SP Hari
സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ് ഈ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞു എന്നത്, 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും. ഒരുപാട് സിംഗിൾ ഷോട്ടുകൾ ഉള്ള അപാരമായ മേക്കിങ് ആണ് ഈ സിനിമയെ മികച്ചതാക്കുന്നത്.ഫ്രാൻസിലെ ഒരു ആഭ്യന്തര കലാപത്തിൽ നാല് സഹോദരങ്ങളുടെ പല റോളുകൾ ആണ് സിനിമയിലെ കഥ. യൂറോപ്പിലെ അറബ് പ്രവാസികൾ എന്ന വിഷയത്തിന് പല വശങ്ങൾ ഉണ്ടെങ്കിലും അതിലേക്കൊന്നും സിനിമ കാര്യമായി പോകുന്നില്ല. ഒരു കലാപത്തിന്റെ തുടക്കം മുതൽ ഒരു അവസാനംവരെ ഉള്ള സംഭവ ബഹുലമായകാഴ്ച എന്നതിൽ കൂടുതൽ കഥയും ക്ളൈമാക്സും പൊളിറ്റിക്സും പ്രതീക്ഷിച്ചാൽ നിരാശപ്പെടും. സഹോദരങ്ങളുടെ ഇമോഷനുകളും , അഭിനയവും , ട്വിസ്റ്റുകളും എല്ലാം നന്നായി വന്നിട്ടുണ്ട്. പല സീനുകളും എങ്ങനെ choreograph ചെയ്തു എന്ന് അത്ഭുതം തോന്നും , ഒരു കലാപത്തിന്റെ നടുക്ക് പ്രേക്ഷകനെ കൊണ്ട് നിർത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ഇതിന്റെ 35+ മിനുട്ട് മേക്കിങ് വിഡിയോയും നെറ്റ്ഫ്ലിക്സിൽ ഉണ്ട്.
അനുബന്ധം :
തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായി പൃഥ്വിരാജ് അഥീനയെ കുറിച്ച് പറഞ്ഞിരുന്നു. കാപ്പ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനെ ആയിരുന്നു പൃഥ്വിരാജ് ഫ്രഞ്ച് സിനിമയായ അഥീനയെ കുറിച്ച് പറഞ്ഞത്. നേരത്തെ കാന്താര സിനിമയാണ് തനിക്കിഷ്ടപ്പെട്ട സിനിമയായി പറഞ്ഞതെന്നും എന്നാൽ അതിനു ശേഷമാണ് അഥീന കണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ചിലപ്പോൾ ഏറ്റവും അടുത്ത് കണ്ടതുകൊണ്ടാകാം എന്നും ആ സിനിമ മനസ്സിൽ തങ്ങി നിൽക്കുകയാണ് എന്നും ഒരു റഫറൻസ് സിനിമയായി തോന്നുന്നുവെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
ഗവ്റാസ്, ലാഡ്ജ് ലി, ഏലിയാസ് ബെൽകെദ്ദർ എന്നിവരുടെ തിരക്കഥയിൽ റൊമെയ്ൻ ഗവ്റാസ് സംവിധാനം ചെയ്ത 2022 ലെ ഫ്രഞ്ച് ആക്ഷൻ ഡ്രാമ ചിത്രമാണ് അഥീന. ഡാലി ബെൻസല, സാമി സ്ലിമാൻ, ആന്റണി ബജോൺ, ഔസിനി എംബാരെക്, അലക്സിസ് മാനെന്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2022 സെപ്റ്റംബർ 9-ന് നടന്ന 79-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അഥീനയുടെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു, അവിടെ അത് ഗോൾഡൻ ലയൺ അവാർഡിനായി മത്സരിച്ചു, 2022 സെപ്റ്റംബർ 23-ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. ചിത്രത്തിന് പോളറൈസിങ് ആയ റിവ്യൂസ് ആണ് ലഭിച്ചത് , സംവിധാനം, സ്കോർ, സാങ്കേതിക വശങ്ങൾ എന്നിവയെ പ്രശംസിച്ചു, പക്ഷേ തിരക്കഥയിലെ ആഴമില്ലായ്മയെയും ദുർബലമായ കഥയെയും വിമർശിച്ചു.