ഇങ്ങനെ ഒരു സൈക്കോ പടം കാണാനുള്ള ശക്തി ഇല്ലാത്തതുകാരണം ഞാൻ അവിടെ വച്ച് പടം കാണൽ സ്റ്റോപ്പ് ചെയ്തു

146

Aswin Ravi

കഴിഞ്ഞ ദിവസം ബോംബെ സിനിമയിലെ ‘ഉയിരേ..’ പാട്ട് യൂട്യൂബിൽ ചുമ്മാ കാണുകയായിരുന്നു. അപ്പോഴാണ് അതിലെ സീനുകളൊക്കെ ശ്രദ്ധിച്ചത്. പാട്ടിൽ ഫുൾ അരവിന്ദസ്വാമി കരഞ്ഞുകൊണ്ട് നടക്കുകയാണ്. അതും ചുമ്മാ കരച്ചിൽ മാത്രമല്ല, ആ ബേക്കൽ ഫോർട്ടിന്റെ തുഞ്ചത്ത് പോയി നിൽക്കുന്നു, അരയടി വീതിയുള്ള നല്ല പൊക്കമുള്ള മതിലിന്റെ മുകളിൽ കൂടി നടക്കുന്നു, രണ്ട് വലിയ കൽതൂണുകൾക്ക് ഇടയിൽ പലകയടിച്ചിട്ടിട്ട് അതിൽ ഇരിക്കുന്നു. വെറുതെ ബ്ലേഡ് കൊണ്ട് കൈയിൽ വരയുന്നു, അങ്ങനെ റിസ്ക്കി കളികൾ മാത്രം. പുള്ളി എന്തോ വലിയ വിഷമത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി. ആ വിഷമം എന്താണെന്ന് ഒന്നറിയണമല്ലോ.. എന്നാപ്പിന്നെ സിനിമ അങ്ങു കണ്ടുകളയാം എന്നു വിചാരിച്ചു.

സിനിമ കണ്ടപ്പോഴാണ് അതിന്റെ സാഹചര്യം മനസ്സിലാവുന്നത്. അരവിന്ദസ്വാമി 3-4 തവണ മനീഷാ കൊയ്‌രാളയെ പലയിടത്തും വച്ചു കണ്ടിട്ട് പുള്ളിക്ക് അങ് ഇഷ്ടപ്പെട്ടു പോയി. ഒരു തവണ റോഡിൽ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിച്ചിട്ടു പാളിപ്പോയി. അവസാനം പുള്ളി പർദ്ദയിട്ടു വേഷം മാറി ചെന്നിട്ട്(അന്നത്തെ ഫ്രഷ് ഐഡിയ ആണെന്ന് തോന്നുന്നു) മനീഷയോട് പറയുന്നു, ‘എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്, എന്നോട് തിരിച്ചും ഇഷ്ടമുണ്ടെങ്കിൽ നാളെ കോട്ടയിലേക്ക് വരണം, ഞാൻ കാത്തിരിക്കും’ എന്ന്. മനീഷയാവട്ടെ, ഈ പുള്ളിയോട് ഇതേവരെ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പിന്നെ ദോഷം പറയരുതല്ലോ, രണ്ടു പ്രവശ്യം തിരിഞ്ഞു നോക്കിയിട്ടുണ്ട് പുള്ളിയെ. മനീഷയാവട്ടെ, ഇതുകേട്ടിട്ട് വരാമെന്നു ഇല്ലെന്നോ പറയുന്നില്ല.

പിറ്റേദിവസം പുള്ളി കോട്ടയിൽ പോയി കാത്തിരിക്കുമ്പോൾ മനീഷ വരാൻ കുറച്ചു വൈകിയതിനു കാണിച്ചുകൂട്ടിയ കോപ്രായങ്ങളാണ് ആദ്യം പറഞ്ഞതൊക്കെ.😕 ഭാഗ്യത്തിന് പാട്ടിന്റെ അവസാനം മനീഷ വരുന്നു. എന്തെങ്കിലും കാരണം കൊണ്ട് മനീഷയ്ക്ക് വരാൻ പറ്റിയില്ലായിരുന്നെങ്കിൽ ഉറപ്പായും പുള്ളി ആ കടലിൽ ചാടി മരിച്ചേനെ.ഏതായാലും പ്രേമം സക്‌സസ് ആയല്ലോ, ഞാൻ കാണൽ തുടർന്നു. അപ്പോ പാട്ടു കഴിഞ്ഞുള്ള അടുത്ത സീൻ, പുള്ളി നേരെ മനീഷയുടെ വീട്ടിൽ കയറി ചെല്ലുന്നു. എന്നിട്ട് മനീഷയെ കല്യാണം കഴിച്ചു തരണമെന്ന് പറയുന്നു. വ്യത്യസ്ത മതക്കാരായതിനാൽ മനീഷയുടെ വാപ്പ എതിർക്കുന്നു, എന്നിട്ട് അരവിന്ദസ്വാമിയെ പേടിപ്പിക്കാനായിട്ട് ഒരു വടിവാൾ എടുക്കുന്നു, എന്നിട്ട് വെട്ടി കൊല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നു. അപ്പൊ അരവിന്ദസ്വാമി വന്നിട്ട് ആ വടിവാൾ പിടിച്ചുമേടിച്ചിട്ട് സ്വന്തം കൈവെള്ള തന്നെ മുറിക്കുന്നു.

ഇതുപോരാഞ്ഞിട്ട് അടുത്തുനിന്ന മനീഷയുടെ കൈ പിടിച്ചിട്ട് അവളുടെ കൈത്തണ്ടയും വടിവാൾ കൊണ്ട് മുറിക്കുന്നു.😕 എന്നിട്ട് ചോരയൊഴുകുന്ന അവളുടെ കൈത്തണ്ടയിൽ പിടിച്ചിട്ട് ഇവന്റെ രക്തവും അവളുടെ രക്തവും തമ്മിൽ കൂട്ടിക്കലർത്തിയിട്ടു പറയുകയാണ്, ‘ഈ രണ്ട് രക്തവും ഒരിക്കൽ ഒന്നു ചേരും’ എന്ന്. എന്നാപ്പിന്നെ ഇയാൾക്കിത് ആദ്യമേ അങ്ങു പറഞ്ഞാൽ പോരേ..?? ചെയ്തു കാണിച്ചോണ്ടു പറയാൻ ഇതെന്തോന്ന്‌ ആക്ഷൻ സോങ്ങോ..??ട്രൂ ലവ് ആയിരിക്കും കലിപ്പന്റെ കാന്താരി ഓൾഡ് വേർഷൻ ആയിരിക്കും എന്നൊക്കെ വിചാരിച്ചു ഞാൻ അതും ക്ഷമിച്ചു വീണ്ടും കാണൽ തുടർന്നു.

ഇവർ തമ്മിലുള്ള പ്രേമത്തിന്റെ കാര്യം രണ്ടു വീട്ടിലും അറിയുന്നു, സീനാവുന്നു. അരവിന്ദസ്വാമിയുടെ വീട്ടിൽ അച്ഛൻ സ്വാമിയോട് കലിപ്പിടുന്നു, പുള്ളിക്കത് ഇഷ്ടപ്പെടുന്നില്ല. അതിന് പ്രതികാരമായി പുള്ളി ‘ഇനി ഒരു തിരിച്ചുവരവില്ല ശശിയെ’ എന്നും പറഞ്ഞു മനീഷയോട് പോലും പറയാതെ നേരെ ബോംബെയ്ക്ക് ട്രെയിൻ കയറി ഒറ്റ പോക്ക്. പോവുന്നതിനു മുൻപ്(അതോ അവിടെ എത്തിക്കഴിഞ്ഞ്‌ അയക്കുന്നതോ) പുള്ളിക്കാരൻ മനീഷയുടെ കൂട്ടുകാരിയുടെ അടുത്ത് ഒരു കത്തും ബോംബെയ്ക്കുള്ള ട്രെയിൻ ടിക്കറ്റും കൊടുത്തേൽപ്പിക്കുന്നു. കത്തിൽ ഉള്ളത് ഇതാണ് ‘ട്രെയിൻ കയറി അങ്ങു ബോംബെയ്ക്ക് വന്നേക്ക്, ഞാൻ അവിടെ കാണും’ എന്ന്.

ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി, ഇവൻ സൈക്കോ ആണ്. പുള്ളി ദേഷ്യം വന്നപ്പോ നേരെ ഇറങ്ങി അങ്ങു പോയി, എന്നിട്ട് ഈ ഗ്രാമത്തിൽ താമസിക്കുന്ന മനീഷയോട് പറയുന്നു എങ്ങനെയെങ്കിലും റിസ്‌ക് എടുത്ത് ബോംബേ വരെ ട്രെയിൻ കയറി വാ, ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാമെന്ന്. ഇങ്ങനെ ഒരു സൈക്കോ പടം കാണാനുള്ള ശക്തി ഇല്ലാത്തതുകാരണം ഞാൻ അവിടെ വച്ച് പടം കാണൽ സ്റ്റോപ്പ് ചെയ്തു.😐

PS: ആഹാ, അരുമയാന കാതൽ.. ടൈറ്റാനിക് മാതിരി ഇറുക്ക്.