ആശ്രിത നിയമനം അവിഹിതമല്ല

39

Athira Padman

ആശ്രിത നിയമനം അവിഹിതമല്ല

സര്‍ക്കാര്‍ ഓഫീസിലെ ആശ്രിത നിയമനക്കാര്‍ മറ്റുള്ളവരുടെ സര്‍ക്കാര്‍ ജോലി കവര്‍ന്നെടുക്കുന്നു എന്ന നിലയില്‍ കൊണ്ടുപിടിച്ച പ്രചരണം നടക്കുന്ന കാലമാണല്ലോ. ഒറ്റവരിയില്‍ വായനക്കാരനായ റാങ്ക് ഹോള്‍ഡറുടെ ചോര തിളപ്പിക്കാന്‍ തികച്ചും പര്യാപതമായ പ്രചരണം .എന്താണ് ആശ്രിത നിയമനത്തിന്റെ യാഥാര്‍ത്ഥ്യം. 2016 മെയ് 25 മുതലാണോ ആശ്രിത നിയമനം ആരംഭിക്കുന്നത്?. ആശ്രിത നിയമനം ഒരു പിന്‍വാതില്‍ നിയമന നടപടിയാണോ? നിലവിലെ റാങ്ക് ഹോള്‍ഡേഴ്‍സിന്റെ അവകാശം കവര്‍ന്നെടുക്കുന്നുണ്ടോ? ചോദ്യങ്ങള്‍ നിരവധിയാണ്.

എന്നാല്‍ ചിരവപോലെ നിരവധി മുള്ളുകള്‍ ഉള്ള ഒന്നല്ല ആശ്രിത നിയമനം. ഇത് സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല നിലനില്‍ക്കുന്നതും. സ്വകാര്യമേഖലയിലെ അസംഘടിത വ്യവസായ സ്ഥാപനങ്ങളിലും തോട്ടം, ഖനി തുടങ്ങിയ സ്ഥിരം തൊഴിലുകള്‍ നിലനില്‍ക്കുന്ന എല്ലായിടത്തും പിന്തുടരുന്ന ഒന്നാണ് ആശ്രിത നിയമനം. (“ റാംജീവ് റാവ് സ്പീക്കിംഗ് “ എന്ന മലയാള സിനിമയില്‍ റാണിയും ബാലകൃഷ്ണനും ഏറ്റ് മുട്ടുന്നത് പ്രണയിക്കുന്നതുമെല്ലാം ആശ്രിത നിയമനത്തിന്റെ പശ്ചാത്തലത്തിലാണ്).

ഏതൊരു സ്ഥിരം തൊഴില്‍ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളിയെ സംബന്ധിച്ച് . ജീവിതം നിവര്‍ന്ന് നില്‍ക്കുന്നതും മുമ്പോട്ട് പോകുന്നതും അയാളുടെ തൊഴിലി‍ല്‍ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ്. അങ്ങനെയുള്ള ഒരു തൊഴിലാളി അകാലത്തില്‍ മരണപ്പെടുമ്പോള്‍ അയാളുടെ കുടുംബം ജീവിതം മുന്നോട്ട് കൊണ്ട് പോകാനാവതെ അനാഥമാക്കപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതന് ഒരാള്‍ക്ക് ജോലി നല്‍കി ആ കുടുംബത്തെ സംരക്ഷിക്കുക എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്വമായി അംഗീകരിച്ച് ലോകമാകെ പിന്തുടര്‍ന്ന് പോരുന്നത്. അതായത് ആശ്രിത നിയമനം അങ്ങ് സിലിക്കണ്‍വാലി മുതല്‍ ഇങ്ങ് സൈലന്റ് വാലി വരെ എല്ലായിടത്തുമുണ്ടെന്ന് സാരം.

ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീ കോടതി അതിന്റെ സുപ്രധാനമായ വിധി പ്രസ്ഥാവങ്ങള്‍ കൊണ്ട് പലവട്ടം ആശ്രിത നിയമന വ്യവസ്ഥയെ അംഗീകരിച്ചിട്ടുള്ളതാണ്. സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ ആകെ ഒഴിവുകളുടെ 5 ശതമാനം ആണ് ആശ്രിത നിയമനത്തിനായി നിജപ്പെടുത്തിയിരിക്കുന്നത്. 5,25,000ത്തോളം സിവില്‍ സര്‍വ്വീസ് തസ്തികയില്‍ പ്രതിവര്‍ഷം 5 ശതമാനം തസ്തികകളാണ് ഒഴിവ് വരുന്നത്. (റിട്ടയര്‍മെന്റുും മരണവും ഉള്‍പ്പെടെ ശരാശരി 26250). നോക്കു കഴിഞ്ഞ നാല് വര്‍ഷവും കേരളത്തില്‍ ശരാശരി 33250 പേര്‍ക്ക് വീതം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം ലഭിച്ചിട്ടുണ്ട്. അതും ഓഫീസ് അറ്റന്‍ഡന്റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെ വൈവിദ്ധ്യമാര്‍ന്ന തസ്തകകളില്‍. അതേ സമയം ആശ്രിത നിയമനം ലഭിച്ചിട്ടുണ്ടാവുക കേവലം ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ അര ശതമാനം വരുന്ന 1312 ൽ താഴെ മാത്രമാണ്. അതായത് 5.25 ലക്ഷം ജീവനക്കാരില്‍ 0.25ശതമാനത്തില്‍ താഴെ മാത്രമേ സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ മരണപ്പെടുന്നുള്ളു.

ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധിപ്രകാരം ഒരു തൊഴിലാളിയുടെ മരണം മൂലം ആശ്രയം അറ്റ് പോകുന്ന കുടുംബത്തിന് ജീവിതം മുമ്പോട്ട് കൊണ്ട് പോകേണ്ട അനുകമ്പാര്‍ദ്ര സാഹചര്യത്തില്‍ ആണ് ആശ്രിത നിയമനം നല്‍കുന്നത്.നിശ്ചിത വരുമാന പരിധിയില്‍ കൂടുതല്‍ വരുമാനം മരണപ്പെട്ട ജീവനക്കാരന്റെകുടുംബത്തിനുണ്ടെങ്കില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയില്ല.സിവില്‍ സര്‍വ്വീസില്‍ ആശ്രിത നിയമനം എന്‍ട്രി കേഡറില്‍ മാത്രമായിരിക്കണം (പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അതത് യോഗ്യത ആവശ്യമായ തസ്തികയുടെ എന്‍ട്രി കേഡറില്‍ പരിഗണിക്കാം). 99 ശതമാനം പേരും ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലാണ് സര്‍വ്വീസില്‍ വരുന്നത്.

ആശ്രിത നിയമനത്തെ പിന്‍ വാതില്‍ നിയമനമെന്നും നിയമനം ലഭിച്ചവരെ വഞ്ചകരെന്നുമാണ് മനോരമ വിശേഷിപ്പിച്ചത്. അതു കൊണ്ടും അരിശം തീരാഞ്ഞ് പാവപ്പെട്ട പാര്‍ട്ട് ടൈം ജീവനക്കാരെയും ആക്ഷേപിച്ചു . ഫുള്‍ ടൈം ആയി പ്രമോഷന്‍ വേണ്ടെന്നു വെച്ച് 70 വയസ്സു വരെ തുടരുന്നത് മഹാ അപരാധമായാണ് പറയുന്നത്. അല്‍പമെങ്കിലും ദയ കാണിക്കാമായിരുന്നു. നസ്രേത്തില്‍ നിന്ന്‍ നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. വിധവകള്‍,അവിവാഹിതര്‍, വികലാംഗര്‍തുടങ്ങിയവരും പരമദരിദ്രരും വേറെ ഗതിയില്ലാത്തതിനാലാണ്പ്രതിമാസം 12,000 രൂപക്ക് ഓഫീസ് തൂത്ത് തുടച്ച് വൃത്തിയാക്കുന്ന പണിക്ക് വരുന്നത്. വലിയ റബ്ബര്‍ – മാധ്യമ മുതലാളിമാര്‍ക്ക് അവരോട് പരമ പുച്ഛമായിരിക്കും.

മരണം ദു:ഖകരമാണ്. നിരാലംബർക്ക് അത് താങ്ങാവുന്നതിനുമപ്പുറവും . ഇനിയെന്തെന്ന വലിയ ചോദ്യത്തിനുള്ള ആശ്വാസമാണ് ആശ്രിത നിയമനം.ഇന്ന്‍ റാങ്ക് ലിസ്റ്റിലുള്ള ആള്‍ സര്‍വ്വീസില്‍ കയറിയാല്‍ അയാള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതു വേണ്ടെന്നു വെക്കുമോ? രാഷ്ട്രിയം തലക്കുപിടിച്ച ഇത്തരം നീച പരാമര്‍ശത്തിന് ലക്ഷ്യം വേറെയാണ്.ഇന്ത്യയുടെ ആകെ സ്ഥിതിയില്‍ ഇന്ന് ഇത്തരമൊരു വിവാദത്തിന് പ്രസക്തിയില്ല. കാരണം കേന്ദ്ര സര്‍ക്കാരിലെ ലക്ഷക്കണക്കിന് തസ്തികകള്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു. അവിടെ ആശ്രിത നിയമനവുമില്ല. അര്‍ഹതാ നിയമനവുമില്ല. ആര്‍ക്കും പരാതിയുമില്ല. മാധ്യമങ്ങളില്‍ ചർച്ച പോയിട്ട് വാര്‍ത്തപോലുമില്ല.

1991 ല്‍ 20 ലക്ഷം തസ്തികകള്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ റെയില്‍ വേയില്‍ ഇപ്പോ 8.5 ലക്ഷം ജീവനക്കാരേ ഉള്ളു. 12 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. ഒരു നിയമനവും നടക്കുന്നില്ല. റെയില്‍ വേ റിക്രൂട്ട്മെന്റ് ബോര്‍ഡേ പിരിച്ചു വിട്ടു.യു.പി.എസ്.സി യും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും നോക്കുകുത്തിയായി. ഉന്നത തസ്തികയില്‍ പോലും കേന്ദ്ര സര്‍ക്കാര്‍, കോര്‍പ്പറേറ്റുകളുടെ ആശ്രിതരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. അതിനെതിരെ രാജ്യത്ത് ഒരു പ്രതിഷേധവും ഉയരുന്നില്ല.ഇവരുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകാന്‍ കഥകളും വ്യാജകണക്കുകളും കൊണ്ട് കൊടുത്ത് തിരശീലയ്ക്കു പിന്നിലിരുന്ന് വിവാദമാസ്വദിക്കുന്ന പ്രതിപക്ഷാനുകൂല സര്‍വ്വീസ് സംഘടനകള്‍ ആശ്രിത നിയമനത്തില്‍ നിലപാട് വ്യക്തമാക്കുമോ?