളെയും തൽക്ഷണം ഒഴിപ്പിക്കും എന്ന സൂചനയും ചില പൊലീസുകാരിൽ നിന്നും കിട്ടി. ഇതൊക്കെ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അഹമ്മദാബാദ് വിട്ടേ തീരൂ എന്ന ഓപ്ഷൻ സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

വാർത്ത കേട്ട് തൊട്ടടുത്ത തീവണ്ടിയിൽ റിസർവേഷൻ ഇല്ലാതെ ശുചിമുറിയ്ക്കടുത്ത് തറയിൽ കുത്തിയിരുന്ന് അഹമ്മദാബാദ് വരെ പോയപ്പോൾ ഉണ്ടായിരുന്ന ആ ഊർജവും ആർജവവും അവിടെച്ചെന്ന് അവിടത്തെ സാഹചര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടപ്പോൾ കൂടിയതേയുള്ളൂ. ആ സമരം ഫലപ്രാപ്തിയിലെത്തിക്കാനാകാത്തതിൽ തെല്ലു നിരാശയുണ്ട്. എങ്കിലും അങ്ങനെയൊരു നിലപാട്‌ സ്വീകരിക്കേണ്ടി വന്നതിൽ തെല്ലു പോലും ഖേദമില്ല.

ലോകത്തെ എല്ലാ ജനങ്ങളെയും സഹജീവിയായ് കണ്ടു സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാല മനസ് ഉണ്ടെങ്കിലും തത്കാലം ഞാൻ എന്റെ വിശാലതയെ ഇന്ത്യൻ ദേശീയതിയിൽ തളച്ചിടുകയാണ് .ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കുകയും അതെ സമയം ദേശീയതയിൽ മാത്രം വിശ്വസിക്കുന്നത് രണ്ടു ധ്രുവമാണെന്ന തിരിച്ചറിവോടെ കാരണം ഒരു സാധരണ ഇന്ത്യൻ പൗര എന്ന നിലയിൽ വികസിത ഇന്ത്യ എന്ന സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി എന്റെ സ്നേഹത്തെയും ചിന്തകളെയും ഈ രാജ്യത്തിൻറെ വളർച്ചക്കായി സങ്കുചിതപെടുത്തുന്നു .ഇത് മാത്രമാണ് എന്റെ രാഷ്ട്രീയം .

കെ പി ശശികല ടീച്ചറിനോട് .

ടീച്ചർ പറയുകയുണ്ടായി “അശ്വതി ജ്വാല മിന്നാമിനിങ്ങിന്റെ ജ്വാലയായിരുന്നു .ഇപ്പോൾ പന്തമായി മാറി .കൊളുത്തിയവർ കെടുത്തിയാൽ അണഞ്ഞുപോകുമെന്നു .ജ്വാല എന്ന മിന്നാമിനുങ്ങിനു പന്തം കൊളുത്തിയത് ടീച്ചർ സങ്കല്പിക്കുന്ന പോലെയല്ല .ആ പന്തം കൊളുത്തിയത് ഈ നാട്ടിലെ തെരുവിൽ ജീവിച്ചു മരിച്ചവരുടെ നിസ്സഹായാവസ്‌ഥയാണ് .ഇന്നും അനാഥരായി ദരിദ്രരായി ജീവിക്കുന്ന ആ മനുഷ്യർ പകർത്തിയ പന്തം തലമുറകളോളം നിലനിൽക്കുകതന്നെ ചെയ്യും.

അശ്വതി അഹമ്മദാബാദിൽ നിന്നും ലൈവായി ചെയ്ത വീഡിയോ > click