വേലായുധൻ വീണു പോവുമ്പോഴാണ് അയാളുടെ വില നാട്ടുകാർക്ക് മനസ്സിലാവുന്നത്

96

Aswin Ravi

മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം മുള്ളൻകൊല്ലി വേലായുധനാണ്. ഉള്ളിൽ അനാഥത്വത്തിന്റെ ദുഃഖവും പേറി നടക്കുന്നവൻ. അടുപ്പമുള്ളവരോടൊക്കെ വിധേയനായാണ് വേലായുധൻ നിൽക്കുന്നത്. Larger than life കഥാപാത്രങ്ങൾ മോഹൻലാൽ തന്നെ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും വേലായുധൻ അതിൽ നിന്നൊക്കെ വ്യത്യസ്തനാണ്. Dominating അല്ലാത്ത, imperfections ഉള്ള ഇത്തരമൊരു മാസ്സ് ഹീറോ മലയാളത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല.വേലായുധന്റെ കഥയ്ക്ക് DC സൂപ്പർഹീറോ ബാറ്റ്മാന്റെ കഥയുമായി വലിയ സാമ്യങ്ങളുണ്ട്. വേലായുധൻ അനാഥനാണ്. ഒരു മഴയത്ത് വെള്ളപ്പൊക്കത്തിൽ പുഴയിലൂടെ ഒഴുകി വരുന്നതാണ് വേലായുധന്റെ ‘അമ്മ’. വേലായുധനെ പ്രസവിച്ച ശേഷം അമ്മ എങ്ങോട്ടോ ഒഴുകി പോവുന്നു. അന്ന് മുതൽ വേലായുധൻ മുള്ളൻകൊല്ലിയുടെ മകനാണ്. മുള്ളൻകൊല്ലിക്കു വേണ്ടിയാണ് അയാൾ ജീവിക്കുന്നത് തന്നെ.

പക്ഷെ മുള്ളൻകൊല്ലിയിലെ ജനങ്ങൾക്ക് അയാൾ ഒരു ശല്യമാണ്. അവരുടെ സ്വാതന്ത്യത്തിൽ കൈ കടത്താൻ വരുന്ന ഒരാളാണ്. മക്കൾക്ക് ചോറ് കൊടുക്കാൻ നേരം പറഞ്ഞു പേടിപ്പിക്കാനുള്ള ഒരു കഥാപാത്രമാണ്. അയാളുടെ ഇടപെടലുകൾ ഒന്നും അവർക്ക് ഇഷ്ടമാവുന്നില്ല. അതുകൊണ്ടാണ് നാടിനുവേണ്ടി ജീവിക്കുന്ന വേലായുധനെ തല്ലി തോൽപ്പിക്കാൻ പഞ്ചായത്ത് തന്നെ പിരിവിട്ട് ഗുണ്ടകളെ ഇറക്കുന്നത്.പക്ഷെ വേലായുധന് ഇതിലൊന്നും ഒരു പരാതിയുമില്ല. അയാൾ ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇടയ്ക്ക് അയാൾ തന്റെ ചെറുപ്പകാലത്തെക്കുറിച്ച് പറയുന്നുണ്ട്:

Who else can play Mohanlal's character in Naran?", asks Ranjan Pramod“കുട്ടിക്കാലത്ത് ഒരു മിട്ടായിക്ക് പോലും ഞാൻ കൊതിച്ചിട്ടില്ല; കിട്ടില്ല. കിട്ടാതാവുമ്പോ സങ്കടമാവും. ഊരും പേരും അറിയാത്ത ചെക്കന് മിട്ടായിക്കൊതി പോലുള്ള ഒരു മോഹം, അതായിരുന്നു ജാനകി. ജാനകിയെ കല്യാണം കഴിക്കുന്നതൊന്നും ഒരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. ഒരിക്കൽ അവൾ കൈ നീട്ടി തന്നപ്പോ ആ കൈയിൽ ഒരു മുത്തം കൊടുത്തു. അതിനു ആരൊക്കെയോ ചേർന്ന് മുജ്ജന്മത്തിലെ പക തീർക്കുന്നതു പോലെ തല്ലി..!!”

ഇത് അയാളുടെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അവഗണനകളുടെ സൂചന തരുന്നുണ്ട്. അയാളുടെ ആഗ്രഹങ്ങളൊക്കെ ചെറുപ്പത്തിലേ മരിച്ചതാണ്. ഇപ്പൊ അയാൾ ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്, അയാളുടെ ജീവിതത്തിൽ അയാളോട് കരുണ കാണിച്ചവർക്ക് വേണ്ടിയാണ്. ഇടയ്ക്ക് വലിയനമ്പ്യാർ കേളപ്പേട്ടനോട് പറയുന്നുണ്ട്: “നമ്മളൊക്കെ കരുതുന്നതിലും എത്രയോ വലിയ സ്ഥാനത്താടോ അവൻ നമ്മളെ മനസ്സിൽ വച്ചിരിക്കുന്നത്” എന്ന്.

വേലായുധൻ വീണു പോവുമ്പോഴാണ് അയാളുടെ വില നാട്ടുകാർക്ക് മനസ്സിലാവുന്നത്. നാട്ടിൽ അരാജകത്വവും ഗുണ്ടായിസവും കൊടികുത്തി വാഴുന്നു, അത് റേഷൻ കട കൃഷ്ണന്റെ കൊലപാതകം വരെ എത്തുന്നു. ഇതെല്ലാം വേലായുധൻ മൂകനായി കണ്ടുനിൽക്കുകയാണ്. അവസാനം താൻ അച്ഛനെപ്പോലെ കരുതിയ വലിയനമ്പ്യാരും മരിക്കുന്നതോടെ (കൊല്ലപ്പെടുന്നതോടെ) വേലായുധന്റെ തകർച്ച പൂർണ്ണമാവുന്നു. വേലായുധന്റെ തിരിച്ചുവരവിന് വേണ്ടി ആ നാട്ടുകാരും നമ്മൾ പ്രേക്ഷകരും ഒരേപോലെ ആഗ്രഹിക്കുകയാണ്.

ഇനി പറയാൻ പോവുന്നത് മലയാള സിനിമയിലെ The Most Iconic എന്ന് ഞാൻ വിശ്വസിക്കുന്ന സീനിനെ കുറിച്ചാണ്. അത് വേലായുധന്റെ Resurrection സീൻ ആണ്. പണ്ട് വേലായുധന്റെ അമ്മ ഒഴുകി വന്നപ്പോ ഉണ്ടായിരുന്ന പോലൊരു മഴയും വെള്ളപ്പൊക്കവും. അന്നത്തെ പോലെ തന്നെ ആ പുഴ നിറഞ്ഞൊഴുകുകയാണ്. ആ ഒഴുക്കിലേക്ക് തന്റെ ഒടിഞ്ഞ കൈയുമായി അയാൾ തടി പിടിക്കാൻ ഇറങ്ങുന്നു. കേളപ്പേട്ടനും അഹമ്മദിക്കയുമൊക്കെ അയാളെ തടയാൻ ശ്രമിക്കുന്നുണ്ട്. അപ്പൊ അയാൾ പറയുന്നത് ഇതാണ് :

“എന്നെ എന്റെ അമ്മ നോക്കിക്കോളും അഹമ്മദിക്കാ.. ഇനി എന്നെ ഈ കരയിൽ കൊണ്ടിട്ട പോലെ തിരിച്ചു കൊണ്ടുപോവാനാ ഈ വിളിക്കുന്നതെങ്കിൽ ആ വിളിക്കുന്നത് എന്റെ അമ്മയായിരിക്കും..!!”
ഈ സിനിമ ഇത്രയും നേരം ബിൽഡ് ചെയ്ത എല്ലാ ഇമോഷൻസും ഈ ഒരു മൊമന്റിൽ വന്നു നിൽക്കുന്നു. അച്ഛനും അമ്മയും ഇല്ലാത്ത വേലായുധനോട് ആ നിമിഷത്തിൽ പ്രേക്ഷകർക്ക് തോന്നുന്നത് ഒരു മകനോടുള്ള വാത്സല്യമാണ്. അപ്പൊ ദീപക് ദേവിന്റെ സംഗീതം ഒഴുകി വരുന്നു, കൂടെ മലയാളത്തിലെ ഏറ്റവും Blissful Voice ആയ ചിത്രച്ചേച്ചിയുടെ ശബ്ദവും..!!

“ഓമൽ കണ്മണി ഇതിലെവാ..
കനവിൻ തിരകളിലൊഴുകിവാ
നാടിനു നായകനാകുവാൻ
എൻ ഓമനേ ഉണരൂ നീ..
അമ്മപ്പുഴയുടെ പൈതലായ്‌
അന്നൊഴുകിക്കിട്ടിയ കർണ്ണനായ്..
നാടിനു മുഴുവൻ സ്വന്തമായ്
എൻ ജീവനേ വളരു നീ..
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്
പുതു മഴമണി മഴ വരവായി…”

വേലായുധനോട് അമ്മ പറയുന്നതാണ് ഇത്. അയാളോടുള്ള വാത്സല്യത്തിൽ അലിഞ്ഞിരിക്കുന്ന പ്രേക്ഷകൻ അടുത്തത് കാണുന്നത് അയാളുടെ ഉയർത്തെഴുന്നേൽപ്പാണ്, ഒരു സൂപ്പർഹീറോ മൂവിയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സീൻ. വേലായുധനെ വലിച്ചു കയറ്റുന്ന കയറിൽ പിടിക്കാൻ ആ നാട് മുഴുവൻ വരുന്നു. ആ നാടിന്റെ മുഴുവൻ പ്രതീക്ഷയാണ് അയാളിപ്പോ. മുള്ളൻകൊല്ലി വേലായുധൻ. Goosebumb Moments..!! ആ രോമാഞ്ചം ഉണ്ടാക്കുന്നത് പക്ഷെ അയാൾ കാണിക്കുന്ന ഹീറോയിസമല്ല, അത്രയും നേരം ആ സിനിമ ഉണ്ടാക്കിയെടുത്ത ഇമോഷൻസ് ആണ്.

‌നരൻ സിനിമ ഇവിടെ തീർന്നു. പിന്നീട് നടക്കുന്നത് സാധാരണ സിനിമയിലെ പോലെ വില്ലനെ കൊല്ലുന്നു. പക്ഷെ ആ കൊല്ലുന്നതിലുമുണ്ട് ഒരു വ്യത്യസ്തത. ചെറിയമ്പ്യാരെ മുക്കിക്കൊല്ലുന്ന സമയത്ത് വേലായുധനും വെള്ളത്തിനടിയിൽ തന്നെയാണ്. തന്റെ ശ്വാസം പോലെ ആ പുഴയെ അറിയുന്ന വേലായുധൻ ചെറിയമ്പ്യാരെ മുക്കി കൊന്നതിന് ശേഷം പൊങ്ങി വരുന്നു. അയാൾ അവസാനം പറയുന്നുണ്ട്, “വേലായുധനെ യാത്രയാക്കാൻ മുള്ളൻകൊല്ലി മുഴുവനുമുണ്ട്. ഇതിൽക്കൂടുതൽ സന്തോഷമൊന്നും വേലായുധൻ ആഗ്രഹിച്ചില്ല..” അയാൾ ആ ജീവിതത്തിൽ ആകെ ആഗ്രഹിച്ചത് പരിഗണന മാത്രമാണ്, അവസാനം അതയാൾക്ക് കിട്ടുന്നു.

“ഈ പുഴയാ സാറേ എന്റെ അമ്മ, വിശന്നപ്പോ ഒക്കെ ഊട്ടി, കരഞ്ഞപ്പോ ആ കണ്ണീരൊപ്പി..!!
സാറിനെന്നെ നീന്തി തോല്പിക്കാമോ..?? തോണിയിൽ കേറി വാ സാറന്മാരേ, ഞാൻ അക്കരെ കാത്തിരിക്കാം..”

‌And there ends my most satisfying malayalam movie ever..!!

“ഓഹോഹോ ഓ നരൻ…
‌ഓഹോ ഞാനൊരു നരൻ
പുതുജന്മം നേടിയ നരൻ
‌ ഓഹോ നരൻ ഞാനൊരു നരൻ…”